ഇനി മരക്കൂടുകളില്‍ ചേക്കേറാം...
text_fields‘‘കാട്...കറുത്ത കാട്, മനുഷ്യന്‍ ആദ്യം പിറന്ന വീട്...’’ എന്നാല്‍, കാടും മരങ്ങളും കയ്യൊഴിഞ്ഞ് മനുഷ്യന്‍ സിമന്‍റു കൂടാരങ്ങളില്‍ ചേക്കേറാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വീടുനിര്‍മാണത്തിനുള്ള അംസ്കൃത വസ്തുക്കളായ കല്ലും മണലും ഒക്കെ എടുത്തെടുത്ത് തീര്‍ന്നുകൊണ്ടിരിക്കുന്നു. ഇരുമ്പിനും സിമന്‍റിനും ദിനംതോറും വില വര്‍ധിക്കുന്നു. നിര്‍മാണത്തിനുള്ള സമയദൈര്‍ഘ്യവും ഏറിയേറി വരുന്നു. ഇവയൊക്കെ ഇനിയും കിട്ടാനില്ലാതെ വരുമ്പോള്‍ എന്തു ചെയ്യും നമ്മള്‍? എന്തായാലും വീടില്ലാതെ ജീവിക്കാനാവില്ലല്ളോ? അപ്പോള്‍ എന്തുകൊണ്ട് വീടുണ്ടാക്കും? ഇതിനൊരുത്തരവും മാതൃകയുമായി ഇവിടെ ഒരാള്‍ കാത്തു നില്‍പ്പുണ്ട്. കൊച്ചി ചാലിക്കാവട്ടം ജോര്‍ജ് തോമസ് ആണ് ലോകത്ത് പലയിടങ്ങളിലും ഇതിനകം നിലവില്‍ ഉള്ള എന്നാല്‍, മലയാളിക്ക് അത്ര പരിചയമില്ലാത്ത വീടുനിര്‍മാണത്തെ പരിചയപ്പെടുത്തുന്നത്.
മുഴുവന്‍ മരം കൊണ്ട് പണിത വീട്ടില്‍ താമസിക്കുക എന്നത് ഒരു അനുഭവം തന്നെയാണ്. ഈ അനുഭവത്തെ മികവുറ്റതാക്കുന്നതെങ്ങനെയെന്ന് പറയുക മാത്രമല്ല, ജോര്‍ജ് കാണിച്ചു തരികയും ചെയ്യുന്നു. അതിനായി ജോര്‍ജിന്‍റെ വൈറ്റിലയിലെ ‘വുഡ്ഹൈവി’ലേക്ക് പോവാം.
പ്രകൃതി സൗഹൃദ ഇടങ്ങള്‍ എന്നത് അന്വര്‍ഥമാക്കുന്നതാണ് മരം കൊണ്ടുള്ള വീടുകള്‍. ഇതിന്‍റെ നിര്‍മാണ നീതിയില്‍ രാസവസ്തുക്കളോ ,ധാതു ലവണങ്ങളോ ചേരുന്നില്ല. നമ്മുടെ പ്രാചീന ഗൃഹ സങ്കല്‍പത്തിലേക്കുള്ള തിരിച്ചുപോക്കും കൂടിയാവുന്നു. രണ്ടു ശതകത്തിലേറെയായി ലോകത്തുടനീളം ഇത്തരത്തിലുള്ള വീടുകള്‍ പരീക്ഷിക്കുന്നതായും അതില്‍ വിജയം കാണുന്നതായും അദ്ദേഹം പറയുന്നു.
