ഒരുപാട് ജീവിതങ്ങൾക്ക് ഊന്നുവടിയായ ഒരു മനുഷ്യൻ
text_fieldsഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയെപ്പോലെ വിശ്വാസ ജീവിതത്തിലേക്ക് കടന്നുവരുകരും, നന്മകളുടെ നറുനിലാവ് പൊഴിക്കുന്ന, ആത്മീയതയിൽ പൊതിഞ്ഞുവെച്ച സമ്മാനങ്ങൾ നൽകി തിരിച്ചു പോവുകയും ചെയ്യുന്ന വല്ലാത്തൊരു പ്രതിഭാസമാണ് പരിശുദ്ധ റമദാൻ എന്നത്. വ്യക്തിപരമായ ആരാധന എന്നതിനപ്പുറം സാമൂഹികമായ ഒത്തുചേരലും, അന്നംകൊണ്ടും, അലിവുകൊണ്ടും കൂടുതൽ കൂടുതൽ അപരരെ ചേർത്തുപിടിക്കുന്ന മനോഹരങ്ങളായ ദിന രാത്രങ്ങളത്രേ പുണ്യമാസം നമുക്കായി വെച്ചുനീട്ടുന്നത്. ശുഷ്കമായ കാഴ്ചകളുടെ മതിൽക്കെട്ടുകൾ പൊളിച്ച് അതി വിശാലമായ മനുഷ്യ ജീവിതങ്ങളുടെ മേച്ചിൽപുറമായ പ്രവാസ ഭൂമികയിലെ നോമ്പനുഭവങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒന്നാണെന്നു പറയാതെ വയ്യ.
മരുക്കാറ്റിന്റെ ഉഷ്ണത്തിൽ കുത്തിയൊലിച്ചു പോയതും, എണ്ണപ്പണത്തിന്റെ വർണാഭമായ പ്രഭയിൽ വെട്ടിത്തിളക്കപ്പെട്ടതുമായ പലവിധം ജീവിതങ്ങൾ ഈ മരുഭൂമി നമുക്ക് കാട്ടിത്തരുന്നുണ്ട്. ചുരുക്കത്തിൽ, സംഭവബഹുലങ്ങളായ കഥകൾക്കുടമകളാണ് ഓരോ പ്രവാസിയായ മനുഷ്യരും. ജീവിതം വെച്ചുള്ള ചൂതുകളിയിൽ വാണവരും വീണവരുമായ ഒരുപാട് മനുഷ്യരുടെ കഥകൾ അടങ്ങിയ വലിയൊരു സമാഹാരമാണ് അക്ഷരാർഥത്തിൽ പ്രവാസ ലോകം എന്നു തീർത്തുപറയാം.
ഒരു റമദാനിൽ പള്ളിയിൽ വെച്ച് പരിചയപ്പെട്ട ഒരു ബംഗ്ലാദേശ് സ്വദേശിയെ ഈ വേളയിൽ വല്ലാതെ ഓർത്തുപോകുന്നു. ചുറുചുറുക്കുള്ള ഒരു മധ്യവയസ്കൻ. പള്ളിയിൽ വെച്ചുള്ള പരിചയത്തിന്റെ പേരിൽ കടയിലെ സ്ഥിരം സന്ദർശകനായി അയാൾ മാറാൻ അധിക സമയം വേണ്ടിവന്നില്ല. ചില്ലറ കരാർ ജോലികളൊക്കെയായി മാസം നല്ലൊരു തുക അയാൾ സമ്പാദിക്കുന്നുണ്ടെന്ന് ഒരു സംഭാഷണ മധ്യേ അയാൾ പറഞ്ഞത് ഓർത്തുപോവുന്നു. പക്ഷേ, പത്തു വർഷത്തിൽ അധികമായി അയാൾ പിറന്ന നാട് കണ്ടിട്ട് എന്നു പറഞ്ഞപ്പോൾ അതിന്റെ കാരണമറിയാൻ എനിക്ക് വല്ലാത്ത ആകാംക്ഷ തോന്നി. ആദ്യമൊക്കെ വഴുതിമാറിയെങ്കിലും ഒരുനാൾ ഇന്നലെകൾ ആ മനുഷ്യൻ എന്റെ മുന്നിൽ കുടഞ്ഞിടുകതന്നെ ചെയ്തു.
35 വർഷമായി അയാൾ ഈ മണ്ണിലെത്തിയിട്ട്. പല വിധ ജോലികൾ ചെയ്തു. കഷ്ടപ്പാടിൽ മുങ്ങിത്താണ കുടുംബത്തിനെ കര കയറ്റി, പുതിയ വീട് വെച്ചു, കുടുംബത്തിലെ പലരേയും ഇങ്ങോട്ട് കൊണ്ടുവന്നു. വിവാഹമാണ് സത്യം പറഞ്ഞാൽ അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു കളഞ്ഞത് എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ജീവന് തുല്യം സ്നേഹിച്ച പ്രിയപ്പെട്ടവൾക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സത്യം അയാളെ തളർത്തിക്കളഞ്ഞു. വർഷങ്ങളോളം ആ ആഘാതത്തിൽനിന്ന് അയാൾക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. പക്ഷേ, പിന്നീട് ജീവിതത്തിൽ അയാൾ ഒരു സുപ്രധാന തീരുമാനമെടുത്തു. തന്റെ സ്വത്തുക്കൾ മുഴുവൻ വിറ്റ് ഒരു അഗതി മന്ദിരം പണിതു. അത്താണിയില്ലാത്ത സഹ ജീവികൾക്ക് താമസവും ഭക്ഷണവും വിനോദവുമൊക്കെയായുള്ള ആ പ്രസ്ഥാനത്തിന്റെ നടത്തിപ്പ് നാട്ടിലെ നിസ്വാർഥരായ കുറച്ചു സുഹൃത്തുക്കൾക്ക് ഏൽപിച്ചു കൊടുത്തു. കിട്ടുന്ന വരുമാനം മുഴുവൻ ആ സ്ഥാപനത്തിന് അയച്ചുകൊടുത്തുകൊണ്ട് ഒരുപാട് മനുഷ്യർക്ക് അത്താണിയായ ആ വ്യക്തിയുടെ കഥ കേട്ടപ്പോൾ എന്റെ ഇമകൾ നനഞ്ഞു. നമ്മൾ ഓരോരുത്തരെയും പടച്ചവൻ ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് ഓരോ നിയോഗത്തിനത്രെ.
റമദാനിന്റെ ഓർമകളിലേക്ക് ഊളിയിടുമ്പോൾ ഒരു വ്രതമാസ രാവിൽ ഹൃദയത്തിലേക്ക് കയറിവന്ന അയാളെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാനാണ്. പ്രയാസങ്ങളുടെ കൊടുങ്കാറ്റിൽ വീണുപോകുന്ന മനുഷ്യർക്ക് സ്വയം ഊന്നുവടിയായി മാറിയ ആ സഹോദരൻ ഓർമകളുടെ അറയിൽ മനുഷ്യത്വത്തിന്റെ മഹാ ഗോപുരമായി തന്നെ ഉയർന്നുനിൽക്കുന്നുണ്ട്. നോമ്പിന്റെ സത്ത എന്നുള്ളത് വിശപ്പ് അറിയുക എന്നു മാത്രമല്ലല്ലോ, വിശക്കുന്നവന് താങ്ങാവുക എന്നതുകൂടിയാണല്ലോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.