ഭവനവായ്പയെ അറിയാം
text_fieldsചുരുക്കം ചിലരൊഴികെ വീടുവെക്കാനിറങ്ങുന്ന ഭൂരിപക്ഷത്തിനും ആവശ്യമായ പണം ഒറ്റയടിക്കുണ്ടാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഭാവിയില്‍ ഉണ്ടാകാവുന്ന വരുമാനംകൂടി മുന്‍കൂറായി നീക്കിവെച്ചേ ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ. ഇവിടെ ഏറെ നിര്‍ണായകമാകുന്നത് ധനകാര്യ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന ഭവന വായ്പകളാണ്. ഭൂമി വാങ്ങാന്‍ മുതല്‍
പണി തീര്‍ത്ത വീടിന് ഫര്‍ണിച്ചര്‍ വാങ്ങാന്‍ വരെ വായ്പകള്‍ ലഭിക്കുമെങ്കിലും ഇതെല്ലാം വാങ്ങിക്കൂട്ടും മുമ്പ് ആലോചിക്കേണ്ട ഒന്നുണ്ട്-വായ്പ തിരിച്ചടക്കാന്‍ തന്‍െറ പോക്കറ്റിന് ശേഷിയുണ്ടോ?
ഭവന വായ്പയുടെ ഗണത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വെച്ചുനീട്ടുന്നത് വിവിധതരം വായ്പകളാണ്. ഇവയില്‍ പ്രധാനപ്പെട്ടത് താഴെ:
വീട് വാങ്ങാന്‍: നിര്‍മാണം പൂര്‍ത്തിയായ വീട് വാങ്ങാന്‍ അനുവദിക്കുന്ന സാധാരണ ഗതിയിലുള്ള ഭവന വായ്പയാണിത്.
വീട് നിര്‍മാണത്തിന്: സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ഇഷ്ടപ്രകാരമുള്ള വീട് നിര്‍മിക്കാനുള്ള വായ്പ. മാനദണ്ഡങ്ങള്‍ അനുസരിച്ച് പാസാക്കുന്ന വായ്പ വീട് നിര്‍മാണത്തിന്‍െറ ഓരോ ഘട്ടത്തിലും അനുവദിക്കുന്നു.
ഭൂമി വാങ്ങാന്‍: സാധാരണ ഭവന വായ്പയുടെ ഗണത്തില്‍പെടുത്തി വീടുവെക്കാന്‍ ഭൂമി വാങ്ങാനായി ബാങ്കുകളും ഭവന വായ്പാ ധനകാര്യ സ്ഥാപനങ്ങളും വായ്പ അനുവദിക്കും. എന്നാല്‍, വായ്പ അനുവദിച്ച് മൂന്നുവര്‍ഷത്തിനകം വീട് നിര്‍മാണം ആരംഭിച്ചിരിക്കണം എന്നൊരു നിബന്ധനകൂടിയുണ്ടെന്ന് മാത്രം.
വീട് പുനരുദ്ധാരണത്തിന്: പഴയവീടിന്‍െറ പുനരുദ്ധാരണത്തിനും മോടിപിടിപ്പിക്കുന്നതിനും അനുവദിക്കുന്ന വായ്പയാണിത്.
വീടു വലുതാക്കാന്‍: പണം കാര്യമായി ഇല്ലാതിരുന്ന കാലത്ത് പണിത കൊച്ചു വീടിന് കൂടുതല്‍ മുറികളും മറ്റും കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണിത്.
വായ്പകള്‍ അനവധിയുണ്ടെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം ഓടിച്ചെന്നാല്‍ അവയുമായി പോരാം എന്ന് ധരിക്കരുത്. ഭവനവായ്പ ലഭിക്കണമെങ്കില്‍ അടിസ്ഥാനപരമായ ചില യോഗ്യതകള്‍ അപേക്ഷകന് ഉണ്ടായിരിക്കണം. ഇവ പൂര്‍ത്തീകരിച്ചാലും കര്‍ശന മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ അനുവദിക്കപ്പെടുക. അതുകൊണ്ട് ബാങ്കിന്‍െറ കൈയില്‍പണമുണ്ടെന്ന് കരുതിവീടു പണി തുടങ്ങരുത്.
