ഇസ്രായേല്‍ സമാധാനത്തില്‍ വിശ്വസിക്കുന്നില്ളെന്ന് ഫലസ്തീന്‍ അംബാസഡര്‍
text_fieldsമനാമ: ഇസ്രായേല്‍ സമാധാനത്തില്‍ വിശ്വസിക്കുന്നില്ളെന്നാണ് അവരുടെ ചെയ്തികള്‍ വ്യക്തമാക്കുന്നതെന്ന് ബഹ്റൈനിലെ ഫലസ്തീന്‍ അംബാസഡര്‍ താഹ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഹൂറയിലെ യു.എന്‍.കേന്ദ്രത്തില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിന പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എന്‍.ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഫോര്‍ ഗള്‍ഫ് സ്റ്റേറ്റ്സും ബഹ്റൈനിലെ ഫലസ്തീന്‍ എംബസിയും ചേര്‍ന്നാണ് പരിപാടി നടത്തിയത്. ഫലസ്തീനികള്‍ ഇല്ലാത്ത ഭൂപ്രദേശം എന്ന ആശയത്തിനാണ് ഇസ്രായേല്‍ സമാധാനം എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരെ അക്രമവും ഭീകരതയും അഴിച്ചുവിടുകയാണ് ഇസ്രായേല്‍. ഗസ്സയിലെ സ്ഥിതി വളരെ മോശമാണ്. വെസ്റ്റ് ബാങ്കിലും മറ്റിടങ്ങളിലും നടക്കുന്നതുപോലുള്ള പ്രശ്നങ്ങളല്ല ഗസ്സയില്‍ നടക്കുന്നത്. ഇസ്രായേല്‍ പാസ്പോര്‍ട്ടുള്ള ഫലസ്തീനികള്‍ക്കുപോലും നല്ല പരിഗണന കിട്ടുന്നില്ല. 1948ല്‍ ഇസ്രായേല്‍ ഫലസ്തീന്‍ അധിനിവേശം നടത്തിയപ്പോള്‍ ജൂതന്‍മാര്‍ക്ക് അഞ്ചുമുതല്‍ ഏഴു ശതമാനം വരെയാണ് അവിടെ ഭൂമിയുണ്ടായിരുന്നത്. ഇന്ന് ഫലസ്തീനികള്‍ക്ക് മൂന്ന് ശതമാനം മാത്രം ഭൂമിയാണുള്ളത്. ഇസ്രായേല്‍ തടവിലാക്കിയ 90 ശതമാനം ഫലസ്തീനികളും ദീര്‍ഘകാല ജയില്‍ശിക്ഷ അനുഭവിക്കുന്നവരാണ്. ചിലര്‍ 25 വര്‍ഷമായി ജയിലിലാണ്. ചിലര്‍ക്ക് 50 വര്‍ഷം വരെയാണ് ജയില്‍ ശിക്ഷ. സമാധാനമല്ല ഇസ്രായേലിന് വേണ്ടത്. അവര്‍ക്ക് വേണ്ടത് മണ്ണും ആകാശവും കടലുമാണ്. നിലവില്‍ വെസ്റ്റ് ബാങ്കിന്‍െറ 60 ശതമാനത്തോളം ഇസ്രായേല്‍ അധിനിവേശത്തിലാണ്. ഫലസ്തീനികള്‍ക്ക് ഒരുതുണ്ട് ഭൂമിയും ഇല്ലാത്ത അവസ്ഥക്കാണ് അവര്‍ സമാധാനമെന്ന് പറയുന്നത്. യു.എസിലെ പുതിയ ഭരണകൂടം ഫലസ്തീനികളുടെ ദുരിതത്തിന് ആക്കം കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍.തീരുമാനപ്രകാരം ഭൂമി രണ്ടായി വിഭജിക്കണം. എന്നാല്‍ ഇസ്രായേല്‍ നിയമം പിന്തുടരുന്നവരല്ല. ഫലസ്തീനികള്‍ നാടുവിടുകയാണ് അവര്‍ക്ക് വേണ്ടത്. അതിനായി ബലപ്രയോഗം നടത്തുകയാണ് ഇസ്രായേല്‍. ഇതിന് അവര്‍ക്ക് യു.എസ്. പിന്തുണയും ഉണ്ട്. എംബസി ജറൂസലമിലേക്ക് മാറ്റുകയാണെന്ന് യു.എസ്.പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപ്പോള്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലും തങ്ങള്‍ 2,500 വീടുകള്‍ നിര്‍മിക്കുമെന്നാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. യുദ്ധത്തിലും സമാധാനത്തിലും ജറൂസലം നിര്‍ണായക വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, അധികാര ഭ്രമവും ആഗോള സാമ്പത്തിക താല്‍പര്യങ്ങളുമാണ് ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പരിഹാരമില്ലാതെ തുടരാന്‍ കാരണമെന്ന് യു.എന്‍.എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം (യു.എന്‍.ഇ.പി) വെസ്റ്റ് ഏഷ്യ ഓഫിസ് ഡയറക്ടറും പ്രാദേശിക പ്രതിനിധിയുമായ ഡോ.ഇയാദ് അബുമൊഗ്ഗ്ലി പറഞ്ഞു.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെ പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേര്‍ന്ന് ഫലസ്തീന് സ്വതന്ത്ര രാഷ്ട്രനിര്‍മാണത്തിനുള്ള സഹായങ്ങള്‍ നല്‍കണം. വൈദേശിക ആധിപത്യം നിലനില്‍ക്കുന്ന ഇടമാണ് ഫലസ്തീന്‍. അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതോടെ മേഖലയിലാകെ സമാധാനവും സ്ഥിരതയും ഉണ്ടാകും. അന്താരാഷ്ട്ര തലത്തിലുള്ളതും യു.എന്‍ പ്രഖ്യാപിച്ചതുമായ നിരവധി പ്രമേയങ്ങള്‍ ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശങ്ങള്‍ക്ക് അടിവരയിടുന്നുണ്ട്. ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രം എന്നുതന്നെയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച കാര്യമാണ്.
എന്നാല്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് ഇതൊന്നുമായി ബന്ധമില്ല. ജറൂസലമില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ഏകപക്ഷീയമായി നടത്തുന്ന അധിനിവേശവും നിര്‍മാണവും അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് കഴിഞ്ഞ വര്‍ഷവും പ്രമേയം പാസാക്കിയിരുന്നു. വൈദേശിക ആധിപത്യം എന്ന വിഷയത്തിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്‍െറ ശ്രദ്ധ പതിയാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഫലസ്തീനികള്‍ക്ക് എന്നും പിന്തുണയായിട്ടുണ്ട്. ഇക്കാര്യത്തില്‍ യു.എന്‍ സ്വീകരിച്ച നിലപാടുകളെ പിന്തുണക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ഗസ്സയിലെ 80 ശതമാനം ജനങ്ങള്‍ക്കും സഹായം ലഭിക്കുന്നുണ്ട്. അവിടെയുള്ള 60ശതമാനം പേരും തൊഴില്‍ രഹിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.