പ്രവാസി തൊഴിലാളികൾക്കായി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
text_fieldsപ്രവാസി തൊഴിലാളികൾക്കായുള്ള ബോധവത്കരണ കാമ്പയിനിൽനിന്ന്
മനാമ: നടപ്പാതകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ സതേൺ ഗവർണറേറ്റിൽ പ്രവാസി തൊഴിലാളികൾക്കായി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. റസ്റ്റാറന്റുകൾ, കാന്റീനുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവിടങ്ങളിലെ തൊഴിലാളികളെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. സതേൺ മുനിസിപ്പൽ കൗൺസിലിന്റെ ‘മുൽതസിമൂൻ’ എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
അൽ ഹാജിയാത്തിലെ 80ലധികം കടകളിൽ ഇതിന്റെ ഭാഗമായി പരിശോധന നടത്തി. താമസക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് കൗൺസിൽ ഡയറക്ടർ ജനറൽ ഈസ അൽബുഐനൈൻ പറഞ്ഞു. ചില തൊഴിലാളികൾ കടകൾക്ക് മുന്നിൽ മാലിന്യം വലിച്ചെറിയുന്നതും കസേരകൾ വെച്ച് കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കാമ്പയിൻ ആരംഭിച്ചത്. നിയമങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, നിയമലംഘനങ്ങൾ കണ്ടെത്തുകയല്ല പ്രധാനമെന്നും അൽബുഐനൈൻ കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായി തൊഴിലാളികളുമായി നേരിട്ട് സംസാരിക്കുകയും വിഡിയോകളും മറ്റു മാധ്യമങ്ങളും ഉപയോഗിച്ച് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. നേരത്തേ, വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി സമാനമായ കാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. റിഫയിലും സമീപ പ്രദേശങ്ങളിലും കടകൾ, പ്രത്യേകിച്ച് റസ്റ്റാറന്റുകൾ, കാന്റീനുകൾ എന്നിവ പൊതുസ്ഥലങ്ങൾ കൈയേറി കസേരകളും മേശകളും വെക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഈ നടപടി. ഇത് നിയമവിരുദ്ധമാണെങ്കിലും, സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാലും പത്രങ്ങൾ വായിക്കാത്തതിനാലും പല തൊഴിലാളികൾക്കും നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് അൽബുഐനൈൻ വ്യക്തമാക്കി.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിലേറെയുമെന്ന് അൽബുഐനൈൻ പറഞ്ഞു. അവർക്ക് അറബി ഭാഷ നന്നായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും നിയമം ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല അവർ ഇത് ചെയ്യുന്നത്, മറിച്ച് അറിവില്ലായ്മ മൂലമാണ്, അതുകൊണ്ട് സൗഹൃദപരമായ സമീപനമാണ് ഏറ്റവും നല്ല മാർഗമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.