Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightവാസ്തു: തെറ്റും ശരിയും

വാസ്തു: തെറ്റും ശരിയും

text_fields
bookmark_border
വാസ്തു: തെറ്റും ശരിയും
cancel

കാത്തു കാത്തിരുന്നു വീടു നിര്‍മിക്കാനൊരുങ്ങുമ്പോഴാണ് അയല്‍ക്കാരന്‍െറ ചോദ്യം. ‘വാസ്തു’ നോക്കിയിട്ടുണ്ടല്ളോ, അല്ളേ? അതിലൊന്നും വലിയ കാര്യമില്ളെന്ന് പറഞ്ഞൊഴിയുമ്പോഴാണ് വാസ്തു നോക്കാതെ വീടുപണിതവര്‍ക്കുണ്ടായ ദുരന്തങ്ങളുടെ കഥ അയല്‍ക്കാരന്‍ കെട്ടഴിക്കുക. അടുക്കള സ്ഥലം മാറിയതുകൊണ്ട് ഗൃഹനാഥന്‍ കട്ടിലില്‍ നിന്ന് വീണു മരിച്ചു, കിണര്‍ സ്ഥാനം തെറ്റിയതിനാല്‍ മകന് വിസ റദ്ദായിപ്പോയി എന്നിങ്ങനെ. അതോടെ സംശയമായി.
സ്ഥാനം പോകുമെന്ന് പേടിച്ച് മന്ത്രിമാര്‍ വരെ വാസ്തു നോക്കി ഗേറ്റും അടുക്കളയുമെല്ലാം പൊളിച്ചുമാറ്റിയ നാടല്ളേ.ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും എന്തിനേറെ ശാസ്ത്രജ്ഞന്‍മാര്‍ പോലും വാസ്തുവിന്‍െറ പിന്നാലെ ഓടുന്ന കാലത്ത് നമ്മുടെ മനസ്സിലും അറിയാതെ ചില ആശങ്കകള്‍ മുളപൊട്ടിയില്ളെങ്കിലല്ളേ അദ്ഭുതം. ഇതിനെല്ലാം നന്ദി പറയേണ്ടത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോടാണ്. പ്രത്യേക കോളങ്ങളും പരിപാടികളും തയാറാക്കി വാസ്തുവിന് പ്രചാരമുണ്ടാക്കാന്‍ മത്സരിക്കുകയാണവര്‍. മൂന്നും നാലും സെന്‍റില്‍ വീടുവെക്കുന്നവനെ വരെ പേടിപ്പിച്ച് വാസ്തുവിദഗ്ധന്‍െറ അടുത്തേക്ക് ഓടിക്കുന്നു. വാസ്തു ‘വിദഗ്ധര്‍’ക്ക് നിന്നുതിരിയാന്‍ നേരമില്ലാത്ത അവസ്ഥയാണിപ്പോള്‍. ജനങ്ങള്‍ക്ക് വാസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ് മാധ്യമങ്ങളുടെ സഹായത്തോടെ ഇവിടെ ചൂഷണംചെയ്യുന്നത്.
എന്താണ് വാസ്തു?
വാസ്തുശാസ്ത്രം എന്താണെന്നും അതിന്‍െറ പ്രയോഗത്തെച്ചൊല്ലിയും ഐതിഹ്യത്തെക്കുറിച്ചും പ്രചാരകര്‍ക്കിടയില്‍ത്തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും എന്നുവേണ്ട കേരളത്തിന്‍െറ പല ഭാഗത്തുപോലും പല രീതിയിലുള്ള സങ്കല്‍പങ്ങളും പരികല്‍പനകളുമാണ്. ബി.വി. വീരഭദ്രപ്പ രചിച്ച ‘വാസ്തു ട്രൂത്ത് ഓര്‍ മിത്ത്’ എന്ന ഗ്രന്ഥത്തില്‍, കശ്യപമുനി രചിച്ച ‘കശ്യപശില്‍പ’മാണ് ഏറ്റവും പഴയ വാസ്തുശാസ്ത്ര ഗ്രന്ഥമെന്ന് പറയുന്നു. വേദങ്ങള്‍, ഭൃഗുസംഹിത, മല്‍സ്യപുരാണം, അഗ്നിപുരാണം, സ്കന്ദപുരാണം എന്നിവയിലെല്ലാം വാസ്തുശാസ്ത്ര പ്രമാണങ്ങള്‍ ഉണ്ട്. കേരളത്തില്‍ വാസ്തുവിനെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയ ഏക സംഘടനയായ ശാസ്ത്രസാഹിത്യപരിഷത്തിന്‍െറ ‘ശാസ്ത്രവും കപടശാസ്ത്രവും’ എന്ന പുസ്തകത്തിലും ഇക്കാര്യങ്ങള്‍ വിശദമായി എഴുതിയിട്ടുണ്ട്.
കേരളത്തില്‍ കൂടുതല്‍ പ്രചരിച്ചിട്ടുള്ള കഥ മല്‍സ്യപുരാണത്തില്‍ നിന്നുള്ളതാണ്. ഇതുപ്രകാരം ശിവന്‍െറ വിയര്‍പ്പില്‍നിന്ന് ഉണ്ടായ സത്വമാണ് വാസ്തുപുരുഷന്‍. മല്‍സ്യപുരാണത്തിലെ ‘വാസ്തുഭൂതോദ്ഭവധ്യായ’ത്തില്‍ ഇങ്ങനെ പ്രതിപാദിക്കുന്നു: ‘അന്ധകാസുരനെ വധിച്ച ശിവന്‍െറ നെറ്റിയില്‍നിന്ന് ഒരു തുള്ളി വിയര്‍പ്പ് ഭൂമിയില്‍ പതിച്ചു. അതില്‍നിന്ന് ഒരു ഭീകരരൂപി പ്രത്യക്ഷപ്പെട്ടു. അത് അന്ധകാസുര ഗോത്രത്തിന്‍െറ രക്തം മുഴുവന്‍ കുടിച്ചു. എന്നിട്ട് തൃശൂലിയെ തപസ്സുചെയ്ത് വരുത്തി വരം വാങ്ങി, മൂന്നുലോകവും വിഴുങ്ങാനുള്ള ശക്തിനേടി. വരംനേടിയ സത്വം ഭൂമിയില്‍ കമിഴ്ന്നു വീണു. ഉടനെ ദേവന്‍മാരും അസുരരും ചേര്‍ന്ന് സത്വത്തെ ഭൂമിയില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് അതിന്‍െറ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാനം പിടിച്ചു. അനങ്ങാന്‍ കഴിയാതായപ്പോള്‍ അത് ദയ യാചിച്ചു. ഒടുവില്‍ വീടുകള്‍ക്കും അവ നില്‍ക്കുന്ന സ്ഥാനത്തിനും മേല്‍ ഇതിന് അധീശത്വം നല്‍കപ്പെട്ടു. വീടുപണി തുടങ്ങും മുമ്പും പണികഴിഞ്ഞും, ഇതിനും മേല്‍സ്ഥാനം പിടിച്ച മുഴുവന്‍ ദേവാസുരന്‍മാരെയും പ്രീതിപ്പെടുത്താനുള്ള കര്‍മങ്ങള്‍ നടത്തിയിരിക്കണം. അല്ലാത്തപക്ഷം വീട്ടുടമയുടെ സകല സൗഭാഗ്യങ്ങളെയും ഈ സത്വം ഇല്ലാതാക്കും. അന്നുമുതല്‍ ആ ഭൂതത്തെ ആളുകള്‍ വാസ്തുപുരുഷന്‍ അഥവാ വാസ്തുദേവന്‍ എന്ന് വിളിക്കാന്‍ തുടങ്ങി’.
വടക്കുകിഴക്കു ദിശയില്‍ തലവെച്ച് കമിഴ്ന്നാണത്രെ വാസ്തുപുരുഷന്‍െറ കിടപ്പ്. കൈകാലുകള്‍ മടക്കി, ഇടതു കൈമുട്ടും കാല്‍മുട്ടും വടക്കുപടിഞ്ഞാറുദിശയിലും വലതുകൈമുട്ടും കാല്‍മുട്ടും തെക്കുകിഴക്ക് ദിശയിലും പാദങ്ങള്‍ അന്യോന്യം ചേര്‍ത്ത് തെക്കുപടിഞ്ഞാറുദിശയില്‍ വരത്തക്ക വിധവും വെച്ചിരിക്കുന്നു. ഇതിനുമുകളിലാണ് 45 ദേവാസുരന്‍മാര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കേന്ദ്രഭാഗത്ത് ബ്രഹ്മാവും വടക്ക് കുബേരനും തെക്ക് യമനും കിഴക്ക് സൂര്യനും പടിഞ്ഞാറ് വരുണനുമുണ്ടെന്നാണ് സങ്കല്‍പം.
