യു.എൻ ബഹിരാകാശ കമ്മിറ്റിയുടെ തലപ്പത്ത് യു.എ.ഇ
text_fieldsഉംറാൻ ശറഫ്
ദുബൈ: ബഹിരാകാശ രംഗത്ത് വലിയ കുതിപ്പുകൾക്ക് നേതൃത്വം നൽകിയ യു.എ.ഇക്ക് അന്താരാഷ്ട്ര അംഗീകാരം. ബഹിരാകാശത്തിന്‍റെ സമാധാനപരമായ ഉപയോഗത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ 100 രാജ്യങ്ങളടങ്ങിയ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്‍റെ ചൊവ്വാ ദൗത്യത്തിന്‍റെ പ്രോജക്ട് ഡയറക്ടറായ ഉംറാൻ ശറഫ് കമ്മിറ്റി ഡയറക്ടറായി പ്രവർത്തിക്കും.
1959 മുതൽ പ്രവർത്തിക്കുന്ന യു.എന്നിലെ ഈ കമ്മിറ്റി ബഹിരാകാശ രംഗത്തെ സമാധാനപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ഈ രംഗത്തെ പര്യവേഷണത്തെ സഹായിക്കുന്ന നിയമങ്ങളും നയങ്ങളും നിർദേശിക്കുകയും ചെയ്യുന്ന സമിതിയാണ്.
സുപ്രധാന പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉംറാൻ ശറഫിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദനമറിയിച്ചു. ബഹിരാകാശ മേഖലയിൽ യു.എ.ഇ ശ്രദ്ധേയമായ സംഭാവന നൽകുന്നത് തുടരുകയാണെന്നും ഉംറാന്‍റെ പുതിയ പദവിയിൽ എല്ലാ വിജയങ്ങളും നേരുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നിയമനം യു.എ.ഇക്ക് ലഭിച്ച ബഹുമതിയാണെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.
ബഹിരാകാശത്ത് സൈനികവത്കരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയായാണ് വിലയിരുത്തപ്പെടുന്നത്. ബഹിരാകാശത്ത് ആയുധങ്ങളുടെയും സൈനിക സാങ്കേതികവിദ്യയുടെയും ഉപയോഗം വർധിച്ചുവരുന്നുണ്ട്. അതോടൊപ്പം ചാര സാറ്റലൈറ്റുകളും പലരും ഉപയോഗപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് നയങ്ങളും നിയമങ്ങളും നിർദേശിക്കുന്ന കമ്മിറ്റിയെ വളരെ ശ്രദ്ധയോടെയാണ് വിദഗ്ധർ വിലയിരുത്തുന്നത്. യു.എൻ കമ്മിറ്റിയിൽ അംഗമായി ഉംറാൻ പ്രവർത്തിച്ചു വരികയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.