Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_rightചെടികൾ നനക്കുമ്പോൾ...

ചെടികൾ നനക്കുമ്പോൾ വരുത്തുന്ന ഒമ്പത് തെറ്റുകൾ

text_fields
bookmark_border
ചെടികൾ നനക്കുമ്പോൾ വരുത്തുന്ന ഒമ്പത് തെറ്റുകൾ
cancel

ചെടികൾ നനക്കുക എന്നത് വളരെ നിസ്സാരമാണെന്നാണ് പൊതുവെയുള്ള ധാരണ. പക്ഷേ കൃത്യമായ പ്ലാൻ ഇല്ലാതെ വെള്ളം നൽകുന്നത് ചെടികളെ ദുർബലപ്പെടുത്തുകയും ചില​പ്പോൾ അവ നശിക്കാൻ കാരണമാവുകയും ​ചെയ്യും. ഓരോ ചെടികൾക്കും എപ്പോൾ, എത്ര തവണ,ഏത് വെള്ളം നൽകുന്നു എന്നത് അവയുടെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. ചെറിയ അശ്രദ്ധകൾ ഇലകൾ വാടാനും, വേരുകൾ അഴുകാനും, ഫംഗസ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും ചിലപ്പോൾ ചെടികൾ നശിച്ചുപോകാനും വരെ കാരണമാകും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പൂന്തോട്ടപരിപാലന വിദഗ്ധർ നൽകിയ നിർദേശങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ ചെടികളെ സംരക്ഷിക്കാം. ചെടികൾ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

1: അമിതമായി വെള്ളമൊഴിക്കുന്നത്

ചെടികൾക്ക് വെള്ളം ഒഴിക്കുമ്പോൾ സാധാരണയായി സംഭവിക്കുന്ന ഒരു തെറ്റാണ് അമിതമായി വെള്ളം ഒഴിക്കുന്നത്. ഇത് ചെടിയുടെ വേരുകളിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്തുന്നത് തടയുകയും, വേരുകൾ അഴുകിപ്പോകാനും മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ഇത് പതുക്കെ ചെടിയെ നശിപ്പിക്കും. ഇലകൾ മഞ്ഞളിക്കുകയോ, വെള്ളം ഒഴിച്ചതിന് ശേഷവും ചട്ടിക്ക് ഭാരം തോന്നുകയോ ചെയ്താൽ അത് ഒരു അപകട സൂചനയാണ്. വേരുകളെ മുക്കിക്കളയാതെ അവർക്ക് വേണ്ടത് നൽകുക എന്നതാണ് പ്രധാനം.

2: ആവശ്യത്തിന് വെള്ളം നൽകാത്തത്

ചെടികൾക്ക് ആവശ്യത്തിന് വെള്ളം നൽകാത്തതും പ്രശ്നങ്ങളുണ്ടാക്കും. വെള്ളം കുറവാണെങ്കിൽ വേരുകൾ ഉണങ്ങിപ്പോവുകയും കോശങ്ങൾ ചുരുങ്ങി നശിക്കുകയും ചെയ്യും. ജലലഭ്യത കുറയുമ്പോൾ ചെടികൾ തങ്ങളുടെ സ്റ്റോമാറ്റ അടച്ചുപിടിക്കുകയും, ഇത് പ്രകാശസംശ്ലേഷണം തടയുകയും ചെയ്യും. ഇത് ചെടികളുടെ വളർച്ച മുരടിപ്പിക്കും. ഇതിന്റെ ഫലമായി ചെടികൾ ഉണങ്ങുകയും ഇലകൾ കരിഞ്ഞുപോവുകയും വളർച്ച മുരടിക്കുകയും ചെയ്യും.

3: രാത്രിയിൽ നനക്കുന്നത്

വൈകുന്നേരങ്ങളിൽ വെള്ളം നനക്കുന്നത് പകൽ ചൂടിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുമെങ്കിലും ഇത് ചെടികൾക്ക് നല്ലതല്ല. നിങ്ങൾ വൈകിയാണ് നനക്കുന്നതെങ്കിൽ ഇലകൾ രാത്രി മുഴുവൻ നനഞ്ഞിരിക്കും. ഇത് ഫംഗസ് രോഗങ്ങളായ പൗഡറി മിൽഡ്യൂ, ലീഫ് സ്പോട്ട് എന്നിവക്ക് അനുകൂലമായ സാഹചര്യം ഒരുക്കും. ഇനി വൈകുന്നേരമാണ് നിങ്ങൾക്ക് നനക്കാൻ സാധിക്കുന്നതെങ്കിൽ രാത്രിയാകുന്നതിന് മുൻപ് ഇലകൾക്ക് ഉണങ്ങാൻ സമയം ലഭിക്കുന്ന രീതിയിൽ ​വേണം നനക്കാൻ.