വാസ്തുപുരുഷന്‍െറ ശല്യമില്ലാത്ത ഉത്തമ ഭവനങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കാനുള്ള നിബന്ധനകളെയാണ് വാസ്തുശാസ്ത്രമെന്ന് പൊതുവെ പറയുന്നത്. മാനസാരം, മയാമതം, സമരങ്കണസൂത്രധാര എന്നിവയാണ് ഇത്തരം പ്രമാണങ്ങളുള്ള മൂല കൃതികള്‍. കേരളത്തില്‍ മനുഷ്യാലയ ചന്ദ്രിക, വിശ്വകര്‍മ പ്രകാശിക എന്നീ ഗ്രന്ഥങ്ങളെയാണ് ആധാരമാക്കാറുള്ളത്.
........................................................
പണ്ടത്തെ പോലെ ആളുകള്‍ക്ക് ഇപ്പോള്‍ വാസ്തുവില്‍ വിശ്വാസമില്ലാതായെന്നാണ് തൃശൂരിലെ പ്രശസ്ത ആര്‍കിടെക്ടുകളായ ലിജോ ജോസും റെനി ലിജോയും പറയുന്നത്. വാസ്തുപ്രകാരം
പണിത പണ്ടത്തെ മിക്ക തറവാടുകളും നശിച്ചതാണ് ഇതിന് പ്രധാന കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ കാലാവസ്ഥയും ഭൂമിയുടെ സവിശേഷതയും കാറ്റ്, വെളിച്ചം എന്നിവ അടിസ്ഥാനമാക്കിയും പണ്ടുള്ളവര്‍ വീടുനിര്‍മാണത്തിന്ചില മാനദണ്ഡങ്ങള്‍ വെച്ചു. ഇത് കാലക്രമേണ മറ്റുള്ളവരും പിന്തുടര്‍ന്നു. ‘വാസ്തു’ എന്ന പേരില്‍ പില്‍ക്കാലത്ത് ഇത് തഴച്ചുവളര്‍ന്നു.
ആളുകളെ പേടിപ്പിച്ച് അവരുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്താണ് വാസ്തു വളരുന്നത്. അല്ലാതെ ഇതിന് ശാസ്ത്രീയ അടിത്തറയില്ല. വാസ്തു ശരിയാണെന്ന് തെളിയിക്കാനുള്ള ഏകപക്ഷീയ പഠനമാണ് ആകെയുള്ളത്. ശരീരത്തിന് പുറത്തുള്ള ഘടകങ്ങള്‍ എങ്ങനെ നമ്മുടെ ശരീരത്തെ ബാധിക്കുന്നുവെന്ന പഠനമാണ് നടക്കേണ്ടത്.
പണ്ട് വിശാലമായ സ്ഥലത്ത് സമീപത്ത് മറ്റ് വീടുകളില്ലാത്ത രീതിയിലായിരുന്നു വീടുകള്‍ പണിതത്. ഇതിനാല്‍, കക്കൂസ് മുതല്‍ കിടപ്പുമുറി വരെ നമ്മുടെ സൗകര്യത്തിനനുസരിച്ച് പണിയാന്‍ കഴിഞ്ഞു. ഇതിനാല്‍തന്നെ, ‘വാസ്തു’ പറയും പ്രകാരം സ്ഥാനം നോക്കിത്തന്നെ ഓരോ മുറിയും നിര്‍മിക്കാന്‍ കഴിഞ്ഞു. ഇന്ന് സ്ഥിതി മാറി. വാസ്തു പറയും പ്രകാരം സ്ഥാനം നോക്കി പണിതാല്‍ നമ്മുടെ കക്കൂസ് അയല്‍ക്കാരന്‍െറ ഭക്ഷണമുറിയുടെ അടുത്തായിരിക്കും വരുക. നമ്മുടെ ഭക്ഷണമുറി അയല്‍വാസിയുടെ കക്കൂസിനടുത്തും വരാം.
ഇതിനാല്‍തന്നെ വാസ്തുവില്‍ വിശ്വാസമില്ളെങ്കില്‍ കൂടി പൊല്ലാപ്പുകള്‍ ഒഴിവാക്കാന്‍ വാസ്തു കൂടി നോക്കുകയാണ് പലരുമെന്ന് ഇവര്‍ പറയുന്നു.
........................................................
