വിലയേറി ചിപ്സും ശർക്കരവരട്ടിയും
text_fieldsഎറണാകുളം പുല്ലേപ്പടിയിലെ വറവുകടയിൽ കായ വറക്കുന്നു
കൊച്ചി: അത്തം എത്തിയതോടെ മറ്റൊരു ഓണക്കാലത്തിന് ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. അത്തച്ചമയവും പുലികളിയും പൂക്കളവും സദ്യയും എല്ലാമായി ആഘോഷത്തിന്റെ നാളുകളാണ് ഇനി മലയാളികൾക്ക്. ഓണക്കാലത്ത് എല്ലാ വീടുകളിലും നിർബന്ധമായും ഉണ്ടാകുന്ന രണ്ട് വിഭവങ്ങളുണ്ട് -കായവറുത്തതും (ചിപ്സ്) ശർക്കരവരട്ടിയും. ഓണസദ്യയിൽ കറികൾക്കും പായസത്തിനുമുള്ള പ്രാധാന്യം ഇവക്കുമുണ്ട്.
അത്തം മുതൽ തിരുവോണദിനംവരെ ഇവയാണ് വീടുകളിൽ നിറഞ്ഞ് നിൽക്കുക. എന്നാൽ, പതിവുപോലെ തന്നെ ഓണസീസൺ ആയതോടെ ചിപ്സിനും ശർക്കരവരട്ടിക്കും വിലയേറിയിരിക്കുകയാണ്. സാധാരണ നേന്ത്രക്കായ വിലയിലെ വർധനയാണ് ചിപ്സ് വിപണിയിലെ വില്ലനായി വന്നിരുന്നതെങ്കിൽ ഇത്തവണ വില്ലൻ എണ്ണ വിലയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചിപ്സിനും ശർക്കരവരട്ടിക്കും കാര്യമായ വിലവർധനയുണ്ട്.
കഴിഞ്ഞ വർഷം ഏകദേശം 440 രൂപ വരെയേ കായവറുത്തതിന് വില വന്നിരുന്നുള്ളൂ. എന്നാൽ, ഇത്തവണ ചിപ്സ് കിലോക്ക് 560 രൂപയാണ് വില. ശർക്കരവരട്ടിക്ക് കിലോ 520 രൂപയുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം നൂറുശതമാനത്തിന്റെ വർധന എണ്ണ വിലയ്ക്കുണ്ടായി എന്നതാണ് വിലവർധനക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
വിലകുറഞ്ഞ സൺഫ്ലവർ ഓയിൽ തുടങ്ങിയവയിൽ വറുക്കുന്നവ വിപണിയിൽ ഉണ്ടെങ്കിലും വെളിച്ചെണ്ണയിൽ വറുത്ത ചിപ്സിന് തന്നെയാണ് ആവശ്യക്കാർ ഏറെ. അതുകൊണ്ട് വിലവർധന കച്ചവടത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
നിലവിൽ അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലേക്ക് ചിപ്സും ശർക്കരവരട്ടിയും പ്രീബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. വില എത്രവർധിച്ചാലും ഒഴിവാക്കാനാകാത്ത വിഭവം ആയതിനാൽ ആവശ്യക്കാർക്ക് ഒരു കുറവും നഗരത്തിലെ കടകളിൽ അനുഭവപ്പെടുന്നില്ല. എന്നാൽ, ബൾക്ക് ഓർഡറുകളെ വിലവർധന ബാധിക്കാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ കരുതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.