ഒരുങ്ങുന്നു, ഓണത്തിന് നാടൻ മധുരം
text_fieldsവള്ളിക്കോട് മായാലിലെ ശർക്കര നിർമാണ യൂനിറ്റ്
പത്തനംതിട്ട: ഓണത്തിന് മധുരം പകരാൻ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നാടൻ ശർക്കര ഒരുങ്ങുന്നു. ഒരുകാലത്ത് ജില്ലയിൽ കരിമ്പ് കൃഷി വ്യാപകമായിരുന്നെങ്കിലും പിന്നീട് നിലച്ചു. അച്ചന്കോവിലാറിന്റെയും മണിമലയാറിന്റെയും തീരത്ത് നിറഞ്ഞിരുന്ന കരിമ്പ് ഓർമയുമായി. ഇപ്പോൾ ജില്ലയിൽ വള്ളിക്കോട്, പന്തളം, തിരുവല്ല ഭാഗങ്ങളിൽ മാത്രമാണ് പ്രധാനമായും ശർക്കര ഉൽപാദനമുള്ളത്.
ഇതിൽ ഏറ്റവും രുചിയേറിയതെന്ന് വിശേഷണമുള്ള വള്ളിക്കോട് ശർക്കരയുടെ ഉദ്പാദനം ഓണം ലക്ഷ്യമിട്ട് പുരോഗമിക്കുകയാണ്. വള്ളിക്കോട് പഞ്ചായത്തിലെ മായാലിൽ, വള്ളിക്കോട്, വാഴമുട്ടം, നരിയാപുരം ഭാഗങ്ങളിലാണ് കരിമ്പുകൃഷിയുള്ളത്. ഇവ ഉപയോഗിച്ച് വള്ളിക്കോട് കരിമ്പ് ഉത്പാദകസംഘത്തിന്റെ മായാലിൽ പ്രവർത്തിക്കുന്ന കരിമ്പ് സംസ്കരണ യൂനിറ്റിലും തൃക്കോവിൽ ക്ഷേത്രത്തിന് സമീപത്തുമാണ് ശർക്കര ഉൽപാദനം.
180 രൂപക്കാണ് പതിയൻ ശർക്കര വിൽക്കുന്നതെന്ന് കർഷകനായ വള്ളിക്കോട് കൃഷ്ണ വിലാസത്തിൽ ശരത് സന്തോഷ് പറഞ്ഞു. ഇത്തവണ നാലേക്കറോളം സ്ഥലത്തായിരുന്നു ശരത് കരിമ്പ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷം 6000 കിലോയോളം ശർക്കര വിൽപന നടത്തിയിരുന്നെങ്കിലും ഇത്തവണ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതായി അദ്ദേഹം പറയുന്നു. പന്നിശല്യം കാരണം വലിയ തോതിൽ കൃഷി നശിച്ചു. ഒപ്പം തുടർച്ചയായി പെയ്യുന്ന മഴയും ശർക്കര ഉൽപാദത്തിന് തടസ്സമാണ്. കരിമ്പുനീര് എടുത്തശേഷമുള്ള ചണ്ടിയാണ് തീ കത്തിക്കാനായി ഉപയോഗിക്കുന്നത്. മഴ കാരണം കരിമ്പിൻ ചണ്ടി നന്നായി ഉണക്കിയെടുക്കാൻ കഴിയുന്നില്ലെന്നും ശരത്ത് പറഞ്ഞു.
വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രത്തിന് സമീപം ശരത്തിന്റെ ഉടമസ്ഥതയിലുള്ള ചക്കിലാണ് ശർക്കര ഉൽപാദിപ്പിക്കുന്നത്.കൃഷിവകുപ്പിന്റെ അധീനതയിലുള്ള പന്തളം കടയ്ക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ പന്തളം ശർക്കരയും വിൽപനക്ക് തയാറായി. പതിയൻ ശർക്കരയാണ് ഇവിടെ തയാറാകുന്നത്. ഫില്ലിങ് മെഷിന്റെ സഹായത്തോടെ ശർക്കര പാക്കറ്റുകളിലാക്കിയാണ് വിൽപന. മായം ചേരാതെ ശുദ്ധമായി തയ്യാറാക്കിയ ശർക്കരയായതിനാൽ വിപണിയിൽ പ്രിയമേറെയാണ്. പതിയൻ ശർക്കര കടയ്ക്കാട് വിത്തുൽപാദന കേന്ദ്രത്തിലെ കൗണ്ടറിൽ കൂടി ലഭിക്കും. ഓണക്കാലത്ത് പതിയനും അല്ലാത്തപ്പോൾ ചുക്കുണ്ട, ഉണ്ട ശർക്കരയുമാണ് വിപണിയിലെത്തിക്കുന്നത്.
