ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ മൂന്ന് എം.പിമാരെ പുറത്താക്കി ബഹ്‌റൈൻ പാർലമെന്റ്
text_fieldsപുറത്താക്കപ്പെട്ട എം.പിമാർ
മനാമ: ബഹ്‌റൈൻ പാർലമെന്റിലെ മൂന്ന് പ്രമുഖ എം.പിമാരുടെ അംഗത്വം റദ്ദാക്കാൻ ഇന്ന് നടന്ന അസാധാരണ സമ്മേളനത്തിൽ തീരുമാനമായി. സഭയുടെ ഒന്നാം ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ നബി സൽമാൻ, സർവിസ് കമ്മിറ്റി ചെയർമാൻ മംദൂഹ് അൽ സലേഹ്, സമിതി അംഗം ഡോ. മഹ്ദി അൽ ശുവൈഖ് എന്നിവർക്കെതിരെയാണ് ഐകകണ്ഠേനയുള്ള നടപടി. സഭാംഗത്തിന് ആവശ്യമായ വിശ്വാസ്യതയും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിൽ ഇവർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സഭ ഇവരെ പുറത്താക്കിയത്.
ജുഡീഷ്യൽ അതോറിറ്റി നിയമവുമായി ബന്ധപ്പെട്ട 2024-ലെ 13-ാം നമ്പർ ഉത്തരവിൽ നടന്ന ചർച്ചകളാണ് നടപടികൾക്ക് ആധാരമായത്. ഇറാൻ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ചവർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ചുകൊണ്ട് ഇവർ നടത്തിയ പ്രസ്താവനകൾ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ഭൂരിഭാഗം എം.പിമാരും അഭിപ്രായപ്പെട്ടു. ഇതിനെത്തുടർന്ന് 37 നിയമസഭാംഗങ്ങൾ ഒപ്പിട്ട ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്.
സമ്മേളനത്തിൽ പങ്കെടുത്ത 40ൽ 36 എം.പിമാരും ഇവർക്കെതിരെ വോട്ട് ചെയ്തു. ഭരണഘടനയുടെ 99-ാം അനുച്ഛേദവും പാർലമെന്റിന്റെ ആഭ്യന്തര ചട്ടങ്ങളും അനുസരിച്ചാണ് ഈ അംഗത്വം റദ്ദാക്കൽ നടപടി പൂർത്തിയാക്കിയത്. എം.പി ഹനാൻ ഫർദാൻ വോട്ടെടുപ്പ് സമയത്ത് ഹാജരായിരുന്നില്ലെങ്കിലും പിന്നീട് സഭയിലെത്തി.
ഓരോ എം.പിയുടെയും പേര് വിളിച്ച് പ്രത്യേകം വോട്ടെടുപ്പ് നടത്തിയ ശേഷമാണ് സീറ്റുകൾ ഒഴിഞ്ഞതായി സ്പീക്കർ അഹമ്മദ് അൽ മുസല്ലം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ ഐക്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടുകൾ ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്ന് നടപടിയെ പിന്തുണച്ചവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

