ഏറ്റവും മികച്ച ഡെസേർട്ടുകളിൽ ഒന്നാമനായി കുൽഫി
text_fieldsകുൽഫി
തണുപ്പിച്ച ഡെസേർട്ടുകളെന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. ഇപ്പോഴിതാ ലോകത്തെ ഏറ്റവും മികച്ച ഡെസേർട്ടുകളുടെ പട്ടികയിൽ ഇടംനേടിയിരിക്കുകയാണ് നമ്മുടെ കുൽഫിയും. ലോകത്തിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഓൺലൈൻ മാഗസിനായ ‘ടേസ്റ്റ് അറ്റ്ലസ്’ ആണ് പട്ടിക പുറത്തിറക്കിയത്. ഇതിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യൻ ഡെസേർട്ടായ കുൽഫി ഇടം നേടിയത്. ഐസ്ക്രീമുകളെ വെല്ലുന്ന കുൽഫി ഇന്ത്യൻ ബാല്യങ്ങളുടെ നാവിൽ കൊതിയൂറിക്കുന്ന രുചിക്കൂട്ടാണ്.
പേർഷ്യൻ പദമായ ഖുൽഫിയിൽ നിന്നാണ് കുൽഫി എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് പ്രശസ്ത ഷെഫ് അനന്യ ബാനർജി പറയുന്നു. ‘മൂടിയ കപ്പ്’ എന്നാണ് ഈ വാക്കിന്റെ അർഥം. ഇന്ന്, മഡ്കകൾ, കോണുകൾ, ബൗളുകൾ... എന്തിന് ഇലകളിൽ പോലും കുൽഫി കിട്ടും. കാലം പോകവെ, കുൽഫികളിൽ വൈവിധ്യവുമുണ്ടായി. മാമ്പഴം, പിസ്ത-ബദാം, മലായ് (ക്രീം), ചോക്ലേറ്റ്, റോസ് തുടങ്ങിയ രുചികളിൽ ഇന്ന് കുൽഫി ലഭ്യമാണ്.
16-ാം നൂറ്റാണ്ടിലെ മുഗൾ കാലഘട്ടത്തിലാണ് കുൽഫി ആരംഭിച്ചതെന്ന് ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള ഡബിൾട്രീ ബൈ ഹിൽട്ടണിലെ എക്സിക്യൂട്ടിവ് ഷെഫ് തമോഘ്ന ചക്രവർത്തി പറയുന്നു. രാജകീയ അടുക്കളകളിൽ കട്ടിയുള്ള പാൽ, ഉണങ്ങിയ പഴങ്ങൾ, കുങ്കുമപ്പൂവ് എന്നിവയുടെ മിശ്രിതം ലോഹ കോണുകളിൽ തണുപ്പിച്ചെടുക്കും. പിന്നീട്, ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന ഐസിൽ മുക്കിവെക്കും. ഇത് കോൾഡ് സ്റ്റോറേജിന്റെ ആദ്യകാല പതിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ ഐസ്ക്രീമുകളെപ്പോലെ കുൽഫി കടഞ്ഞെടുക്കാറില്ല. പാൽ കുറുക്കിയെടുത്ത് മധുരവും മറ്റും ചേർത്തുണ്ടാക്കുന്ന ഈ വിഭവം നാവിൽ അലിഞ്ഞിറങ്ങുമ്പോഴുണ്ടാകുന്ന അനുഭൂതി ഒന്നുവേറെ തന്നെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.