ബി.ജെ.പി ‘എ ക്ലാസ്’ ഫാഷിസ്റ്റ് സർക്കാർ; സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയല്ല, പരസ്യധാരണ -ഷാഫി പറമ്പിൽ എം.പി
text_fieldsമനാമ: ബി.ജെ.പിയുടേത് ‘എ ക്ലാസ്’ ഫാഷിസ്റ്റ് ഗവണ്മെന്റാണെ നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് ഷാഫി പറമ്പിൽ എം.പി. ബഹ്റൈൻ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തുടർച്ചക്കായി ഫാഷിസ്റ്റ് നയങ്ങളും വിഭാഗീയതയും ഭിന്നതയുമാണ് അവർ പ്രധാന അജണ്ടകളായി കൊണ്ട് നടക്കുന്നത്. ബി.ജെ.പിയുടെ നിലനിൽപ്പും ഈ കാര്യങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചരണകാലഘട്ടത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തിയ പല വർഗീയ പ്രസ്താവനകളും നമ്മൾ കേട്ടതാണ്. സി.പി.എം ശരിക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്. അവരും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോൾ രഹസ്യമല്ല. അവർ തമ്മിലുള്ള അന്തർധാര മാറി ഇപ്പോൾ പരസ്യധാരണയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മും ബി.ജെ.പിയും എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നത് ഞാൻ നേരിട്ട് കണ്ടതാണ്. ബി.ജെ.പി ജയിക്കുന്നത് കൊണ്ട് സി.പി.എമ്മിനോ സി.പി.എമ്മിന് വോട്ട് കിട്ടുന്നത് കൊണ്ട് ബി.ജെ.പിക്കോ പ്രശ്നമില്ലായിരുന്നു. ഇരുസംഘടനകളിലും അന്ധമായ കോൺഗ്രസ് വിരോധം മാത്രമാണ് പ്രകടമായിരുന്നത്.
സി.പി.എമ്മിന്‍റെ ഈ നിലപാട് അണികൾ തന്നെ പുനർവിചിന്തണം ചെയ്യാൻ തയ്യാറാവണം. മണിപ്പൂർ പോലുള്ള സംഭവങ്ങൾ മുമ്പിലുണ്ടായിട്ടും എന്ത് കൊണ്ടാണ് സി.പി.എം പോലെയൊരു പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു നിലപാട് പറയാൻ കഴിയുന്നത്. മണിപ്പൂരിലെ പ്രശ്നത്തിലേക്ക് മാത്രം അവർ നോക്കിയിരുന്നെങ്കിൽ അവർക്ക് ഈ നിലപാട് എടുക്കാൻ കഴിയുമായിരുന്നോ...? എന്ത് കൊണ്ട് സി.പി.എം ഈ നിലപാടെടുക്കുന്നു എന്നത് അവരും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തെളിയിക്കുന്നത്.
ഒരാളുടെ വാക്കിലോ പ്രസംഗത്തിലോ എഴുത്തിലോ സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളിലോ വന്ന നിലപാടല്ല ഇത്, ഒരു സമ്മേളന പ്രമേയത്തിൽ വന്നതാണ്. പ്രമേയമെന്നാൽ എഴുതിയും വായിച്ചും അവതരിപ്പിച്ചും കൊണ്ടുവരുന്ന ഒന്നാണ്. ഇത് അവരുടെ ആ അവിശുദ്ധബന്ധം ദൃഢപ്പെടുത്തുകയാണ്. പ്രമേയത്തിനെതിരെ ആദ്യം തന്നെ പ്രതികരിക്കുന്നത് സി.പി.എം അണികളായിരിക്കും.
നേതാക്കൾ തിരുത്തിയിട്ട് പാർട്ടി നേരെ ആവും എന്നു തോന്നുന്നില്ല എന്ന് അവർക്ക് തോന്നുകയാണെങ്കിൽ അണികൾ തിരുത്തുന്ന തെരഞെഞടുപ്പ് ആയിരിക്കും ഇനി വരാൻ പോകുന്നതെന്ന വിശ്വാസമാണ് തങ്ങൾക്കുള്ളതെന്നും ഷാഫി പറഞ്ഞു. ബഹ്റൈനിൽ യു.ഡി.ഫ്- ആർ.എം.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാഫി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.