4: ഉച്ചക്ക് നനക്കുന്നത്

പകൽ സമയത്ത് പ്രത്യേകിച്ച് ചെടികൾ വാടി നിൽക്കുമ്പോൾ വെള്ളം നനക്കുന്നത് ശരിയായ കാര്യമായി തോന്നാം. പക്ഷേ, ഇങ്ങനെ ചെയ്യുമ്പോൾ കടുത്ത സൂര്യപ്രകാശവും ചൂടും കാരണം വെള്ളം പെട്ടന്ന് ബാഷ്പീകരിക്കപ്പെടുകയും വളരെ കുറഞ്ഞ വെള്ളം മാത്രം വേരുകളിലേക്ക് എത്തുകയും ചെയ്യുള്ളൂ. ഇതിനു പകരം രാവിലെ നേരത്തെ തന്നെ നനക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ ചെടികൾക്ക് പകൽ ചൂടിന് മുൻപ് നന്നായി വെള്ളം കുടിക്കാനും ഇലകൾ ഉണങ്ങിപ്പോകാനും സമയം ലഭിക്കും.

5: പൂക്കളും ഇലകളും നനക്കുന്നത്

പൂക്കളിലും ഇലകളിലും വെള്ളം വീഴാതെ നോക്കുക. ഇത് ബുദ്ധിമുട്ടാണെങ്കിലും പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ഇലകളിലും പൂക്കളിലും ദീർഘനേരം ഈർപ്പം തങ്ങിനിൽക്കുന്നത് ഫംഗസ്, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കും. നനഞ്ഞ ഇതളുകളുള്ള പൂക്കൾ വേഗത്തിൽ വാടിപ്പോകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള ഒരു മാർഗം ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം സ്ഥാപിക്കുക എന്നതാണ്. ഇത് വെള്ളം വേരുകളിലേക്ക് നേരിട്ടെത്തിക്കും.

6: ആഴത്തിൽ നനക്കാത്തത്

ചെടികൾക്ക് വേഗത്തിൽ ചെറിയ നനവ് നൽകുന്നത് നല്ലതായി തോന്നും. എന്നാൽ ഈ രീതി വെള്ളവും സമയവും പാഴാക്കിക്കളയും. പകരം ആഴത്തിൽ നനക്കണം. ആഴത്തിൽ നനക്കാത്തത് ചെടികളുടെ വേരുകളെ ദോഷകരമായി ബാധിക്കും. ഇത് വേരുകൾ ആഴമില്ലാതെ വളരാൻ കാരണമാവുകയും നീണ്ട വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷി കുറക്കുകയും ചെയ്യും.

7: കഠിന ജലം ഉപയോഗിക്കുന്നത്

കഠിനമായ വെള്ളത്തിൽ കാത്സ്യം, മഗ്നീഷ്യം, ബൈകാർബണേറ്റുകൾ എന്നിവ കൂടുതലായി അടങ്ങിയിരിക്കും. ഇത് കാലക്രമേണ മണ്ണിന്റെ പി.എച്ച് വർധിപ്പിക്കുകയും വെളുത്ത ഉപ്പ് പാളികൾ ഉണ്ടാക്കുകയും ചെയ്യും. അസാലിയ, ബ്ലൂബെറി, ഓർക്കിഡ് തുടങ്ങിയ ചെടികൾക്ക് ഉയർന്ന പി.എച്ച് മൂലകങ്ങളോ ഉപ്പോ ദോഷകരമാണ്. ഇത് ഇലകൾ മഞ്ഞളിക്കാൻ കാരണമാകും. കഠിനമായ വെള്ളമാണ് നിങ്ങളുടെ ഏക മാർഗമെങ്കിൽ മഴവെള്ളം അല്ലെങ്കിൽ ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ചെടിച്ചട്ടികൾ കഴുകി മണ്ണിന്റെ പി.എച്ച് പുനഃസ്ഥാപിക്കാൻ ശ്രമിക്കണം. ഇത് ഒരു ചെറിയ രീതിയാണെങ്കിലും വലിയ മാറ്റം നൽകും.

8: ക്രമമല്ലാത്ത രീതിയിൽ നനക്കുന്നത്

കൃത്യമായ ഇടവേളകളിൽ നനക്കാൻ ശ്രമിക്കുക. ആദ്യ ആഴ്ച നന്നായി നനച്ചിട്ട് അടുത്ത ആഴ്ച തീരെ നനക്കാത്തത് പോലെ ക്രമമല്ലാത്ത രീതിയിലുള്ള നനക്കൽ ചെടികളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കും. ചില ചെടികൾ, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും ഈർപ്പത്തിലെ പെട്ടെന്നുള്ള മാറ്റം കാരണം പിളർന്നുപോയേക്കാം. മറ്റു ചിലത് പൂമൊട്ടുകൾ കൊഴിച്ചുകളയുകയോ പൂവിടുന്നത് പൂർണമായും നിർത്തുകയോ ചെയ്യും.

9: കണ്ടെയ്നർ ഡ്രെയിനേജ് ശ്രദ്ധിക്കാത്തത്

ചെടിച്ചട്ടികളിലെ ചെടികൾ നനക്കുമ്പോൾ നല്ല ശ്രദ്ധ വേണം. അധികമുള്ള വെള്ളം പുറത്തേക്ക് പോകാൻ ചട്ടിയുടെ അടിയിൽ ഡ്രെയിനേജ് ഹോൾ ഉണ്ടെന്ന് ഉറപ്പാക്കണം. ഹോൾ ഇല്ലാത്ത ചട്ടികളിൽ വേരുകൾ അഴുകാൻ കാരണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gardening tipsIndoor plantsgardeningMistakesPlantsWatering
News Summary - 9 Common Watering Mistakes That Could Kill Your Plants and How to Avoid Them
Next Story