പുല്‍ത്തകിടിയൊരുക്കാം; ശ്രദ്ധയോടെ
text_fieldsമുറ്റത്ത് പൂന്തോട്ടത്തോടൊപ്പം ഒരു പുല്‍ത്തകിടി ഇന്ന് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. വീട്ടുമുറ്റം പച്ചവിരിച്ച് സൗന്ദര്യം കൂട്ടാനൊരു മാര്‍ഗം. പക്ഷേ, അല്‍പം സമയം നമുക്ക് ഇതിനായി മാറ്റിവെക്കേണ്ടിവരും. പുല്‍ത്തകിടികള്‍ പലതരമുണ്ടെങ്കിലും അലങ്കാരപുല്‍ത്തകിടിക്കാണ് പ്രചാരം. കുറഞ്ഞ സ്ഥലത്ത് ഒരുക്കുന്നതാണിത്. കുട്ടികളെ ഇവിടെ കളിക്കാനോ നടക്കാനോ അനുവദിക്കരുത്. പ്രധാനമായും കൊറിയന്‍ ഗ്രാസാണ് ഇതിന് ഉപയോഗിക്കുന്നത്. സോയ്സിയ ജപ്പോണിക്ക എന്ന ശാസ്ത്രീയ നാമത്തില്‍ ഇത് അറിയപ്പെടുന്നു. സാധാരണ കൊറിയന്‍ പുല്ലിനത്തിന്‍െറ ഇലകള്‍ അല്‍പം പരുത്തതാണ്. ഇവ പെട്ടെന്ന് ചിതലിന്‍െറ ആക്രമണത്തിന് വിധേയമാകും. വേനല്‍ക്കാലങ്ങളില്‍ സമൃദ്ധമായി നനക്കുകയും വേണം. ഇതിന്‍െറതന്നെ ഉയരം കുറഞ്ഞ വകഭേദമാണ് മെക്സിക്കന്‍ ഗ്രാസ്. നല്ല നനുത്ത പുല്‍ത്തകിടിയുണ്ടാക്കാന്‍ ഏറെ യോജിച്ചതാണിത്.
പുല്‍ത്തകിടി ഒരുക്കം
പ്രദേശം നല്ല വെയിലുള്ളതാണോ, തണലുള്ളതാണോ എന്നതനുസരിച്ചാണ്് പുല്ല് തെരഞ്ഞെടുക്കേണ്ടത്. ഒരടിയെങ്കിലും മണ്ണിന് താഴ്ചയുള്ള സ്ഥലത്തേ പുല്‍ത്തകിടി പിടിപ്പിക്കാവൂ. വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. കുണ്ടും കുഴിയുമുള്ള സ്ഥലങ്ങള്‍ നിരപ്പാക്കണം. കുഴികള്‍ നിരപ്പാക്കാന്‍ മേല്‍മണ്ണുതന്നെ ഉപയോഗിക്കണം. ഏപ്രില്‍ -മേയ് മാസമാണ് നിലമൊരുക്കാന്‍ യോജിച്ച സമയം. കിളച്ച സ്ഥലം ഒരാഴ്ചയെങ്കിലും വെയിലുകൊള്ളിക്കുന്നത് രോഗ-കീട നിയന്ത്രണത്തെ സഹായിക്കും. ഒരാഴ്ചക്കുശേഷം സ്ഥലം വീണ്ടും നന്നായി കിളക്കണം. പിന്നീട് കളകള്‍ വരുമ്പോള്‍ അവ പിഴുതുമാറ്റണം. കളനാശിനി പ്രയോഗവുമാകാം. ശേഷം മണ്ണ് വീണ്ടും ഇളക്കി ചതുരശ്രമീറ്ററിന്100 ഗ്രാം കുമ്മായം എന്നതോതില്‍ ചേര്‍ത്ത് യോജിപ്പിക്കണം. മണ്ണില്‍ നനവുണ്ടെന്ന് ഉറപ്പാക്കാം. ഒരാഴ്ച കഴിയുമ്പോള്‍ അടിവളമായി ചതുരശ്ര മീറ്ററിന് 250ഗ്രാം കടലപ്പിണ്ണാക്ക്, 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, 100 ഗ്രാം ഫാക്ടംഫോസ് എന്നിവ ചേര്‍ത്തിളക്കി മണ്ണ് നിരപ്പാക്കണം. നനക്കാന്‍ സ്പ്രിങ്ക്ളറോ, പോപ് അപ്പോ ഉണ്ടെങ്കില്‍ മണ്ണിനടിയില്‍ അവ ഇടാന്‍ സംവിധാനമൊരുക്കണം.
