പുലാവും സാമ്പാറും ഔട്ട്; ശബരിമലയിൽ ഇനി സദ്യ
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അന്നദാനത്തിന് വിഭവസമൃദ്ധമായ സദ്യ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍. പായസവും പപ്പടവും അച്ചാറും സഹിതമുള്ള സദ്യയാണ് നല്‍കുക. ഇപ്പോള്‍ നല്‍കുന്ന പുലാവും സാമ്പാറും ഇനിയുണ്ടാകില്ല. ഭക്തർ നൽകുന്ന കാശുകൊണ്ടാണ് അന്നദാനം നടത്തുന്നത്.
ആ കാശ് നല്ല രീതിയിൽ വിനിയോഗിക്കണം. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്താനും മെനുവിൽ മാറ്റം വരുത്താനും തീരുമാനിച്ചതായും ജയകുമാര്‍ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ ഔദ്യോഗിക ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വികസനം ഉറപ്പാക്കാനായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കും. ഡിസംബര്‍ 18ന് ദേവസ്വം ബോര്‍ഡും മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി അംഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും. ഡിസംബർ 26ന് മാസ്റ്റര്‍ പ്ലാന്‍ ഹൈപ്പവര്‍ കമ്മിറ്റി ചേരും. അടുത്ത മണ്ഡലകാല സീസണിനുള്ള ഒരുക്കം ഫെബ്രുവരി ഒന്നിനു തന്നെ ആരംഭിക്കാനാണ് ശ്രമം.
നിലവിൽ ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണ്. ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പൊലീസും ദേവസ്വവും തമ്മിലെ ഏകീകരണം മെച്ചപ്പെട്ടെന്നും എരുമേലിയിൽ കൂടി സ്പോട്ട് ബുക്കിങ് ഏർപ്പെടുത്താൻ തീരുമാനിച്ചതായും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