നമ്മള്‍ ജീവിക്കുന്ന ഭൂപ്രകൃതിയുമായി രമ്യതയില്‍ പാര്‍ക്കാനുള്ള ഒരു അടുക്കും ചിട്ടയും മനുഷ്യനെ പഠിപ്പിക്കാനായി പൂര്‍വികന്‍മാര്‍ അവരുടെ അനുഭവ സമ്പത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത വാസ്തുശാസ്ത്രം ഇന്ന് വീടുപണിയുന്നവര്‍ക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്ന് കോഴിക്കോട്ടെ പ്രശസ്ത ഡിസൈനറായ ജയന്‍ ബിലാത്തിക്കുളം പറയുന്നു. വാസ്തുവിന്‍െറ നല്ല വശങ്ങള്‍ പ്രായോഗികമാക്കുന്നതിന് പകരം ബിസിനസ് താല്‍പര്യത്തോടെ ചിലര്‍ അതിനെ അന്ധവിശ്വാസമാക്കി മാറ്റിയതിന്‍െറ ഫലമാണിത്. പ്രകൃതിയോടിണങ്ങി അതിന്‍െറ പൊതുവായ ചില തത്ത്വങ്ങളറിഞ്ഞ് വീടു പണിയുകയാണെങ്കില്‍ വാസ്തുപുരുഷനെ പേടിക്കേണ്ടകാര്യമില്ല. മാറുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളില്‍ ഒരു മാറ്റവും പാടില്ളെന്ന് ഒരു ശസ്ത്രവും പറയുന്നില്ല.
വാസ്തുവിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കാലത്ത് നിര്‍മിക്കപ്പെട്ട പല തറവാടുകളും അന്യം നിന്നുപോയിരിക്കുന്നു. എന്നാല്‍, വാസ്തുവൊന്നും നോക്കാതെ ജീവിക്കാന്‍ വേണ്ടി കൂര പണിത കുടിയാന്‍മാരുടെ പിന്‍ഗാമികള്‍ പില്‍ക്കാലത്ത് സ്വപ്രയത്നത്തിലൂടെ അന്യനാടുകളില്‍പോയി പണിയെടുത്ത് കാശുണ്ടാക്കിയ അനുഭവവും നമുക്ക് മുന്നിലുണ്ട്. വാസ്തുനിയമ പ്രകാരം പണിത വീടുകളിലും സുഖവും ദുഃഖവും ജനനവും മരണവുമെല്ലാം ഉണ്ടാകുന്നുണ്ട്. അഭിവൃദ്ധിയുണ്ടാകുമ്പോള്‍ വാസ്തുവിനെ പുകഴ്ത്തുകയും ക്ഷയിക്കുമ്പോള്‍ അതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കാഴ്ചപ്പാടിന്‍െറ വൈകല്യം കൊണ്ടാണ്. വാസ്തുവിന്‍െറ വിപണന സാധ്യതകണ്ട് അതിന് നിഗൂഢപരിവേഷം നല്‍കുന്നതാണ് പ്രശ്നം- ജയന്‍ നിലപാട് വ്യക്തമാക്കുന്നു.
........................................................
ജ്യോതിഃശാസ്ത്രവും ജ്യോതിഷവും തമ്മിലുള്ള ബന്ധമേ വാസ്തുശാസ്ത്രവും വാസ്തുവിദ്യയും തമ്മിലുള്ളൂ എന്ന് ഇതേക്കുറിച്ച് വിശദമായി പഠിച്ച പ്രമുഖ ശാസ്ത്രലേഖകനും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ പ്രഫ. കെ. പാപ്പുട്ടി ചൂണ്ടിക്കാട്ടുന്നു. ജ്യോതിഷം പൂര്‍ണമായും അന്ധവിശ്വാസമാണ്. എന്നാല്‍, ജ്യോതിഃശാസ്ത്രത്തിലെ ചില ഘടകങ്ങള്‍ തന്ത്രപൂര്‍വം വിന്യസിച്ച് ഇതും ഒരു ശാസ്ത്രമാണെന്ന് പ്രചരിപ്പിക്കുന്നു. അതുപോലത്തെന്നെ ലോകത്തിന്‍െറ എല്ലാഭാഗത്തും തദ്ദേശീയമായ സാങ്കേതിക വിദ്യയില്‍ ഊന്നിയ വാസ്തുവിദ്യകള്‍ ഉണ്ടായിരുന്നു. ഇന്ത്യക്കാകട്ടെ ഇക്കാര്യത്തില്‍ അഭിമാനാര്‍ഹമായ പാരമ്പര്യമുണ്ട്. ആരെയും അമ്പരപ്പിക്കുന്ന കൂറ്റന്‍ ക്ഷേത്രങ്ങും മിനാരങ്ങളും കൊത്തുപണികളും നോക്കുക. കേരളത്തിലെ പരമ്പരാഗത