ഗൾഫ് മേഖലയിലെ ആദ്യ വാട്ടർ സ്പോർട്സ് കേന്ദ്രമാവാൻ ഒരുക്കവുമായി ബഹ്റൈൻ
text_fieldsമനാമ: ഗൾഫ് മേഖലയിലെ ആദ്യ വാട്ടർ സ്പോർട്സ് കേന്ദ്രമാവാനുള്ള ഒരുക്കവുമായി ബഹ്റൈൻ. നീന്തൽ, ഡൈവിങ്, ആർട്ടിസ്റ്റിക് നീന്തൽ, ഓപൺ വാട്ടർ നീന്തൽ, വാട്ടർ പോളോ എന്നിവയിലെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ പ്രതിഭകളെ പരിശീലിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള ഒരു പ്രാദേശിക വേദിയായി ബഹ്റൈൻ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യം. ഇതിന്റെ ഭാഗമായി ബഹ്റൈൻ അക്വാട്ടിക്സ് ഫെഡറേഷനും വേൾഡ് അക്വാട്ടിക് ഫെഡറേഷനും ഈയിടെ ഒരു ഏകോപനയോഗം വിഷയവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ജി.എഫ്.എച്ച് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ പിന്തുണയോടെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ബഹ്റൈനുമായി സഹകരിച്ചാണ് സെന്റർ സ്ഥാപിക്കുന്നത്.
യോഗത്തിൽ ബഹ്റൈൻ അക്വാട്ടിക്സ് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുല്ല ആതിയ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ഓഫ് ഓപറേഷൻസ് അഹ്മദ് അബ്ദുൽ ഗഫൂർ, ഫെഡറേഷൻ ബോർഡ് അംഗം ഫർഹാൻ സാലിഹ് എന്നിവർ പങ്കെടുത്തു. പദ്ധതി രാജ്യത്തിന് ഒരു തന്ത്രപരമായ നീക്കമാണെന്നും അന്താരാഷ്ട്ര ടൂർണമെന്റുകളും മത്സരങ്ങളും ആതിഥേയത്വം വഹിക്കാനുള്ള ബഹ്റൈന്റെ കഴിവ് വർധിപ്പിക്കുമെന്നും ആഗോള തലത്തിൽ തിളങ്ങാൻ തയാറുള്ള പുതിയ തലമുറ ബഹ്റൈനി കായികതാരങ്ങളെ വളർത്തിയെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.