Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_right‘എ’ ക്ളാസ്...

‘എ’ ക്ളാസ് സൗകര്യങ്ങളുമായി ശങ്കരമംഗലം തറവാട്

text_fields
bookmark_border
‘എ’ ക്ളാസ് സൗകര്യങ്ങളുമായി ശങ്കരമംഗലം തറവാട്
cancel
പഴയകൊട്ടരങ്ങളും അവയിലൊരുക്കിയ മ്യൂസിയങ്ങളും കണ്ടവര്‍ പലരും സംഗതികൊള്ളാമെന്നു ഉള്ളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതുപോലൊന്ന് സ്വന്തമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. ഏഴുമുറികളുള്ള തടിയില്‍ പണിതൊരുക്കിയ ശങ്കരമംഗലം തറവാട് കണ്ടാല്‍ ‘ഇതുപോലൊന്ന് ഒപ്പിച്ചാലോ’ എന്ന് തോന്നിപ്പോകും. 300 വര്‍ഷത്തെ പെരുമയുള്ള തന്‍െറ തറവാടിന് നവയൗവനം പകര്‍ന്ന് നല്‍കിയതിന്‍െറ നിര്‍വൃതിയിലാണ് തിരുവല്ല ഇരവിപേരൂര്‍ ശങ്കരമംഗലത്ത് ജോര്‍ജ് കുരുവിള. കെട്ടിലും മട്ടിലും പഴമ നിറച്ച് പുതുക്കിപ്പണിഞ്ഞ തറവാട് കാഴ്ചക്കാരെ കൊണ്ട് നിറയുകയാണ്. 18ാം നൂറ്റാണ്ടിലെ വാസ്തു ശില്‍പ്പഭംഗി പുതുതലമുറക്ക് കൗതുക കാഴ്ചയാകുന്നു. തടിച്ചുമരുകളുള്ള തറവാടുകള്‍ പൊളിച്ചു നീക്കി കോണ്‍ക്രീറ്റ് സൗധം പണിയുന്നവര്‍ക്കിടയില്‍ പഴമയെ പുതുക്കിയെടുത്ത് ജോര്‍ജ് കുരുവിളയും കുടുംബവും പൈതൃക വഴിയിലേക്കുള്ള വാതായനങ്ങളാണ് തുറന്നത്. വീട് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതുക്കിയെടുക്കാന്‍ ലക്ഷങ്ങള്‍ ചെലവിടേണ്ടിവന്നു. ഇപ്പോള്‍ വീടിനെ കുറിച്ച് കേട്ടറിഞ്ഞ് ഉള്ളില്‍ കൗതുകവുമായി ദൂരെ ദേശത്തു നിന്നുപോലും ആളുകള്‍ എത്തുമ്പോള്‍ കുരുവിളയും കുടുംബവും തങ്ങളുടെ അധ്വാനം സഫലമായതിന്‍െറ സന്തോഷത്തിലാണ്.
സൗകര്യങ്ങള്‍ ‘എ’ ക്ളാസ്
ഏഴുമുറികളും അടുക്കളയും ചേര്‍ന്നതാണ് ശങ്കരമംഗലം തറവാട്. എന്നുവച്ച് ഇതൊരു കൊട്ടാരമല്ല. ചെറിയൊരു വീട്. പുരാതന വീട് നാലുകെട്ടായിരുന്നുവെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളതെങ്കിലും കുരുവിള പുനര്‍നിര്‍മിച്ചത് ത്രിശാല എന്നറിയപ്പെടുന്ന മൂന്നുകെട്ടായാണ്. പുറമേ നിന്ന് നോക്കിയാല്‍ നൂറ്റാണ്ടുകളുടെ പഴക്കം. അകത്ത് ചിലയിടങ്ങളില്‍ ആധുനികതയുടെ തിളക്കം. എ.സി, എല്‍.സി.ഡി ടി.വി, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ തുടങ്ങി എ ക്ളാസ് സൗകര്യങ്ങളാണ് വീടിനുള്ളില്‍. പഴമയുടേതായി അറയും നിലവറയും ഒക്കെ ഇവിടെ ഉണ്ട്. അറപ്പുരയുടെ താഴെയാണ് നിലവറ. അറപ്പുരയുടെ തറയില്‍ വിരിച്ചിരിക്കുന്ന തടിപ്പലക നീക്കി നിലവറയിലേക്ക് ഇറങ്ങാം. നിലവറയില്‍ നിന്ന് പുറത്ത് കടക്കാന്‍ വീടിന്‍െറ പിന്നാമ്പുറത്ത് കിളിവാതിലുണ്ട്. (വീട്ടില്‍ മുന്‍വശത്ത് ആള് വരുമ്പോള്‍ പിന്നിലൂടെ മുങ്ങുന്ന ശീലമുള്ളവര്‍ക്ക് അനുകരിക്കാവുന്ന മാതൃക) മേല്‍ക്കൂര മേഞ്ഞിരിക്കുന്ന ഓട് ഒഴികെ മറ്റെല്ലാം തടിയാണ്. കല്ലിന്‍െറ ഉപയോഗം വെറും എട്ടുശതമാനം മാത്രം. ടൈലുകളില്‍ മന്നനായ വുഡന്‍ ടൈലാണ് തറയില്‍ എന്ന് പറയാം. തറമുഴുവന്‍ മിനുസപ്പെടുത്തിയ പലകപാകിയിരിക്കുന്നു. വാതിലുകള്‍ തിരിയുന്നത് ചുഴിക്കുറ്റിയില്‍ നിന്നാണ്.