തച്ചുശാസ്ത്രംതന്നെ നല്ളൊരു ഉദാഹരണം. എന്നാല്‍, ഈ വാസ്തുവിദ്യയും അന്ധവിശ്വാസവും അസംബന്ധവും ചേരുംപടിചേര്‍ത്ത വാസ്തുശാസ്ത്രവും തമ്മില്‍ ബന്ധപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത്. നമ്മുടെ പഴയ മനകളോ നാലുകെട്ടോ ഒന്നും തന്നെ ഇന്ന് പ്രചരിക്കുന്ന വാസ്തു വിധി പ്രകാരം ഉണ്ടാക്കിയവയുമല്ല. വാസ്തുശാസ്ത്രത്തിന് അധുനിക സയന്‍സുമായി വിദൂരബന്ധംപോലുമില്ല.‘മോഹഞ്ചദാരോയിലെയും ഹാരപ്പയിലെയും വീടുകള്‍ പരിശോധിച്ചാന്‍ അവയൊന്നും വാസ്തുശാസ്ത്ര നിബന്ധനകളില്‍ പെടില്ളെന്ന് കാണാം. -പ്രഫ. പാപ്പുട്ടി ചൂണ്ടിക്കാട്ടുന്നു.
........................................................
അന്ധവിശ്വാസമെന്ന് പറഞ്ഞ് വാസ്തുവിനെ പൂര്‍ണമായും തള്ളിക്കളയാന്‍ വയ്യെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.എം അച്യുതന്‍ അഭിപ്രായപ്പെടുന്നത്. അടിസ്ഥാനപരമായി വാസ്തുകൊണ്ട് ഉദ്ദേശിക്കുന്നത് പരിസ്ഥിതി സൗഹാര്‍ദമാണ്. പൗരാണിക ഭാരതത്തില്‍ പ്രകൃതിക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്.
വാസ്തുവിന്‍െറ അടിസ്ഥാന പ്രമാണങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മിക്കുന്നത് നല്ലതാണ്. എന്നാല്‍, വ്യക്തി ജീവിതത്തിലും സമൂഹത്തിലുമൊക്കെയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വീടിന്‍െറ വാസ്തുവാണെന്ന് കരുതുന്നതില്‍ കഥയില്ല.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം നാലുസെന്‍റിലൊക്കെ വീടുണ്ടാക്കുന്നവര്‍ക്ക് ‘വാസ്തുശാസ്ത്രം’ ബാധകമാണോ എന്നാണ്. എന്നാല്‍, വാസ്തുവിന്‍െറ ആധികാരിക ഗ്രന്ഥമായ ‘മനുഷ്യാലയ ഗീതയില്‍’ പറയുന്നത് അല്‍പക്ഷേത്രങ്ങളില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഈ കണക്കുകളൊന്നുംതന്നെ ബാധകമല്ളെന്നതാണ്. അല്‍പക്ഷേത്രമെന്നാല്‍ ഏകദേശം 11 സെന്‍റാണെന്ന് വരാഹമിഹരന്‍െറ ജഗത് സംഹിതയില്‍ പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ 11 സെന്‍റിന് മുകളിലോട്ടുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ വാസ്തു ബാധകമാവുന്നുള്ളൂ. ഇത് മനസ്സിലാക്കാതെ നാലുസെന്‍റിലും അഞ്ചു സെന്‍റിലുമൊക്കെ വാസ്തുനോക്കണമെന്ന് വാശിപിടിക്കുന്നവരുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങള്‍ അണുവിടാതെ പിന്തുടരണമെന്ന് പറയുന്നതും പഴയസിദ്ധാന്തങ്ങള്‍ ഒന്നിനും കൊള്ളില്ളെന്ന് പറയുന്നതും ഒരുപോലെ അബദ്ധമാണ്. ഓരോരുത്തരുടെയും ധനസ്ഥിതി, വിശ്വാസം, താല്‍പര്യം എന്നിവയൊക്കെ പരിഗണിച്ചുള്ള നിര്‍മാണരീതിയായിരിക്കണം ഒരു നല്ല ആര്‍ക്കിടെക്ടിന്‍േറത്-ഡോ.അച്യുതന്‍ പറയുന്നു.
l
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story