നടീല്‍ രീതികള്‍
തകിടി നിരപ്പാക്കിയശേഷം പാക്കറ്റിലെ നിര്‍ദേശമനുസരിച്ച് വിത്തുവിതറാം. വിത്ത് എല്ലായിടത്തും ഒരുപോലെ എത്തുന്നതിന് ഒന്നിലേറെ തവണ പല കോണുകളില്‍നിന്ന് വിതറുന്നത് നല്ലതാണ്. പാകിയ വിത്തുകള്‍ കാറ്റു കൊണ്ടും പക്ഷികള്‍ കൊത്തിയും നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കണം. വിത്തു പാകിയ മണ്ണ് രണ്ടാഴ്ച ദിവസം മൂന്നു നാല് നേരം പത്തു പതിനഞ്ച് മിനിറ്റ് വെള്ളം നനയ്ക്കണം. വിത്ത് മുളച്ച് വരുന്നതിനനുസരിച്ച് ദിവസത്തില്‍ ഒന്ന് എന്ന നിലയിലേക്ക് മാറ്റാം. പുല്ലുകള്‍ രണ്ടുമുതല്‍ മൂന്ന് ഇഞ്ചുവരെ ഉയരത്തില്‍ എത്തിയാല്‍ വീണ്ടും വെട്ടി ചെറുതാക്കിക്കൊണ്ടിരിക്കണം. ഇതിനെയാണ് മോവിങ് എന്നുപറയുന്നത്. പുല്ലിന്‍െറ ഇനവും വളര്‍ച്ചയുമനുസരിച്ച് മോവിങ്ങിന്‍െറ ഇടവേള കൂട്ടുകയോ കുറക്കുകയോ ചെയ്യാം. മോവിങ്ങിനുശേഷം വളപ്രയോഗവുമാകാം. ശേഷം പ്രതലം റോളര്‍ എന്ന ഉപകരണംകൊണ്ട് ഉരുട്ടി ഉറപ്പിക്കണം.
നിലവിലെ പുല്‍ത്തകിടിയില്‍ വീണ്ടും വിത്തുപാകുകയാണെങ്കില്‍ പുതിയ വിത്ത് പാകുന്നതിന് മുമ്പായി അവശേഷിക്കുന്ന പുല്‍ നുറുങ്ങുകളും ഉണങ്ങിയ പുല്ലുകളും നീക്കംചെയ്ത് മണ്ണ് കാണത്തക്കവിധം പുല്‍ത്തകിടി വൃത്തിയാക്കണം. പിന്നീട് പുതിയ വിത്ത് പാകുന്നതും മുളപ്പിക്കുന്നതുമെല്ലാം പുതിയ പുല്‍ത്തകിടി വെച്ചുപിടിപ്പിക്കുമ്പോള്‍ ചെയ്യുന്നതുപോലെ തന്നെയാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ പ്രതലത്തിന്‍െറ കട്ടികുറക്കാനായി മണ്ണിളക്കല്‍ അത്യാവശ്യമാണ്.
കീടരോഗ നിയന്ത്രണം
കുമിള്‍ബാധയാണ് പ്രധാന വെല്ലുവിളി. പുല്ല് അങ്ങിങ്ങായി മഞ്ഞളിച്ചുപോകും. നിയന്ത്രണത്തിന് കോപ്പര്‍ ഓക്സി ക്ളോറൈഡ് അല്ളെങ്കില്‍ മാങ്കോസെബ് എന്ന കുമിള്‍ നാശിനി മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഒഴിക്കണം. കീടങ്ങളില്‍ പ്രധാനം ചിതലാണ്. ചിലതരം ഉറുമ്പുകള്‍ വണ്ടുകള്‍, ട്രോപ്പിക്കല്‍ സോഡ് വെബ് വേം എന്ന നിശാശലഭത്തിന്‍െറ പുഴു എന്നിവയും പുല്‍ത്തകിടിയെ ആക്രമിക്കുന്നു. കീടങ്ങളുടെ ആക്രമണത്തിനെതിരെ ക്ളോര്‍ പൈറി ഫോസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടരമില്ലി എന്ന അളവില്‍ കലക്കി ഒഴിക്കണം.
വളപ്രയോഗത്തില്‍ ശ്രദ്ധ
വളം ഉപയോഗിക്കുമ്പോഴും നല്ല ശ്രദ്ധ വേണം. ടെസ്റ്റ് ചെയ്ത് ലോണിലെ മണ്ണിന്‍െറ സ്വഭാവമറിഞ്ഞാകണം വളപ്രയോഗം. നൈട്രജന്‍ അടങ്ങിയ വളം പച്ചപ്പ് നിലനിര്‍ത്താന്‍ സഹായകമാണ്. ഫോസ്ഫറസ് വളമാണെങ്കില്‍ വേരുകളുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. പൊട്ടാസ്യം ഫെര്‍ട്ടിലൈസര്‍ കീടങ്ങളോടും രോഗങ്ങളോടും പൊരുതാന്‍ സഹായിക്കും. മൂന്നോ നാലോ തവണയായി വളമിടാം. വളമിട്ടതിനുശേഷം വെള്ളമൊഴിക്കണം. ഇല്ളെങ്കില്‍ ചുവട് കരിഞ്ഞുപോകും.
•

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.