ഭവന വായ്പക്കുള്ള അടിസ്ഥാന യോഗ്യത
l ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരനോ വിദേശ ഇന്ത്യക്കാരനോ ആയിരിക്കണം.
l ഭവന വായ്പ അനുവദിക്കുമ്പോള്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.
l വായ്പാ കാലാവധി തീരുമ്പോള്‍ 65 വയസ്സ് കവിയരുത്.
l മാസ ശമ്പളക്കാരനോ സ്വയം തൊഴില്‍ കണ്ടത്തെിയ ആളോ ആയിരിക്കണം.
വായ്പക്ക് പ്രധാനം
തിരിച്ചടവ് ശേഷി
ഭൂമി വാങ്ങാനോ വീടു വാങ്ങാനോ, വീടു പണിയാനോ ആകട്ടെ ഇതിനുവരുന്ന ചെലവ് മുഴുവന്‍ ധനകാര്യ സ്ഥാപനം നല്‍കുകയില്ല. ഭൂമിയോ വീടോ വാങ്ങാനാണെങ്കില്‍ വിലയുടെ 85 ശതമാനമാണ് പരമാവധി അനുവദിക്കുന്ന വായ്പ. സ്വന്തം ഭൂമിയില്‍ വീട് നിര്‍മിക്കാനാണെങ്കില്‍ എസ്റ്റിമേറ്റ് തുകയുടെ 80 മുതല്‍ 85 ശതമാനം വരെ ഘട്ടംഘട്ടമായി വായ്പ ലഭിക്കും.ഫ്ളാറ്റുകള്‍ വാങ്ങാനും ഇതേ മാനദണ്ഡമാണ്.
എന്നാല്‍, വസ്തു/വീട് എന്നിവയുടെ വിലയോ എസ്റ്റിമേറ്റ് തുകയോ അല്ല വായ്പ അനുവദിക്കുന്നതിനുള്ള യഥാര്‍ഥ മാനദണ്ഡം. ഇത് വായ്പ ലഭിക്കാവുന്ന പരമാവധി തുക മാത്രമാണ്. വായ്പ എടുക്കുന്നയാളുടെ തിരിച്ചടവ് ശേഷിയാണ് എത്ര വായ്പ അനുവദിക്കണം എന്ന കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ പ്രധാനമായും പരിഗണിക്കുക.
വരുമാന സ്ഥിരത, ആസ്തികള്‍, തൊഴില്‍ സ്ഥിരത, തൊഴില്‍ നഷ്ടപ്പെട്ടാലും വായ്പ തിരിച്ചടക്കാന്‍ കഴിയുമോ, അപേക്ഷകന്‍െറ മുന്‍കാല വായ്പാ തിരിച്ചടവ് ചരിത്രം തുടങ്ങിയ കാര്യങ്ങളും കാര്യമായി പരിഗണിക്കും.
ഇതിനുപുറമെ ഭൂമി, വരുമാനം എന്നിവ സംബന്ധിച്ച് നിരവധി രേഖകളും ഹാജരാക്കേണ്ടതുണ്ട്. ഇവ മനസ്സിലാക്കിയിരുന്നാല്‍ പലകുറി ബാങ്കില്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകും.