രസകരമാണ് ഈ വീടിന്‍റെ നിര്‍മിതി. കുട്ടികള്‍ ബ്ളോക്കുകള്‍ ഉപയോഗിച്ച് കുഞ്ഞു കളി വീടുകള്‍ ഒരുക്കുന്നതുപോലെ. കുറെയേറെ മരക്കഷ്ണങ്ങള്‍ ചേര്‍ത്ത് ഘടിപ്പിച്ചുവെക്കുന്ന രീതി. എളുപ്പത്തില്‍ ചേര്‍ത്തുവെക്കാവുന്ന തരത്തില്‍ ആണ് മരക്കഷ്ണങ്ങള്‍. മരപ്പാളികള്‍ ചേര്‍ത്തിണക്കി ജോര്‍ജും കുടുംബവും വീടു നിര്‍മിച്ചത് കേവലം 14 ദിവസംകൊണ്ടാണ്!! കാനഡയില്‍ നിന്നാണ് ഇതിനാവശ്യമായ എല്ലാം ഇറക്കുമതി ചെയ്തത്. എന്തെങ്കിലും കാരണവശാല്‍ ഇനി അവിടെ നിന്ന് ഈ വീട് എടുത്തുമാറ്റി വേറൊരിടത്ത് പണിയാം എന്നതാണ് ഇതിന്‍റെ ഏറ്റവും ഗുണവശം. ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ നിരന്തരം സംഭവിക്കുന്ന മേഖലകളില്‍ ആണ് ഇത്തരം വീടുകള്‍ സാധാരണ നിര്‍മിക്കാറെങ്കിലും നമ്മുടെ നാട്ടിലും ഈ നിര്‍മിതിക്ക് സാധ്യതകള്‍ ഏറെയാണ്.
സ്ഥിര താസമത്തിനു പുറമെ, വാരാന്ത്യത്തില്‍ താസിക്കാനുള്ളതോ, അവധിക്കാല വസതിയായോ,അതുമല്ല വീടിനോട് ചേര്‍ന്നുള്ള അധിക നിര്‍മിതിയായോ ഇവ ഒരുക്കാം. കടല്‍,കായല്‍,പുഴ തീരങ്ങളിലെ റിസോര്‍ട്ടുകള്‍ക്കും കോട്ടേജുകള്‍ക്കും ഈ നിര്‍മിതി പകര്‍ത്താം.
ബഹുവിധ ഉദ്ദേശ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പയോഗിക്കാവുന്ന വിധത്തില്‍ ഇത് നിര്‍മിക്കാമെന്നതിനാല്‍ കുറഞ്ഞ സ്ഥലമെടുത്തും മരവീട് ഒരുക്കാം. ചെറിയ മരക്കഷ്ണങ്ങളായി ഭാഗങ്ങള്‍ ഇതു ഇറക്കുമതി ചെയ്യാമെന്നത് ഏറെ സൗകര്യം. ശരിയായ രീതിയില്‍ പരിചരിച്ചാല്‍ 50 വര്‍ഷത്തിലേറ ആയുസ്സുണ്ട് ഇത്തരം വീടുകള്‍ക്കെന്ന് ജോര്‍ജ് പറയുന്നു. മര വീടിനു പറ്റിയ നിരവധി പ്ളാനുകള്‍ ജോര്‍ജിന്‍റെ കൈവശമുണ്ട്. മരത്തിന്‍റെ തറകള്‍ ഇപ്പോള്‍ മിക്കയിടങ്ങളിലും സര്‍വസാധാരമായിക്കൊണ്ടിരിക്കുന്നു. കുറഞ്ഞ മലിനീകരണ സാധ്യത ആയതിനാല്‍ കുട്ടികളുടെ റൂമുകള്‍ക്കടക്കം ഇതു പരീക്ഷിച്ചുവരുന്നുണ്ട്.
വുഡ്ഹൈവിന് ഇതിനകം തന്നെ പ്രചാരം ലഭിച്ചതായി ജോര്‍ജ് പറയുന്നു. കോണ്‍ക്രീറ്റ് തൂണുകളില്‍ ഉറപ്പിച്ചതാണ് വൂഡ്ഹൈവിന്‍റെ ഒന്നാംനില. മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരു ബീച്ച് സൈഡില്‍ ജീവിക്കുന്ന പ്രതീതിയനുഭവപ്പെടുന്നു. തികച്ചും പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തില്‍ ആണ് ഈ 1200 സ്ക്വയര്‍ഫീറ്റ് ഭവനം. ലിവിങ് റൂം,ഡൈിങ് റൂം കം കിച്ചണ്‍, ബാത്റൂമുകളോടെ രണ്ട് ബെഡ്റൂം എന്നിവയടങ്ങിയതാണ് വുഡ്ഹൈവ്. വെള്ളത്തെയും ചിതലിനെയും പ്രതിരോധിക്കുന്നതാണ് ഇതിനുപയോഗിച്ച മരം.
