ഞായറാഴ്ചത്തെ ബഹ്റൈൻ- കോഴിക്കോട് സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsമനാമ: ഞായറാഴ്ചത്തെ കോഴിക്കോട്ടേക്കുള്ള സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഞായറാഴ്ച പുലർച്ച കോഴിക്കോടുനിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവിസും റദ്ദാക്കിയിട്ടുണ്ട്. ഓപറേഷനൽ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിവരം. നിലവിൽ വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേക്ക് എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. പെട്ടെന്നുള്ള റദ്ദാക്കലുകൾ യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായും അവധിക്കായും നാട്ടിലേക്ക് പോകാനൊരുങ്ങിയവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. അതുപോലെ ബഹ്റൈനിലേക്ക് പെട്ടെന്ന് എത്തേണ്ടവരെയും റദ്ദാക്കൽ സാരമായി ബാധിച്ചിട്ടുണ്ട്.
കോഴിക്കോടിന് അടുത്തുള്ള കണ്ണൂരിലേക്ക് വ്യാഴാഴ്ച മാത്രമേ ബഹ്റൈനിൽനിന്ന് എക്സ്പ്രസിന് സർവിസുള്ളൂ. വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി നിലവിൽ ആഴ്ചയിൽ നാല് ദിവസമാണ് കൊച്ചിയിലേക്കുള്ള സർവിസ്. കോഴിക്കോട്ടെ സർവിസ് റദ്ദാക്കിയാൽ ഞായറാഴ്ച അടുത്തുള്ള ഈ രണ്ട് സ്ഥലങ്ങളിലേക്കും ടിക്കെറ്റെടുക്കാൻ സാധിക്കില്ല. അടിയന്തര ആവശ്യമുള്ളവർ മറ്റ് എയർലൈനുകളെ പകരം ആശ്രയിക്കേണ്ടി വരും. അതിനായി ടിക്കറ്റിന് വലിയ തുക നൽകേണ്ടി വരും.
കഴിഞ്ഞയാഴ്ച കൊച്ചിയിലേക്കുള്ള വിമാനവും സമാനകാരണത്താൽ റദ്ദാക്കിയിരുന്നു. കോഴിക്കോടിനെ അപേക്ഷിച്ച് മറ്റ് എയർപോർട്ടുകൾക്കാണ് റദ്ദാക്കലിലൂടെ പ്രതിസന്ധി കൂടുന്നത്. സർവിസുള്ള ദിവസം വിമാനം റദ്ദാക്കിയാൽ പകരം തൊട്ടടുത്തദിവസം യാത്രക്കുള്ള സാധ്യത ആ വിമാനത്താവളങ്ങളിലേക്കില്ല. കൊച്ചിയിലേക്ക് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സർവിസുണ്ടെങ്കിലും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ആഴ്ചയിൽ ഒരു സർവിസ് മാത്രമാണുള്ളത്.
സർക്കാർ സംവിധാനങ്ങളിൽനിന്ന് പൂർണമായി എയർലൈൻ വ്യതിചലിച്ചതിനാൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സാമൂഹിക പ്രവർത്തകരുടെ ഭാഷ്യം. അടുത്ത ഏഴ് ദിവസം ഇതേ ടിക്കറ്റുപയോഗിച്ച് യാത്രക്കാർക്ക് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാമെന്നും അല്ലെങ്കിൽ ടിക്കറ്റിന് വന്ന തുക മുഴുവനായും തിരികെ ലഭിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.airindiaexpress.com സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.