വായ്പാ വാഗ്ദാനവുമായി എത്തുന്ന എക്സിക്യൂട്ടീവിന്‍െറ മധുരം പൊതിഞ്ഞ വാക്കുകളില്‍ വീണ് എടുത്തുചാടാതെ വായ്പാ അപേക്ഷകന്‍ എന്ന നിലയില്‍ നിങ്ങളുടെ മേന്മകള്‍ ഉയര്‍ത്തിക്കാട്ടി മികച്ച വായ്പക്കായി വിലപേശാന്‍ കഴിയണം. കൃത്യമായി വായ്പ തിരിച്ചടക്കുകയെന്നതും പ്രധാനമാണ്. മാസ തവണകള്‍ മുടങ്ങിയാല്‍ പലിശയും പിഴപ്പലിശയും മറ്റും ചേര്‍ന്ന് ഭവന വായ്പ എടുത്താല്‍ പൊങ്ങാത്ത ഭാരമായി മാറും.
തിരിച്ചടവ് ശേഷി
കണക്കാക്കാം
സാധാരണഗതിയില്‍ നിങ്ങളുടെ വരുമാനത്തിന്‍െറ 40 ശതമാനം വരെ പ്രതിമാസ തിരിച്ചടവ് വരുന്ന വിധമേ വായ്പ അനുവദിക്കൂ. എല്ലാത്തരം വായ്പകളുടെയും തിരിച്ചടവ് ഒന്നിച്ച് കണക്കാക്കിയാണ് വായ്പാ പരിധി നിര്‍ണയിക്കപ്പെടുക.
ഉദാഹരണത്തിന് വായ്പയെടുക്കുന്നയാള്‍ക്ക് നിലവില്‍ വാഹന വായ്പ ഉണ്ടെന്ന് കരുതുക. വാഹന വായ്പയുടെ മാസ തിരിച്ചടവും ഭവന വായ്പയുടെ മാസ തിരിച്ചടവും ചേരുമ്പോള്‍ വരുമാനത്തിന്‍െറ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ല. പല ബാങ്കുകളും ഇത് 30 ശതമാനത്തില്‍ ഒതുക്കുകയാണ് പതിവ്.
ഇ.എം.ഐ നിര്‍ണയിക്കാന്‍ നിങ്ങളുടെ ആകെ വരുമാനമല്ല പരിഗണിക്കുക. നികുതികള്‍ ഉള്‍പ്പെടെയുള്ള കിഴിവുകള്‍ക്കുശേഷം കൈവശം ലഭിക്കുന്ന തുകയാണ്.
നിത്യജീവിത ചെലവ്, വാടകയുണ്ടെങ്കില്‍ അത്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, ഇന്‍ഷുറന്‍സ്, മറ്റ് അവശ്യ നിക്ഷേപങ്ങള്‍, ഇവക്കെല്ലാം പുറമെ ആശുപത്രി, ചികില്‍സ, യാത്രകള്‍, മറ്റ് അപ്രതീക്ഷിത ചെലവുകള്‍ എന്നിവക്കെല്ലാം തുക കണക്കാക്കി അത് മാസ വരുമാനത്തില്‍നിന്ന് കുറവ് ചെയ്താല്‍ ഭവനവായ്പക്കായി നീക്കിവെക്കാവുന്ന തുക നിഷ്പ്രയാസം കണ്ടത്തൊനാവും.
ഇ.എം.ഐ പ്രധാനം
ഭവന വായ്പയെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ നിശ്ചയിക്കേണ്ടത് ഏത് ബാങ്ക് /ധനകാര്യ സ്ഥാപനത്തെ സമീപിക്കണം എന്നതാണ്. പലിശ നിരക്ക് താരതമ്യം ചെയ്താണ് ഭൂരിഭാഗവും സ്ഥാപനത്തെ തീരുമാനിക്കുക. എന്നാല്‍, ഒരേ പലിശ നിരക്കില്‍ ഒരേ കാലാവധിക്കുള്ള വായ്പകള്‍ക്ക് നിങ്ങള്‍ തിരിച്ചടക്കുന്ന തുക വ്യത്യസ്തമായിരിക്കുമെന്ന് അറിയുക.
