അർമീനിയ-അസർബൈജാൻ അതിർത്തി സംഘർഷം: മരണം 99
text_fieldsമോസ്കോ: മുൻ സോവിയറ്റ് രാജ്യങ്ങൾ തമ്മിലെ അതിർത്തി തർക്കത്തിൽ സംഘർഷം തുടരുന്നു. കഴിഞ്ഞദിവസം നൂറോളം പേർ മരിച്ച ആക്രമണത്തിനു പിന്നാലെ ബുധനാഴ്ചയും ഇരു സേനകൾ തമ്മിൽ സംഘട്ടനം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. അസർബൈജാൻ നിയന്ത്രിക്കുന്ന, അർമീനിയക്കാർ കൂടുതൽ വസിക്കുന്ന നഗോർണോ-കരാബാഖ് പ്രദേശത്തെ ചൊല്ലിയാണ് കഴിഞ്ഞദിവസം സൈനികർക്കിടയിൽ വീണ്ടും സംഘട്ടനം പൊട്ടിപ്പുറപ്പെട്ടത്.
49 അർമീനിയക്കാരും 50 അസർബൈജാനികളും കൊല്ലപ്പെട്ടതായാണ് കണക്ക്. സമാധാനത്തിന്റെ വഴി സ്വീകരിക്കാൻ ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടും വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത് ആശങ്ക ഉയർത്തുന്നുണ്ട്. വിഷയം യുദ്ധത്തിലേക്ക് വഴി മാറിയാൽ റഷ്യയും തുർക്കിയുമുൾപ്പെടെ രാജ്യങ്ങൾ പങ്കാളികളായേക്കും.
ഇതാകട്ടെ, യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ മറ്റൊരു യുദ്ധത്തിനും വഴിവെച്ചേക്കും. കോക്കസസ് മലനിരകളിലെ നഗോർണോ-കരാബാഖിനെ ചൊല്ലി പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കം നിലനിൽക്കുകയാണ്. അസർബൈജാന്റെ ഭാഗമായാണ് രാജ്യാന്തര അംഗീകാരമെങ്കിലും അർമീനിയ സമ്മതിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.