കുറ്റൂർ കൃഷിഭവനുകീഴിൽ വെൺപാലയിലും ശർക്കര ഉദ്പാദനമുണ്ട്. മണിമലയാറിന്റെ തീരങ്ങളിൽ അടിയുന്ന എക്കലിന്റെ വളക്കൂറിൽ വിളയുന്ന കരിമ്പാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിന് പ്രത്യേക മധുരമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവിടെ ഉദ്പാദിപ്പിക്കുന്ന പതിയൻ ശർക്കരക്ക് കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭൗമസൂചികയും ഭൂശാസ്ത്ര ഭൗമസൂചികയും സ്വന്തമാക്കിയിരുന്നു.
തിരിച്ചുവരവിലും തലപ്പൊക്കത്തിൽ വള്ളിക്കോടിന്റെ മധുരം
വള്ളിക്കോട്: മൂന്നുവർഷമായി ഓണനാളുകളിൽ വിപണിയിൽ നിറയുന്ന വള്ളിക്കോട് ശർക്കരക്ക് പറയാൻ തിരിച്ചുവരവിന്റെ മധുരകഥയും. 25 വർഷം മുമ്പ് വള്ളിക്കോട്ട്, താഴൂർകടവ്, വാഴമുട്ടം ഭാഗങ്ങളിൽ അച്ചൻകോവിൽ നദിയുടെ തീരത്ത് കരിമ്പിൻ പാടങ്ങൾ സാധാരണ കാഴ്ചയായിരുന്നു. അന്ന് ഗ്രാമവാസികളുടെ പ്രധാന വരുമാന മാർഗ്ഗവും കരിമ്പ് കൃഷിയായിരുന്നു.
വള്ളിക്കോട് ഗ്രാമത്തിൽ നിരവധി ശർക്കര സംസ്കരണ യൂനിറ്റുകളുമുണ്ടായിരുന്നു. ഇവിടങ്ങളിൽ ഉദ്പാദിപ്പിക്കുന്ന ശർക്കരക്ക് ആവശ്യക്കാരും ഏറെയായിരുന്നു. ശുദ്ധതയും മധുരവും വള്ളിക്കോട് ശർക്കരയെ വേറിട്ടുനിർത്തി. സ്വർണ്ണ തവിട്ടുനിറവും ആകർഷകമായിരുന്നു. എന്നാൽ, വലിയതോതിൽ വിലയിടിഞ്ഞതോടെ കർഷകർ കരിമ്പിനെ കൈവിട്ട് റബറിലേക്ക് മാറി. ഇതോടെ വള്ളിക്കോട് ശർക്കര ഇല്ലാതായി.
അഞ്ചുവർഷം മുമ്പ് വള്ളിക്കോടിന്റെ മധുരത്തെ തിരിച്ചുപിടിക്കാൻ കർഷകരും കൃഷിഭവനും ചേർന്ന് രംഗത്തിറങ്ങുകയും വീണ്ടും ഉദ്പാദനം ആരംഭിക്കുകയായിരുന്നു. പന്തളം കൃഷിഫാമിൽനിന്ന് എത്തിച്ച മാധുരി, മധുരിമ ഇനത്തിൽപ്പെട്ട തലക്കവും മറയൂർ കരിമ്പ് ഉദ്പാദകസംഘത്തിലെ സി.എ 86032 ഇനം തലക്കവുമാണ് വള്ളിക്കോട് പഞ്ചായത്തിൽ കൃഷി ചെയ്തത്. വള്ളിക്കോട് കരിമ്പ് ഉദ്പാദകസംഘത്തിനും രൂപം നൽകി. ഇത്തവണ 10,000 കിലോ ശർക്കരയെങ്കിലും വിൽക്കാൻ കഴിയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.