ചില സ്ഥാപനങ്ങള്‍ തിരിച്ചടക്കുന്ന അന്നുതന്നെ മുതലില്‍ കുറവ് വരുത്തുകയും പിന്നീടുള്ള പലിശ ബാക്കിയുള്ള തുകക്കുമാത്രം കണക്കാക്കുകയും ചെയ്യും. മറ്റ് ചില ബാങ്കുകള്‍ക്ക് ഇത് മാസംതോറുമാണ്. ചിലര്‍ മൂന്നുമാസം കൂടുമ്പോഴോ ആറുമാസം കൂടുമ്പോഴോ അല്ളെങ്കില്‍ വര്‍ഷത്തിലോ ആണ് കുറവ് വരുത്തുക. വര്‍ഷത്തില്‍ കുറവ് വരുന്ന സ്ഥാപനത്തിന്‍െറ പലിശ നിരക്ക് സ്വാഭാവികമായും കുറവായിരിക്കും. ദിനംപ്രതി കുറവ് വരുത്തുന്ന സ്ഥാപനത്തിന്‍േറത് കൂടുതലും. എന്നാല്‍, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പക്ക് തിരിച്ചടവ് തുക കുറവാണെന്ന് അര്‍ഥമില്ല. യഥാര്‍ഥ തിരിച്ചടവ് തുക അറിയാന്‍ വായ്പയുടെ ഇ.എം.ഐ അറിയണം.
എന്താണ് ഇ.എം.ഐ
ഇ.എം.ഐ (ഇക്വേറ്റഡ് മന്തിലി ഇന്‍സ്റ്റാള്‍മെന്‍റ്)എന്നാല്‍ വായ്പക്ക് പ്രതിമാസം അടക്കേണ്ട തിരിച്ചടവ് തുകയാണ്. ഇ.എം.ഐ. താരതമ്യം ചെയ്താല്‍ കൃത്യമായി ഏത് ബാങ്കാണ് ആകര്‍ഷകമെന്ന് വ്യക്തമാവും. ഇതിന് വിവിധ ബാങ്കുകളുടെ ഒരേ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ തിരിച്ചടവ് തുക എത്രയെന്ന് കണക്കാക്കിയാല്‍ മതി. മാസത്തവണയിലുണ്ടാകുന്ന 50 രൂപയുടെ വ്യത്യാസം പോലും അടച്ചുതീരുമ്പോഴേക്കും വലിയ തുക ചോര്‍ത്തും എന്ന കാര്യം മറക്കരുത്.
ഫ്ളോട്ടിങ്ങും ഫിക്സഡും
പ്രധാനമായും രണ്ടുതരം ഭവന വായ്പകളാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുക. ഒന്ന് പണ വിപണിയില്‍, പലിശ നിരക്കില്‍ ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് വായ്പയുടെ പലിശ നിരക്കും മാറുന്ന ഫ്ളോട്ടിങ് നിരക്കുള്ള വായ്പയും പലിശ നിരക്ക് സ്ഥിരമായ ഫിക്സഡ് വായ്പയും. കേള്‍ക്കുന്നപോലെ അത്ര ലളിതമല്ല ഈ വായ്പകളുടെ സാങ്കേതികത്വങ്ങള്‍.
ബാങ്കുകളുടെ മല്‍സരം മുറുകുമ്പോള്‍ പലിശ നിരക്ക് കുറയുമെന്നും ഫ്ളോട്ടിങ് നിരക്കായാല്‍ ഈ കുറവിന്‍െറ മെച്ചം ലഭിക്കുമെന്ന ധാരണയാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍, ഇതില്‍ രണ്ട് അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. ഒന്ന് പലിശ നിരക്ക് കുറയാനുള്ള സാധ്യത പോലെ തന്നെ ഉയരാനുള്ള സാധ്യതയുമുണ്ട്.
ഭാവിയില്‍ പലിശ നിരക്ക് ഉയര്‍ന്നാല്‍ ഭവന വായ്പയുടെ പലിശയും ഉയര്‍ത്താമെന്നതിനാല്‍ ബാങ്കുകള്‍ക്ക് ഫ്ളോട്ടിങ് നിരക്കില്‍ വായ്പ നല്‍കാനാണ് താല്‍പര്യം.
