കേംബ്രിഡ്ജ് ഐജിസിഎസ്ഇ പരീക്ഷയിൽ 100% വിജയം
text_fieldsമനാമ: 2026 ജൂണിൽ നടന്ന കേംബ്രിഡ്ജ് IGCSE പരീക്ഷയിൽ മിന്നുന്ന വിജയവുമായി അൽ നൂർ ഇന്റർനാഷണൽ സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ പേരും വിജയിച്ച് നൂറ് ശതമാനം വിജയം കൈവരിച്ചാണ് സ്കൂൾ അക്കാദമിക് മികവ് വീണ്ടും തെളിയിച്ചത്.
പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 73 ശതമാനം പേരും എ സ്റ്റാർ, എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി. ആകെ വിദ്യാർത്ഥികളുടെ 90 ശതമാനത്തോളം പേർ ‘എ സ്റ്റാർ മുതൽ സി’ വരെയുള്ള ഉന്നത ഗ്രേഡുകൾ നേടിയാണ് പരീക്ഷയിൽ വിജയിച്ചത്. കേംബ്രിഡ്ജ് പരീക്ഷയിൽ 182 വിദ്യാർത്ഥികൾ എ സ്റ്റാർ ഗ്രേഡും, 393 പേർ എ ഗ്രേഡും, 312 പേർ ബി ഗ്രേഡും കരസ്ഥമാക്കി അൽ നൂർ സ്കൂളിന് മികച്ച നേട്ടം സമ്മാനിച്ചു.
വിദ്യാർഥികളുടെ ഈ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് സ്കൂൾ ഫൗണ്ടർ ചെയർമാൻ അലി ഹസൻ വ്യക്തമാക്കി. സ്കൂൾ സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും സ്കൂളിലെ അക്കാദമിക് പിന്തുണയുടെയും പ്രതിഫലനമാണ് ഈ ഫലമെന്ന് ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് അഭിപ്രായപ്പെട്ടു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ കൂഹെജി അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ അധ്വാനത്തോടൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വിജയത്തിന് പങ്കാളികളായ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അൽ നൂർ ഇന്റർനാഷണൽ സ്കൂൾ മാനേജ്‌മെന്റ് ആശംസകൾ അറിയിച്ചു.

