Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2015 8:17 PM IST Updated On
date_range 26 Aug 2015 8:17 PM ISTഅശ്റഫ് നാട്ടിലുണ്ട്; വീടു വാങ്ങാന്‍ ആരെങ്കിലും വരുന്നതും കാത്ത്!
text_fieldsbookmark_border
ഒപ്പം നടക്കുന്നവനും എതിരെ വരുന്നവനും പിറകിലുള്ളവനുമൊക്കെ അത്തറിന്‍െറ സുഗന്ധം നല്‍കിയിരുന്ന സൗമ്യ സാന്നിധ്യമായിരുന്നു അശ്റഫിന്‍െറത്. ഒരു ശരാശരി ഗള്‍ഫുകാരന്‍െറ എല്ലാ ചേരുവകളും ചേര്‍ന്ന ആള്‍ രൂപം. അശ്റഫ് നടന്നുമറഞ്ഞാലും വഴിയില്‍ അത്തറിന്‍െറ പരിമളം തങ്ങി നിന്നിരുന്നു. അവധിക്കു വരുന്ന നാളുകളില്‍ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കുമൊക്കെ സുഗന്ധവും പുഞ്ചിരിയും നല്‍കിയാണ് അയാള്‍ കടന്നുപോയിരുന്നത്. ഒരുപാട് അംഗങ്ങളുള്ള തറവാട്ടിലെ ഇളമുറക്കാരന്‍. വലിയ അല്ലലില്ലാതെ കഴിഞ്ഞിരുന്ന സാധാരണ കുടുംബം. സഹോദരന്‍ നേരത്തേ ഗള്‍ഫില്‍ എത്തിപ്പെട്ടതുകൊണ്ട് പത്താംക്ളാസില്‍ പഠനം മുറിഞ്ഞ അശ്റഫും വിമാനം കയറാന്‍ അധികം വൈകിയില്ല. അല്ളെങ്കില്‍ തന്നെ മലബാറില്‍ കഷ്ടിച്ച് വയസ് തികഞ്ഞാല്‍ കുടുംബക്കാരില്‍ നിന്നോ ഏജന്‍റുമാര്‍ വഴിയോ വിസ സംഘടിപ്പിച്ച് മെച്ചപ്പെട്ട ജീവിതം തേടി ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് വിമാനം കയറിയിരുന്ന കാലത്ത് അശ്റഫിനും ഇവിടെ എത്താതെയിരിക്കാനാവുമായിരുന്നില്ല.
പാസ്പോര്‍ട്ട് കിട്ടിയ ഉടന്‍ അയാള്‍ സൗദി നഗരങ്ങളിലൊന്നില്‍ വിമാനമിറങ്ങി. വര്‍ഷങ്ങള്‍ ഇവിടെ അധ്വാനിച്ചു. ഫ്രീ വിസയായിരുന്നതുകൊണ്ട് സ്പോണ്‍സര്‍ക്ക് കഫാലത്ത് തുക കൊടുത്ത് എന്തു ജോലിയും ചെയ്തു. സാധാരണ പ്രവാസികളെ പോലെ രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍വന്നു. കുടിവെള്ള വിതരണമായിരുന്നു ഏറ്റവുമൊടുവില്‍ ചെയ്തിരുന്നത്. ചുമലില്‍ വെള്ളത്തിന്‍െറ കാനും ചുമന്ന് വിയര്‍ത്തൊലിച്ച് മുറിയുടെ വാതിലിന് മുന്നില്‍ നിന്നിരുന്ന അശ്റഫിനെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇപ്പോഴും ഓര്‍മയുണ്ടാവും. നാട്ടില്‍ കൂട്ടുകാരോടൊത്ത് ഓവുചാലുകള്‍ക്ക് മുകളില്‍ വെടിവട്ടം പറഞ്ഞിരുന്നും പുഴയില്‍ തിരയിട്ട് മീന്‍ പിടിച്ചും ഗോലി കളിച്ചും പള്ളിക്കുളത്തില്‍ മുങ്ങാംകുഴിയിട്ട് നിവര്‍ന്നും സിനിമ കണ്ടുമൊക്കെ കറങ്ങിയടിച്ച് നടന്നിരുന്ന യുവാവ് ഗള്‍ഫിലത്തെിയതോടെ അധ്വാനത്തിന്‍െറ വിലയറിഞ്ഞു. ഒരുമടിയും കൂടാതെ ജോലി ചെയ്യാന്‍ തുടങ്ങി. അനേകലക്ഷം പ്രവാസികളിലൊരാളായി മാറി. മറ്റേതൊരു ഫ്രീ വിസക്കാരനെയും പോലെ സ്വന്തം ടിക്കറ്റില്‍ നാട്ടിലത്തെിയിരുന്ന അവധിക്കാലത്തിനടയില്‍ വിവാഹിതനായി. നാട്ടിലെ പലരുടെയും സ്വകാര്യ മോഹമായിരുന്ന സുന്ദരിയെ തന്നെ വിവാഹം കഴിച്ചു. രണ്ടു മക്കളുണ്ടായി. തറവാട് ഭാഗം ചെയ്തപ്പോള്‍ വീടും സ്ഥലവും അയാള്‍ക്ക് ലഭിച്ചു. സഹോദരങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക നല്‍കി വീടും അത്യാവശ്യം പറമ്പും സ്വന്തമാക്കിയ പ്രവാസിയായി അശ്റഫ് മാറി. പതിയെ പതിയെ ജീവിതത്തിന് താളം കിട്ടി. വലിയ അലട്ടില്ലാതെ സ്വസ്ഥമായി അത് മുന്നോട്ടു നീങ്ങി. ഫ്രീ വിസക്കാരനായിരുന്നതുകൊണ്ട് രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടിലത്തെിയിരുന്നത് നാലോ അഞ്ചോ മാസത്തെ അവധിക്കായിരുന്നു.
‘അശ്റഫ്, റിയാദ്-കോഴിക്കോട്’ എന്നെഴുതിയ വലിയ കടലാസുപെട്ടിയുമായി അയാള്‍ വിമാനമിറങ്ങി. ജീപ്പിന് മുകളില്‍ വെച്ചുകെട്ടിയ പെട്ടിയുമായി സ്വീകരിക്കാനത്തെിയ ഭാര്യക്കും മക്കള്‍ക്കുമൊപ്പം അത്തര്‍ മണവുമായി നാട്ടിലത്തെി. സാധാരണ പ്രവാസികളുടെ വീട്ടിലേക്കുള്ള വരവുപോലെ ആഘോഷപൂര്‍വം തന്നെയായിരുന്നു അശ്റഫിന്‍െറയും വരവുകള്‍. കുതിരപ്പുറത്തേറി വരുന്ന രാജകുമാരന്‍െറ മാനസികാവസ്ഥയിലാണ് പെട്ടിയുമായി ജീപ്പിന്‍െറയോ കാറിന്‍െറയോ മുന്‍ സീറ്റിലിരുന്നുകൊണ്ടുള്ള ഓരോ പ്രവാസിയുടെയും യാത്ര. പെട്ടിയില്ലാതെയുള്ള ഗള്‍ഫുകാരന്‍െറ വരവ് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ പ്രവാസികള്‍ക്കോ ഇന്നും സങ്കല്‍പ്പിക്കാനാവില്ല. കാരണം, ഒന്നുമില്ലാതെ ഗള്‍ഫില്‍ നിന്ന് വിമാനമിറങ്ങുന്നവര്‍ ഉംറ വിസക്ക് വന്ന് കുടുങ്ങിയവരോ നാടുകടത്തല്‍ കേന്ദ്രത്തിലോ ജയിലിലോ കിടന്ന് വരുന്നവരോ വിസ തട്ടിപ്പില്‍ കുടുങ്ങിയവരോ ഒക്കെയാണ്. സാധാരണ ഗള്‍ഫുകാര്‍ അങ്ങനെയൊരു ഇമേജ് ഇഷ്ടപ്പെടാത്തതുകൊണ്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടി ഇപ്പോഴും പെട്ടികെട്ടല്‍ തുടരുന്നു. വരുമാനമില്ലാത്ത അവധിക്കാലത്ത് ചെലവഴിക്കാനുള്ള തുക കൂടി സ്വരൂപിച്ചായിരുന്നു അശ്റഫ് ഓരോ തവണയും വിമാനമിറങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ തിരിച്ചുപോകുമ്പേഴേക്ക് റിയാലിന്‍െറ കനം കുറഞ്ഞിരുന്നു. പലപ്പോഴും ഒന്നുമില്ലാതെയായിരുന്നു മടക്കം. പക്ഷേ, തിരിച്ചത്തെി രണ്ടോ മൂന്നോ മാസത്തെ അധ്വാനംകൊണ്ട് നാട്ടിലെ അവധിക്കാലത്ത് ചെലവഴിച്ചതിന്‍െറ ക്ഷീണം തീര്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ആ ജീവിതം മുന്നോട്ടു നീങ്ങി. മക്കള്‍ വളര്‍ന്നു. ഏക മകള്‍ വിവാഹപ്രായമത്തെിയതോടെ ഓടിട്ട പഴയ തറവാട് വീട് ഏതൊരു ഗള്‍ഫുകാരനെയും പോലെ പൊളിച്ച് പുതിയതുണ്ടാക്കാന്‍ അശ്റഫ് തീരുമാനിച്ചു. അപ്പോഴാണ് ഇത്രയും കാലം ഗള്‍ഫില്‍ ജീവിച്ചിട്ടും കാര്യമായി കൈയിലൊന്നുമില്ളെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. വീടിരിക്കുന്നത് അത്യാവശ്യം സ്ഥലത്തായിരുന്നതിനാല്‍ അതില്‍ നിന്ന് അല്‍പം വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത വില കിട്ടിയതുകൊണ്ട് നാട്ടിലെ നല്ല കോണ്‍ട്രാക്റ്ററെ തന്നെ വീട് പണി ഏല്‍പ്പിച്ചു. സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീട് തറയായും ചുമരായും ഉയര്‍ന്നു. നല്ല ഭംഗിയുള്ള ഇടത്തരം വീട് അശ്റഫിന്‍െറയും കുടുംബത്തിന്‍െറയും മനം കുളിര്‍പ്പിച്ചു.
ഏകദേശം 35-40 ലക്ഷത്തോളം ചെലവു വന്ന കെട്ടിടം വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത ശരാശരി പ്രവാസി വീടായിരുന്നു. വീട് പണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് എല്ലാം തകിടം മറിച്ച് സൗദിയുടെ തൊഴില്‍ സാഹചര്യം പൊടുന്നനെ മാറുന്നത്. നിതാഖാത് (പദവി മാറ്റം) എന്ന ഇടിത്തീ അന്തരീക്ഷത്തില്‍ ഭീതി പരത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ എല്ലാവരെയും പോലെ അശ്റഫ് സ്പോണ്‍സറെ കണ്ട് രേഖകള്‍ ശരിയാക്കാന്‍ ശ്രമിച്ചിരുന്നു. കാര്യത്തിന്‍െറ ഗൗരവം പിടികിട്ടാതിരുന്ന നിരവധി സൗദികളിലൊരാളായിരുന്നു സ്പോണ്‍സര്‍. അയാള്‍ക്ക് എല്ലാം ‘ഖല്ലി വല്ലി’ (കുഴപ്പമില്ല) ആയിരുന്നു. നിതാഖാത് കാലത്ത് വിവരദോഷികളായ നിരവധി സ്പോണ്‍സര്‍മാരില്‍ നിന്ന് മലയാളികള്‍ ഈ ഖല്ലി വല്ലി കേട്ടിട്ടുണ്ട്. നിതാഖാതിന്‍െറ തരം തിരിവനുസരിച്ച് സ്വദേശി ജീവനക്കാരെ ജോലിക്കുവെക്കാത്തതിനാല്‍ ചുവപ്പു കാറ്റഗറിയില്‍ കുടുങ്ങിയപ്പോഴാണ് സംഗതിയുടെ ഗൗരവം സൗദിക്ക് ബോധ്യമായത്. അയാളുടെ രേഖകള്‍ ഗവണ്‍മെന്‍റ് പുതുക്കികൊടുക്കാതെയായി. എന്നിട്ടും കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ സൗദി മെനക്കെട്ടില്ല. പകരം, അശ്റഫിന്‍െറ ഇഖാമയുടെ കാലാവധി തീര്‍ന്നപ്പോള്‍ പിന്‍വാതിലിലൂടെ പുതുക്കി റീ എന്‍ട്രി അടിച്ചു നല്‍കി. അങ്ങനെ രണ്ടു തവണ അശ്റഫ് നാട്ടിലത്തെി. ഈ വരവിനിടയില്‍ വീട് പണി കഴിഞ്ഞ് അയല്‍പക്കക്കാരെയും ബന്ധുക്കളെയുമൊക്കെ വിളിച്ച് കൂട്ടി ബിരിയാണിനല്‍കി അയാള്‍ താമസം തുടങ്ങി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവങ്ങളായിരുന്നു അത്. പുതിയ വീട്ടില്‍ താമസം തുടങ്ങിയതോടെ മകള്‍ക്ക് നല്ളൊരു കല്യാണം ഒത്തു വന്നു. നാട്ടുനടപ്പനുസരിച്ചുള്ള പണ്ടവും പണവും നല്‍കി അതും ഭംഗിയായി കഴിഞ്ഞു. മകന് ഗള്‍ഫിലൊരു ചെറിയ ജോലി ശരിയായതും ആ ഇടക്കാണ്. ഒന്നിന് പിറകെ ഒന്നായി സാമ്പത്തിക ബാധ്യതകള്‍ വന്നെങ്കിലും അതൊന്നും അശ്റഫ് കാര്യമാക്കിയില്ല. ഗള്‍ഫിലത്തെിയാല്‍ അതെല്ലാം വീട്ടാമെന്ന ചിന്തയില്‍ തലയുയര്‍ത്തി തന്നെ മുന്നോട്ടുപോയി. എന്നാല്‍, മകളുടെ കല്യാണത്തിന് ശേഷം തിരിച്ച് സൗദിയിലത്തെിയ അശ്റഫിന്‍െറ സ്പോണ്‍സര്‍ക്ക് മൂന്നാംതവണ ഇഖാമ പുതുക്കി നല്‍കാനായില്ല. കാര്യങ്ങളെല്ലാം പെട്ടെന്ന് ശരിയാക്കാമെന്നും വേറെ വിസ അയച്ചു തരാമെന്നും സ്പോണ്‍സര്‍ ഉറപ്പു നല്‍കിയതോടെ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ വിചാരിച്ച വേഗതയില്‍ ഒന്നും നടന്നില്ല. സ്പോണ്‍സറുടെ വിളിയും കാത്ത് അശ്റഫ് നാളുകള്‍ എണ്ണി. അത് മാസങ്ങളിലേക്ക് നീണ്ടു. എങ്ങനെയെങ്കിലും ഗള്‍ഫിലത്തൊന്‍ എല്ലാ മാര്‍ഗങ്ങളും നോക്കിയെങ്കിലും വാതിലുകള്‍ ഓരോന്നായി അടഞ്ഞു. മകന്‍െറ ശമ്പളംകൊണ്ട് കഷ്ടിച്ച് വീട്ടു ചെലവ് കഴിച്ചു കൂട്ടാനായെങ്കിലും തനിക്ക് ചുറ്റും കടങ്ങള്‍ പ്രളയം പോലെ നുരഞ്ഞുപൊങ്ങുന്നത് അയാളറിഞ്ഞു. ഇക്കണ്ടകാലം മുഴുവന്‍ ഗള്‍ഫില്‍ ജീവിച്ചതിന്‍െറ സ്മാരകമായി താന്‍ പണികഴിപ്പിച്ച സ്വപ്നഭവനത്തില്‍ ഉറക്കംവരാതെ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. മുകളില്‍ കറങ്ങുന്ന ഫാനിനടിയില്‍ വിയര്‍പ്പില്‍ മുങ്ങി. ഭാര്യയുടെ നെടുവീര്‍പ്പുകള്‍ നെഞ്ച് പൊള്ളിച്ചു.
