2025 ലെ മാനവ വികസന റിപ്പോർട്ടിൽ മികച്ച നേട്ടവുമായി ബഹ്‌റൈൻ
text_fieldsഅറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനവും ആഗോളതലത്തിൽ 38-ാം സ്ഥാനവും പവിഴദ്വീപിനാണ്
മനാമ: ഐക്യരാഷ്ട്ര വികസന പദ്ധതി (യു.എൻ.ഡി.പി) പുറത്തിറക്കിയ 2025ലെ മാനവ വികസന റിപ്പോർട്ടിൽ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ബഹ്റൈൻ. ആഗോളതലത്തിൽ 38-ാം സ്ഥാനവും സ്വന്തമാക്കിയിരിക്കയാണ് രാജ്യം. 0.899 എന്ന ഉയർന്ന മാനവ വികസന സൂചിക (എച്ച്.ഡി.ഐ) സ്കോറാണ് ബഹ്‌റൈൻ നേടിയത്. ജീവിത പ്രതീക്ഷ, വിദ്യാഭ്യാസം, ആളോഹരി വരുമാനം എന്നിവയിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് മാനവ വികസന സൂചിക തയ്യാറാക്കുന്നത്. പൂജ്യത്തിനും ഒന്നിനും ഇടയിലാണ് സൂചികയുടെ മൂല്യം. ഉയർന്ന മൂല്യം മെച്ചപ്പെട്ട വികസനത്തെയാണ് സൂചിപ്പിക്കുന്നത്.
അറബ് ലോകത്ത് യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ 15-ാം സ്ഥാനത്തുള്ള യു.എ.ഇ.യുടെ സ്കോർ 0.940 ആണ്. 0.900 സ്കോറുമായി സൗദി അറേബ്യ ആഗോളതലത്തിൽ 37-ാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ബഹ്‌റൈന് തൊട്ടുമുമ്പിലായി രണ്ടാം സ്ഥാനത്തുമുണ്ട്‍.
0.886 സ്കോറുമായി അറബ് ലോകത്ത് നാലാമതും ആഗോളതലത്തിൽ 43-ാം സ്ഥാനത്തുമാണ് ഖത്തർ. തൊട്ടുപിറകെ 0.858 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് ഒമാനാണ്. ആഗോളതലത്തിൽ 50 ആണ് സുൽത്താനേറ്റിന്‍റെ സ്ഥാനം. അറബ് ലോകത്ത് ആറാമതും ആഗോളതലത്തിൽ 52-ാം സ്ഥാനത്തുമാണ് കുവൈത്ത്. 0.852 ആണ് കുവൈത്തിന്‍റെ സ്കോർ. അറബ് രാജ്യങ്ങളിൽ അവസാന സ്ഥാനത്ത് ഫലസ്തീനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.