പുതുക്കിപ്പണിതപ്പോള്‍ തടിപ്പണിക്ക് തന്നെ നാലായിരം തച്ച് വേണ്ടി വന്നു. കടമരം, പ്ളാവ്, ആഞ്ഞിലി തടികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ എല്ലാം ഈട്ടിത്തടിയിലാണ്.
തച്ചുകലയില്‍ വിരിഞ്ഞ മുറികള്‍
ഏഴുമുറികള്‍ ഉളളതില്‍ മൂന്ന് കിടക്കമുറി. ഇവ മൂന്നും എ.സി ഉള്ളവയാണ്. 10x10 വലിപ്പമുള്ളവയാണ് മുറികള്‍. ഒരെണ്ണം അറ്റാച്ച്ഡ്. അടുക്കളയും ഡൈനിംഗ് ഹാളും ഒരുമിച്ചാണ്. 8x20 അടിവരും വലിപ്പം. അരഭിത്തിയും അതിന്‍മേല്‍ ഉറപ്പിച്ച ഒരു ഗ്ളാസും അടുക്കളയും ഡൈനിംഗ് ഹാളും വേര്‍തിരിക്കുന്നു. മോഡേണ്‍ ചിമ്മിനിയാണ് അടുക്കളയില്‍. അതിനോട് ചേര്‍ന്ന ഭാഗത്ത് ടൈല്‍ പാകിയിരിക്കുന്നു. മുന്‍പ് അടുക്കളയില്‍ നിന്ന് നേരിട്ട് വെളളം കോരാവുന്ന വിധത്തിലായിരുന്നു കിണര്‍. ഇപ്പോള്‍ ആ കവാടം തടി കൊണ്ട് പണിത് അടച്ചു.
കിണറിന് സമീപം വലിയൊരു കല്‍ത്തൊട്ടിയുണ്ട്. കുടുംബത്ത് ആര്‍ക്കോ സ്ത്രീധനം കിട്ടിയതാണ് കല്‍ത്തൊട്ടി. ഇതില്‍ വെളളം നിറച്ചിടുമായിരുന്നു. വീട്ടിലത്തെുന്നവര്‍ അതില്‍ നിന്ന് വെളളമെടുത്ത് കാലും മുഖവും കഴുകിയാണ് ഉളളിലേക്ക് കടന്നിരുന്നത്.
വലതുഭാഗത്തെ കെട്ടാണ് പൂമുഖം അഥവാ സ്വീകരണമുറി. ക്ഷേത്രസോപാന സമാനമായ പടിക്കെട്ട് കടന്നാണ് പൂമുഖത്തേക്ക് അയറാന്‍. സ്വീകരണമുറിയിലിരുന്ന് മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍ ഹായ് എന്ന് പറഞ്ഞുപോകും. മോന്തായത്തില്‍ നടുക്ക് ഒരു കുരിശും ഇരുവശവും രണ്ട് മാലാഖമാരെയും കൊത്തിവച്ചിരിക്കുന്നു. ചുറ്റും ഒട്ടേറെ ചിത്രപ്പണികളും.
മൂന്നുനൂറ്റാണ്ടുമുമ്പുളള തച്ചുകലയുടെ വൈദഗ്ധ്യം കണ്ടുപഠിക്കാന്‍ തന്നെയുണ്ട്. തൊട്ടടുത്ത അറയില്‍ പതിനായിരത്തില്‍പ്പരം മാങ്ങ ഉപ്പുമാങ്ങയാക്കാന്‍ ഉപയോഗിക്കുന്ന പ്രാചീനമണ്‍ഭരണി. അതും സ്ത്രീധനമായിക്കിട്ടിയതാണ്. തൊട്ടടുത്ത പ്രധാന കിടപ്പുമുറിയില്‍ സപ്രമഞ്ചക്കട്ടില്‍. കട്ടിലിന്‍്റെ പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുഭാഗവും തടി കൊണ്ട് മറച്ചിരിക്കുന്നു. അതിലെല്ലാം രവിവര്‍മയുടേത് അടക്കമുളള മനോഹരമായ പെയിന്‍റിംഗുകള്‍.