ദിവസം കഴിയുന്തോറും സ്വസ്ഥത നഷ്ടപ്പെട്ടു. പെറ്റുപെരുകുന്ന കടം വീട്ടാന്‍ മാര്‍ഗങ്ങളൊന്നുമില്ലാതെ വലഞ്ഞപ്പോഴും ആരെയും ഒന്നും അറിയിച്ചില്ല. അയല്‍പക്കക്കാരോടോ സുഹൃത്തുക്കളോടോ വിഷമങ്ങള്‍ പറയാന്‍ അഭിമാനം അനുവദിച്ചില്ല. ഒടുവില്‍ അയാള്‍ തീരുമാനിച്ചു. വീടു വില്‍ക്കുക! ഹൃദയം നുറുങ്ങുന്ന വേദനയിലും അതല്ലാതെ അയാളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. അയല്‍പക്കക്കാര്‍ അറിഞ്ഞ് ചോദ്യങ്ങളുണ്ടാവാതിരിക്കാന്‍ രഹസ്യമായാണ് വില്‍പ്പനയുടെ കാര്യം അയാള്‍ കച്ചവടക്കാരോട് പറഞ്ഞത്. എന്നാല്‍, കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ഒരു ചെവിയില്‍ നിന്ന് മറ്റൊരു ചെവിയിലേക്ക് അത് പടര്‍ന്നു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ ആ വീടിന് ചുറ്റും വട്ടമിട്ടു പറക്കുന്നു. പരമാവധി വില കുറക്കാന്‍. കടംപെരുകുമ്പോള്‍ കിട്ടുന്ന വിലക്ക് അത് വിറ്റുപോകുമെന്ന് അവര്‍ക്കറിയാം. ഒരു ജീവിതകാലം മുഴുക്കെ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ സ്വപ്നത്തിന്‍െറ വില കുറയുന്നതും കാത്ത് കഴുകക്കണ്ണുകള്‍ വലംവെക്കുന്ന വീട്ടില്‍ അശ്റഫും കുടുംബവും കഴിയുന്നു. ഉള്ളില്‍ സങ്കടക്കടല്‍ ഒളിപ്പിച്ച് അത്തറിന്‍െറ മണം പരത്തി അയാള്‍ ഇപ്പോഴും നാട്ടിലുണ്ട്. മനസ്സു തളര്‍ന്നതോടെ ശരീരം വിവിധ രോഗങ്ങളായി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും അധ്വാനിച്ച് ജീവിതം കെട്ടിപ്പടുക്കാനുള്ള ശേഷി അയാളിലില്ല. പെറ്റുവളര്‍ന്ന നാട്ടില്‍ നിന്ന്, ഏറെ മോഹിച്ചുണ്ടാക്കിയ വീട്ടില്‍ നിന്ന് പറിച്ചു നടുന്ന നാളുകളും കാത്ത് അയാള്‍ ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നു... ഇതൊരു ശരാശരി പ്രവാസിയുടെ പൊള്ളുന്ന ജീവിതമാണ്. ഗള്‍ഫില്‍ കഴിയുന്ന നാളുകളില്‍ ജോലി നഷ്ടപ്പെടുന്നതോ അസുഖം വരുന്നതോ ജീവിതം മാറിമറിയുന്നതോ ഒന്നും ആരുടെയും മനസ്സിലുണ്ടാവില്ല. അങ്ങനെയൊന്ന് തന്‍െറ ജീവിതത്തില്‍ സംഭവിക്കില്ളെന്ന് ഓരോ പ്രവാസിയും വിശ്വാസിക്കുന്നു. കിട്ടുന്നതെല്ലാം ചെലവഴിച്ച് അതെന്നും കിട്ടിക്കൊണ്ടിരിക്കുമെന്ന ധാരണയില്‍ അവര്‍ ഗള്‍ഫുകാരായി കഴിയുന്നു. അതിനിയും തുടരും. അവര്‍ക്കിടയില്‍ നിന്ന് എത്ര അശ്റഫുമാരുണ്ടായാലും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story