പലിശ നിരക്ക് കുറഞ്ഞാല്‍ തന്നെ അതിന്‍െറ ഗുണം ലഭിക്കണമെങ്കില്‍ ഓരോ തവണയും തിരിച്ചടക്കാനുള്ള വായ്പാ തുകയുടെ 0.5 ശതമാനം സര്‍വീസ് ചാര്‍ജായി അടക്കണമെന്നതാണ് രണ്ടാമത്തെ കുരുക്ക്. അതുകൊണ്ടുതന്നെ അടിക്കടി നിരക്ക് മാറ്റുന്നത് ഉപഭോക്താവിന് ആദായകരമല്ല.
ഇനി ഫിക്സഡ് റേറ്റ്. ഇത് അത്ര സ്ഥിരതയില്ലാത്തതാണെന്ന് അറിയുക. വായ്പയെടുക്കുമ്പോള്‍ പലപ്പോഴും ഒന്നു വായിച്ചുനോക്കുക പോലും ചെയ്യാതെ ഒപ്പിട്ടു കൊടുക്കുന്ന കനപ്പെട്ട രേഖകളില്‍ ഇതിനുള്ള സമ്മതപത്രവും ഉണ്ട്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ സ്ഥിരനിരക്ക് വായ്പകളുടെ പലിശ നിരക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ പരിഷ്കരിക്കും. കനറാ ബാങ്ക് ഉള്‍പ്പെടെ മറ്റു ചില ബാങ്കുകള്‍ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് നിരക്ക് പുനരവലോകനം ചെയ്യുക. ഭവന വായ്പാ സ്ഥാപനങ്ങളും സ്ഥിര നിരക്ക് വായ്പകളുടെ പലിശ കാലാകാലങ്ങളില്‍ പരിഷ്കരിക്കും.
ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കായ പ്രൈം ലെന്‍റിങ് റേറ്റിനെ (പി.എല്‍.ആര്‍) അടിസ്ഥാനമാക്കിയാണ് വായ്പകള്‍ അനുവദിക്കുക. പി.എല്‍.ആര്‍ എപ്പോഴെല്ലാം പരിഷ്കരിക്കുന്നുവോ, അത് ഭവന വായ്പകളുടെ പലിശ നിരക്കിനെയും ബാധിക്കും.
നേരത്തേ അടച്ചാല്‍ പിഴ!
വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് തുക കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാല്‍ പിഴ ചുമത്തുമോയെന്നത്.
മുന്‍കൂട്ടി അടക്കുന്ന തുകയുടെ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ പിഴയാണ് പല സ്ഥാപനങ്ങളും ഈടാക്കുക. 25 ശതമാനത്തില്‍ കൂടുതല്‍ തുക നേരത്തേ തിരിച്ചടച്ചാലേ ചില സ്ഥാപനങ്ങള്‍ പിഴ ഈടാക്കുകയുള്ളൂ. എന്നാല്‍, മറ്റു ചില സ്ഥാപനങ്ങള്‍ ഉപഭോക്താവ് സ്വന്തം നിലക്ക് പണം കണ്ടത്തെി വായ്പ തിരിച്ചടക്കുകയാണെങ്കില്‍ പിഴ ഈടാക്കുകയില്ല. മറ്റ് ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പ ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഇവര്‍ പിഴ ഈടാക്കുക.
ചില സ്ഥാപനങ്ങള്‍ വായ്പാ തുക സൗജന്യമായി ഇന്‍ഷൂര്‍ ചെയ്തു തരും. വായ്പാ കാലാവധിക്കിടെ ഉപഭോക്താവിന്‍െറ മരണം സംഭവിച്ചാല്‍ അവകാശിക്ക് വായ്പ ബാധ്യതയായി മാറുകയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.