രാജ്യത്തെ എണ്ണയിതര വരുമാനം; 15 ശതമാനം വർധന
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ബഹ്റൈനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എണ്ണയിതര വരുമാനത്തിൽ 15 ശതമാനത്തിന്റെ മികച്ച വർധനവ് രേഖപ്പെടുത്തി. 2024-ലെ യഥാർത്ഥ വരുമാന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടം. ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ അന്തിമ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ ആകെ പൊതു വരുമാനം 2.688 ശതകോടി ദിനാറും ആകെ ചിലവ് 4.454 ശതകോടി ദിനാറുമാണ്. ഇതോടെ രാജ്യത്തെ ബജറ്റ് കമ്മി 1.766 ശതകോടി ദിനാറായി ഉയർന്നു. കണക്കാക്കിയിരുന്ന ബജറ്റ് കമ്മിയായ 1.476 ശതകോടി ദിനാറിനേക്കാൾ 290 ദശലക്ഷം ദിനാറിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എണ്ണയിതര വരുമാനം 1.387 ശതകോടി ദിനാറിലെത്തിയപ്പോൾ എണ്ണ വരുമാനം 1.301 ശതകോടി ദിനാറാണ്. ആകെ പൊതുവരുമാനത്തിന്റെ 52 ശതമാനവും എണ്ണയിതര മേഖലയിൽ നിന്നാണ് ലഭിച്ചത്. ഫീസുകളിൽ നിന്നും സേവനങ്ങളിൽ നിന്നുമുള്ള വരുമാനം 1.090 ശതകോടി ദിനാറിലെത്തി പ്രതീക്ഷിച്ചതിനേക്കാൾ 43.764 ദശലക്ഷം ദിനാറിന്റെ വർധനവ് നേടി. മൂല്യവർധിത നികുതി (വാറ്റ്) വഴി 627.352 ദശലക്ഷം ദിനാറും മൾട്ടിനാഷണൽ എന്റർപ്രൈസ് ഇൻകം ടാക്സ് വഴി 103.962 ദശലക്ഷം ദിനാറും സമാഹരിച്ചു.
സർക്കാർ കടത്തിന്റെ പലിശ ഒഴിവാക്കിയുള്ള പൊതുചെലവ് 3.402 ശതകോടി ദിനാറാണ്. ആവർത്തനച്ചെലവുകൾ 4.136 ശതകോടി ദിനാറും പദ്ധതി ചെലവുകൾ 317.932 ദശലക്ഷം ദിനാറുമാണ്. ആവർത്തനച്ചെലവിൽ തൊഴിൽ ചെലവുകൾക്കായി 1.424 ശതകോടി ദിനാറും, സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് 578 ദശലക്ഷം ദിനാറും, മറ്റ് പ്രവർത്തന ചെലവുകൾക്ക് 1.082 ശതകോടി ദിനാറും, കടത്തിന്റെ പലിശയായി 1.052 ശതകോടി ദിനാറും ഉൾപ്പെടുന്നു. രാജ്യത്തിന്റെ ആകെ പൊതു കടം 22.166 ശതകോടി ദിനാറാണ്, ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 120 ശതമാനത്തോളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

