കൊൽക്കത്തയിലെ പ്രശസ്തമായ ഹൽദിറാംസ് റസ്റ്റോറന്റ് അടച്ചുപൂട്ടി; അടുക്കളയിൽ പാറ്റകളും ഈച്ചയും പെരുകിയ നിലയിൽ
text_fieldsകൊൽക്കത്ത: വിഐപി റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹൽദിറാംസ് റെസ്റ്റോറന്റ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റെയ്ഡിനെ തുടർന്ന് അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യങ്ങളും ഗുരുതരമായ ശുചിത്വ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ കർശന നടപടി സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രശസ്തമായ ലാൻഡ്മാർക്കിൽ നടന്ന പരിശോധന വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ സൂക്ഷിച്ചിരുന്ന തട്ടുകളുടെ കോണുകളിലും മേശകൾക്കടിയിലുമായി ഈച്ചകളെയും പാറ്റകളെയും കണ്ടെത്തുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം പലഹാരങ്ങൾ വിൽക്കുന്ന സമീപത്തെ ഹൽദിറാംസ് റീട്ടെയിൽ ഔട്ട്ലെറ്റ് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നതാണെന്ന് അധികൃതർ കണ്ടെത്തി.
വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വലിയ രീതിയിലുള്ള ജനക്കൂട്ടം എത്തുന്ന സ്ഥാപനമാണിത്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി റെസ്റ്റോറന്റിലെ ജീവനക്കാരോട് ഉടനടി തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. തുറന്നു പ്രവർത്തിച്ചുകൊണ്ട് കീടനാശിനി പ്രയോഗങ്ങളോ അണുനശീകരണ പ്രവർത്തനങ്ങളോ നടത്താൻ സാധിക്കാത്തതിനാൽ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രണ്ട് ദിവസത്തേക്ക് റെസ്റ്റോറന്റ് സ്വമേധയാ അടച്ചിടാൻ ഉടമകൾ തയാറാകുകയായിരുന്നു.
കൂടാതെ ദിവസവും പലതരം പലഹാരങ്ങൾ വറുത്തെടുക്കുന്ന എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പ്രത്യേക യന്ത്രങ്ങൾ സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. വൃത്തിയാക്കൽ ജോലികൾ പൂർത്തിയാക്കിയ ശേഷം റെസ്റ്റോറന്റ് ഉടമകൾ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കും. തുടർന്ന് ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തി ബോധ്യപ്പെട്ടതിന് ശേഷം മാത്രമെ റെസ്റ്റോറന്റിന് വീണ്ടും പ്രവർത്തനാനുമതി നൽകുകയുള്ളൂ.
കൊൽക്കത്തയിലെ സാൾട്ട് ലേക്ക്, ന്യൂ ടൗൺ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധനകളാണ് നടത്തിവരുന്നത്. സാൾട്ട് ലേക്കിലെ ഒരു പ്രശസ്തമായ ധാബയിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ പൂപ്പൽ ബാടിച്ചതടക്കം പഴകിയ മാംസം കണ്ടെത്തിയതിനെ തുടർന്ന് അതും പൂട്ടിയിരുന്നു. നഗരത്തിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമാനമായ രീതിയിൽ നിരവധി റെസ്റ്റോറന്റുകൾക്കെതിരെയാണ് കഴിഞ്ഞ മാസങ്ങളിലും കർശന നടപടികൾ ഉണ്ടായിട്ടുള്ളത്.

