ഒരുക്കാം...പെട്ടിക്കൂടുകള്‍
text_fieldsചരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍ കണ്ട് മനം മടുത്തോ? എങ്കില്‍ ഒന്നു മാറ്റിപ്പിടിക്കാം. കേരളത്തില്‍ കോണ്‍ക്രീറ്റ് വീടുകള്‍ വന്നുതുടങ്ങിയ കാലത്തേ ഫ്ളാറ്റ് മേല്‍ക്കൂരയിലായിരുന്നു പരീക്ഷണം. ആ തലമുറയിലെ അവശേഷിക്കുന്ന വീടുകള്‍ ഒഴികെ പിന്നീട് 15 വര്‍ഷങ്ങള്‍ക്കുള്ളിലായി വന്ന വീടുകളില്‍ മിക്കതിനും ചരിഞ്ഞ മേല്‍ക്കൂരയായിരുന്നു. അത് കേരളത്തിന്‍റെ തനതു പാരമ്പര്യത്തിലേക്കുള്ള ഒരു മടക്കമായും പറയാം.
കേളത്തിലെ വീടുകളുടെ തനതു ഘടന ചരിഞ്ഞ മേല്‍ക്കൂരയുള്ള ഒറ്റപ്പുരകളായിരുന്നുവെന്നുകാണാം. മഴ അധികം ലഭിക്കുന്ന ദേശമായതിനാല്‍ മഴവെള്ളം ഓലയിലൂടെയും ഓടിലൂടെയും മണ്ണില്‍ പതിക്കുവാന്‍ സഹായിച്ചിരുന്നു ഇത്. അതുകൊണ്ട് തന്നെ വെള്ളംകുത്തി വീണ് മണ്ണൊലിച്ചുപോവാതെ മണ്ണിലേക്കു വാര്‍ന്നിറങ്ങുമായിരുന്നു. ചരിഞ്ഞ മേല്‍ക്കൂരക്ക് ഇങ്ങനെ ചില ഗുണങ്ങളുണ്ട്.
എന്നാല്‍, മഴവെള്ള സംഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം മണ്ണില്‍ ഇറങ്ങാന്‍ അനുവദിക്കാതെ സിമന്‍റിട്ട മുറ്റവും കടന്ന് ഓടകളിലേക്ക് ഒഴുക്കിക്കളയുന്ന മലയാളിക്ക് ഒരു ട്രെന്‍റ് എന്നതിലുപരി ചരിഞ്ഞ മേല്‍ക്കൂരയുടെ ഈ ഗുണം മനസ്സിലായിരുന്നില്ല.
കാഴ്ചയുടെ മടുപ്പ് കൊണ്ടാണോ എന്നറിയില്ല, അധികം മഴയില്ലാത്ത തമിഴ്നാട്ടിലെ ‘പെട്ടി വീടു’കളുടെ സ്റ്റൈല്‍ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍ മലയാളി. എന്നാല്‍, ഇതില്‍ പുതിയ പല പരീക്ഷണത്തിനും സാധ്യത കണ്ടു തുടങ്ങിയതോടെ അതിമനോഹരമായ ഡിസൈനുകളിലുള്ള ഭവനങ്ങള്‍ ഇപ്പോള്‍ വേറിട്ട കാഴ്ചയൊരുക്കാന്‍ തുടങ്ങി.
കടമുറികളോ,ഓഫീസോ,ഷോപിംങ് കോംപ്ളക്സോ പോലെ തോന്നിപ്പിക്കില്ളേ ഇത്തരം വീടുകള്‍ എന്ന ചോദ്യം മാറ്റിവെക്കാം. വീടിനുമേല്‍ അനാവശ്യമായ ‘പെടിപ്പും തൊങ്ങലുകളും’ ഇല്ലാതെ ഒരേസമയം ലാളിത്യവും പ്രൗഢിയും സമ്മേളിക്കുന്നു എന്നതാണ് ബോക്സ് ഹൗസുകളുടെ പ്രത്യേകത.
സണ്‍ഷേഡ് ഇല്ലാത്തതിനാല്‍ ചുമരുകള്‍ വെള്ളം വീണ് ചീത്തയാവും, ചോര്‍ച്ചക്ക് സാധ്യത ഏറെയാണ് തുടങ്ങിയ പരിമിതികള്‍ ഇതിനുണ്ട് എന്നത് തള്ളിക്കളയാനാവില്ല. എന്നാല്‍, വാട്ടര്‍പ്രൂഫ് പെയിന്‍റിംഗ് ഉപയോഗിക്കാന്‍ തയാറായാല്‍ ഇതിലെ ആദ്യത്തെ പ്രശ്നം മറികടക്കാനാവും. ഗുണമേന്‍മയുള്ള അസംസ്കൃത വസ്തുക്കളും നിര്‍മാണത്തിലെ ശാസ്ത്രീയതയും ഉറപ്പുവരുത്തുക എന്നതാണ് രണ്ടാമത്തെ പ്രശ്നത്തിനുള്ള പ്രതിവിധി.
സ്ഥലത്തിന്‍റെ കിടപ്പിനനുസരിച്ചുള്ള ഏതു മോഡലിലും ഇത്തരം വീടുകള്‍ നിര്‍മിക്കാം എന്നതാണ് മറ്റൊരു സൗകര്യം. സണ്‍ഷേഡിനു പകരം ജനലുകള്‍ക്ക് മുകളില്‍ മാത്രം മഴയെയും വെയിലിനെയും തടുക്കാനുള്ള പ്രൊജക്ഷന്‍ നല്‍കിയാല്‍ മതി. അത്രയും കാശും ലാഭിക്കാം.
ഇനി ഇതില്‍ തന്നെ കാശ് ഇറക്കിയും നിരവധി സുന്ദര മോഡലുകള്‍ സൃഷ്ടിക്കാം. ചരിഞ്ഞ മേല്‍ക്കൂരയുടെ ഒരു പരിമിതിയായ മുകളിലേക്കുള്ള നിര്‍മാണം ബോക്സ് ഘടനയുള്ള വീടുകള്‍ക്കില്ല എന്നതും ഭാവിയിലെ അധിക നിര്‍മിതിക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.