പിന്നെയുളള കാഴ്ച അറയും നിരയും പത്തായവുമാണ്. പിറകിലെ തളത്തില്‍ തടിയുരല്‍ കാണാം. പ്രാചീനകാലത്തെ വെന്‍റിലേഷന്‍ സംവിധാനം ആരേയും ആകര്‍ഷിക്കുന്നതാണ്. സ്വീകരണമുറിയിലെ സ്ലൈഡ് ചെയ്യുന്ന പലകവാതില്‍ ഇപ്പോള്‍ എവിടെയും കണാന്‍ ഇല്ലാത്ത കാഴ്ചയാണ്.
പുറത്തുമുണ്ട് പുരാണം
പുറത്തേക്കിറങ്ങിയാല്‍ മുറ്റത്ത് ചുറ്റുമതിലിനുളളിലായി നൂറ്റമ്പതില്‍ പരം വര്‍ഷം പഴക്കമുളള നാട്ടുമാവും മാംഗോസ്റ്റീന്‍മരവും. എത്ര കൊടുംവെയിലിലും മാവിന്‍ചുവട്ടില്‍ തണലാണ്. തൊട്ടപ്പുറത്താണ് മണിമലയാര്‍ ഒഴുകുന്നത്. തറവാട്ട് മുറ്റത്തേക്ക് വീശിയത്തെുന്ന ഇളംകാറ്റിന് തണുപ്പു നല്‍കുന്നതും മണിമലയാറു തന്നെ. മാവ് കായ്ക്കുന്നത് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്. ഉപ്പുമാങ്ങ രണ്ട് വര്‍ഷത്തോളം സൂക്ഷിക്കാനാണ് വലിയ മണ്‍ഭരണി കരുതിയിരിക്കുന്നത്. കല്ലുകള്‍ കൊണ്ടാണ് ചുറ്റുമതിലും പടിപ്പുരയും പണിതത്. ഇതിനായി കാസര്‍കോട്ടു നിന്നാണ് കല്ലുകള്‍ കൊണ്ടുവന്നത്. ഇന്ന് കാണുന്ന തറവാട് നിര്‍മിച്ചത് 1704 ലാണ്. ശങ്കരന്‍കുളമെന്നായിരുന്നു തറവാടിന് പേര്. ഇടപ്പളളി രാജാവിന്‍െറ നിര്‍ദേശപ്രകാരം പിന്നീട് ശങ്കരമംഗലമെന്നാകയായിരുന്നത്രെ.
ഉള്ളറകളില്‍ ഉണ്ടോ വാസ്തു രഹസ്യം
ശങ്കരമംഗലം തറവാടിന് എന്തോ ഒരു വാസ്തു രഹസ്യമുണ്ടെന്നാണ് ജോര്‍ജ് കുരുവിള പറയുന്നത്. വീടിനുള്ളില്‍ കടന്നാല്‍ പുറം ലോകത്തെകുറിച്ച് ചിന്ത വരില്ല. അത് അവിടെ എത്തുന്നവരെല്ലാം പറയുന്നുണ്ട് മടങ്ങുവോളം മറ്റ് കാര്യങ്ങളൊന്നും അവര്‍ ചിന്തിച്ചില്ളെന്ന്. അതാണ് ഈ വീടിന്‍െറ വാസ്തുരഹസ്യവും മാസ്മരികതയുമെന്നാണ് ജോര്‍ജ് കുരുവിള പറയുന്നത്. വീടിനുള്ളില്‍ എപ്പോഴും കുളിര്‍മയാണ്. ചൂട് കൂടുകയും കുറയുകയും ചെയ്യുന്നില്ളെന്ന പ്രത്യേകതയുണ്ട്. ഉയരക്കുറവാണ് വീടിന്‍െറ ഏക പോരായ്മ. എത്ര ഉയരം കുറഞ്ഞ ആളായാലും തല മേല്‍ക്കൂരയില്‍ തട്ടും. കുനിഞ്ഞേ അകത്തേക്ക് കടക്കാനാവു. അകത്തു കടന്നാല്‍ ഒരു കൂട്ടില്‍ പ്രവേശിച്ച പോലാണ്. മുറികള്‍ ഓരോന്നിന്‍െറയും വാതില്‍ പടികള്‍ക്ക് മുട്ടോളം ഉയരമുണ്ട്. ആധുനിക സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും ഇവിടെ ഇപ്പോള്‍ ആരും താമസമില്ല. കാഴ്ചക്കാരുടെ താവളമാണിവിടം. ഹെറിറ്റേജ് മ്യൂസിയമാക്കണമെന്നാണ് കുരുവിളയുടെ ആഗ്രഹം. വീട് കാണണമെന്നുള്ളവര്‍ക്കായി www.sankaramangalamtharavadu.com എന്ന വെബ്സൈറ്റ് തുറന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story