മൈഗവ് ആപ്പിൽ 24 പുതിയ സർക്കാർ സേവനങ്ങൾ കൂടി
text_fieldsമനാമ: ഓർഗൻ ഡൊണേഷൻ ഉൾപ്പെടെ 24 പുതിയ സർക്കാർ സേവനങ്ങൾ കൂടി മൈഗവ് മൊബൈൽ ആപ്പിൽ ലഭ്യമാക്കിയതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ഖാഇദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ട്രാഫിക്, ഗതാഗത മന്ത്രാലയം, വൈദ്യുതി, ജല വകുപ്പ് തുടങ്ങിയ മേഖലകളിലെ സേവനങ്ങളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയത്.
പുതിയ അപ്ഡേറ്റിൽ, ഐ.ഡി കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള സേവനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പേയ്മെന്റ് നോട്ടിഫിക്കേഷനുകൾ, അടിയന്തര സാഹചര്യങ്ങളിലെ അലർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തികൾക്കുള്ള 'മൈഗവ്', ബിസിനസുകാർക്കും നിക്ഷേപകർക്കുമുള്ള 'അൽതാജിർ' , സന്ദർശകർക്കുള്ള 'വിസിറ്റ് ബഹ്‌റൈൻ' എന്നീ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളിലേക്ക് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അൽ ഖാഇദ് പറഞ്ഞു.
നിലവിൽ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ആപ് മൈഗവ് ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. താമസിയാതെ ഇ-ട്രാഫിക് ആപ്പും ഇതിലേക്ക് ലയിപ്പിക്കും. അതിനുശേഷം ഈ രണ്ട് ആപ്പുകളും നിർത്തലാക്കും. സ്റ്റുഡന്റ് എക്സാം റിസൾട്ട്സ് ആപ്പും ഇതോടൊപ്പം നിർത്തലാക്കും. ഈ വർഷം ആദ്യ പാദത്തിൽ പുറത്തിറക്കിയ മൈഗവ് ആപ്പ് ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച സുരക്ഷിതമായ ലോഗിൻ സംവിധാനമായ ഇ-കീ 2.0 450,000-ൽ അധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ 80008001 എന്ന നമ്പറിലുള്ള ഗവൺമെന്റ് സർവീസസ് കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. കൂടാതെ, ദേശീയ നിർദേശങ്ങളും പരാതികളും സമർപ്പിക്കാനുള്ള തവാസുൽ സംവിധാനം വഴിയോ തവാസുൽ ആപ് വഴിയോ അഭിപ്രായങ്ങൾ അറിയിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.