അഗ്രഹാരങ്ങളിലെ രുചിവൈവിധ്യത്തെ പരിചയപ്പെടാൻ ‘പാലക്കാടൻ പലെറ്റ്’
text_fields1)കെ.എസ്. ജയലക്ഷ്മി രാമദാസൻ 2) പാലക്കാടൻ പലെറ്റ്’ കവർപേജ്
പാലക്കാട്: പാലക്കാടൻ അഗ്രഹാരങ്ങളിലെ രുചിവൈവിധ്യങ്ങൾ എട്ട് പതിറ്റാണ്ടിലധികമുള്ള ജീവിതാനുഭവങ്ങളിലൂടെ പകർത്തിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിനി കെ.എസ്. ജയലക്ഷ്മി രാമദാസൻ തന്റെ ‘പാലക്കാടൻ പലെറ്റ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ. ഡൽഹിയിൽ താമസമാക്കിയ കെ.എസ്. ജയലക്ഷ്മി താൻ ജനിച്ചുവളർന്ന കൽപ്പാത്തിയുടെ രുചിക്കൂട്ടുകളുടെ വിശദകുറിപ്പുകളാണ് 200 പേജുള്ള പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
പുസ്തകത്തിൽ 39 തരം സാമ്പാറും കൂട്ടാനും 11 തരം പൊടോത്തുവാളും അഞ്ച് തരം രസങ്ങളും 16 തരം പച്ചടികളും 15 അരി-തയാറാക്കലുകൾ 14 തരം പായസങ്ങൾ 13 മധുര പലഹാരങ്ങൾ 31 തരം ലഘുഭക്ഷണങ്ങൾ -ഉപ്പും മധുരവും 14 തരം വടം-വത്തലുകൾ 10 തരം പൊടികൾ, 27 തരം അച്ചാറുകൾ-ചട്ണികൾ എന്നിവ വിവരിച്ചിട്ടുണ്ട്.
ചേരുവകളും തയാറാക്കുന്ന രീതികളും വിശദീകരിച്ചിരിക്കുന്നു. വിവിധ ചടങ്ങുകൾക്കും ഉത്സവ അവസരങ്ങൾക്കും എങ്ങനെ തയാറെടുക്കാമെന്ന് ഇതിൽ നന്നായി വിവരിച്ചിട്ടുണ്ട്. വർഷങ്ങളായി താൻ പഠിച്ചതും സൃഷ്ടിച്ചതുമായ പാചകക്കുറിപ്പുകളുടെ എല്ലാ വിശദാംശങ്ങളും രചയിതാവ് പങ്കുവെക്കുന്നു. ‘‘റെയിൽവേ ഉദ്യോഗസ്ഥനായ കെ.ജി. സുബ്രഹ്മണ്യന്റെയും എ.വി. മീനാക്ഷി അമ്മാളിന്റെയും പത്തുപേരിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു ഞാൻ. അതിനാൽ എനിക്ക് എന്റെ ഇളയ സഹോദരന്മാരെയും സഹോദരിമാരെയും നോക്കേണ്ടി വന്നു. ചെറുപ്പം മുതലേ അടുക്കളയിൽ അമ്മയെ സഹായിക്കാൻ ഞാൻ മുന്നിട്ടിറങ്ങി, അങ്ങനെയാണ് പാചകത്തോടുള്ള എന്റെ അഭിനിവേശം വളർന്നത്.
എല്ലാ ദിവസവും എന്റെ കുടുംബത്തിന് ഭക്ഷണം തയാറാക്കുമായിരുന്നു. ഞാൻ തയാറാക്കിയ ഭക്ഷണം കഴിച്ചശേഷം കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മുഖത്ത് വിടരുന്ന സംതൃപ്തിയും സന്തോഷവുമായിരുന്നു എന്റെ പ്രചോദനം. കാര്യങ്ങൾ എങ്ങനെ മാറുമെന്ന് കാണാൻ ഞാൻ നിരന്തരം വിവിധ പാചകക്കുറിപ്പുകൾ പരീക്ഷിക്കുമായിരുന്നു ’’ -ജയലക്ഷ്മി പറയുന്നു. പേജ് നമ്പർ ഇല്ല എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത. പക്ഷേ, ഓരോ ഇനവും എളുപ്പം പരാമർശിക്കാൻ കഴിയുന്നവയാണ്. വളരെ ലളിതവും മനസ്സിലാക്കാവുന്നതുമായ വാക്കുകളിലും ആകർഷകമായ ലേഔട്ടിലും വിഭവങ്ങളുടെ ഫോട്ടോകളുമുണ്ട്. പേരമകൾ കാവ്യയാണ് പുസ്തകം എഡിറ്റ് ചെയ്തിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.