തണുപ്പുള്ള മേഖലകളിലും ഇത്തരം വീടിനൊരു കുഴപ്പവും സംഭവിക്കുകയില്ല. എന്നാല്‍, കാലാവസ്ഥകള്‍ മാറുന്ന ഇടങ്ങളില്‍ വര്‍ഷംതോറും ചിതലിനെ പ്രതിരോധിക്കേണ്ടിവരും. ഇന്ത്യയിലെ സവിശേഷമായ കലാവസ്ഥക്കനുയോജ്യമായ വിധത്തില്‍ നിര്‍മിക്കാവുന്നതാണ് ഇങ്ങനെയുള്ള വീടുകള്‍. നിരവധി ഡിസൈനുകളിലും രൂപത്തിലും വിശാലമായോ പല നിലകള്‍ ആയോ ഇത് പണിയാം.
താപ വഹനശേഷി മരങ്ങള്‍ക്ക് കുറവായതിനാല്‍ വീടിനകം എപ്പോഴും തണുത്തിരിക്കും. കാര്‍ബണ്‍ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള മരങ്ങളുടെ ശേഷിയും ചേര്‍ന്ന് ഉന്‍മേഷകരമായ അന്തരീക്ഷം വീടുകള്‍ക്കകം പ്രദാനം ചെയ്യുന്നു. ഈ വീടിനകത്ത് കിടന്നുറങ്ങി രാവിലെ ഉറക്കമുണരുന്നത് അതീവ ഉന്‍മേഷത്തോടെയായിരിക്കും. മൈഗ്രേന്‍, ഹൈപര്‍ ടെന്‍ഷന്‍,അലര്‍ജി എന്നിവ ഉള്ളവര്‍ക്ക് അതില്‍ നിന്ന് മുക്തിനേടാം.
600 സ്ക്വയര്‍ഫീറ്റുള്ള വീട് തയാറാക്കാന്‍ കേവലം ഏഴു ദിവസം മാത്രം മതി!! ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇതിന് ഉറപ്പു കുറവായിരിക്കുമെന്ന് കരുതുന്നുണ്ടോ? എങ്കില്‍ ആശങ്കയുടെ ആവശ്യമില്ല. വീടിന്‍റെ ഉറപ്പ് എത്ര വേണമെന്ന നമ്മുടെ തീരുമാനമനുസരിച്ച് മരപ്പാളിയുടെ കനം 3.6 മുതല്‍ 10 സെന്‍റീമീറ്റര്‍ വരെ ആക്കാം. ഒറ്റ നില വീടിന് 3.5 മുതല്‍ 10.5 സെന്‍റീമീറ്റര്‍ വരെ മതി കനം. രണ്ടു നില വീടാണെങ്കില്‍ 7 മുതല്‍ 10സെന്‍റീമീറ്റര്‍ വരെയാവാം.
ഇത്തരത്തിലുള്ള നിര്‍മാണ രീതിയായതിനാല്‍ ചെലവ് ഏറെ കുറവായിരിക്കും. ഒരു കിടപ്പറയും ബാത്റൂമും അടങ്ങുന്ന അടിസ്ഥാന മോഡലിന് കേവലം നാലു ലക്ഷം ആണ് വരിക. നമ്മള്‍ വീടുനിര്‍മാണത്തിന് എത്രമാത്രം മരം ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും അതിന്‍്റെ മൊത്തം ചെലവ്.
ഇതിനോട് ചേര്‍ന്ന് വരാന്ത, തൂണുകള്‍, ബാല്‍ക്കണികള്‍ എന്നിവ കൂടി നിര്‍മിച്ചാല്‍ പൈതൃക ഭവനങ്ങളുടെ ഒരു കാഴ്ചയുമൊരുക്കാം. ഓക്ക്,ടീക്ക്, റോസ് വുഡ് തുടങ്ങിയ പ്രകൃതിദത്ത നിറങ്ങള്‍ പൂശി വളരെയേറെ ആകര്‍ഷമാക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.