Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതു തലമുറയുടെ ആശങ്കകൾ

പുതു തലമുറയുടെ ആശങ്കകൾ

text_fields
bookmark_border
പുതു തലമുറയുടെ ആശങ്കകൾ
cancel

യിടെ സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുമായി സംവദിക്കാൻ അവസരം ഉണ്ടായി. അവർ അഭിമുഖീകരിക്കുന്ന മാനസിക സമ്മർദങ്ങളെ കുറിച്ചും അവരുടെ ആശങ്കകളെക്കുറിച്ചും കൂടുതൽ അറിയാൻ കഴിഞ്ഞ സന്ദർഭം കൂടിയായിരുന്നു അത്. ചില ചോദ്യങ്ങൾ കേട്ടപ്പോൾ ഈ പ്രായത്തിൽ ഇത്രയും പ്രശ്നങ്ങളോ എന്ന് തോന്നിപ്പോയി. അത് കൊണ്ടാണ് ഈ ലേഖനം എഴുതുന്നത്.

വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളും, അതിനുള്ള പരിഹാരവും

•വീട്ടിൽ നിന്നുള്ള സമ്മർദം- നിനക്ക് നന്നാവണമെങ്കിൽ നീ പഠിച്ചോ എന്ന് രക്ഷിതാക്കൾ പറയുന്ന പഴയ തലമുറയുടെ കാലം മാറി. സ്കൂൾ കഴിഞ്ഞാൽ കൂട്ടുകാർക്കൊപ്പം കളിച്ചും, ചിരിച്ചും നടന്നിരുന്ന കാലവും ഏറക്കുറെ മാറി. ഇന്നിപ്പോൾ കുട്ടികളേക്കാൾ അവരുടെ പരീക്ഷ കാലത്ത് ടെൻഷൻ രക്ഷിതാക്കൾക്കാണ്. ആ ദേഷ്യവും വിഷമവുമാണ് പലപ്പോഴും സ്‌നേഹത്തിന് പകരം അവർ മക്കൾക്ക് വാരി കോരി നൽകുന്നത്. തങ്ങൾക്ക് നേടാൻ കഴിയാത്തത് മക്കളിലൂടെ നേടാനുള്ള വ്യഗ്രത കുട്ടികളുടെ ബാക്കിയുള്ള മനസമാധാനം കൂടി കളയുന്നു.

•പിയർ പ്രഷർ അഥവാ സമപ്രായക്കാരുടെ സമ്മർദം- ശാരീരികമായി ഒരു പാട് മാറ്റങ്ങൾ വരുന്ന പ്രായം ആണല്ലോ കൗമാരം അഥവാ ടീനേജ്. ഹോർമോണൽ മാറ്റങ്ങൾ ഉണ്ടാകുന്ന ഈ പ്രായത്തിൽ കുട്ടികൾ സൗന്ദര്യത്തെ പറ്റിയും, മറ്റു ശാരീരിക, കായിക, ക്ഷമതയെ പറ്റിയും പൊതുവിലുള്ള തങ്ങളുടെ വ്യക്തിത്വത്തിനെയും മിടുക്കിനെയും സമപ്രായക്കാരുമായും താരതമ്യപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന കാലമാണ്. ഈ കാലഘട്ടത്തിൽ അവരുടെ ആത്മവിശ്വാസം ഒട്ടും കുറഞ്ഞു പോവാതെ ചോർന്നു പോവാതെ നോക്കേണ്ടത് അധ്യാപകരുടെയും മാതാ പിതാക്കളുടെയും ഉത്തരവാദിത്വമാണ്.

കൂട്ടുകാരോടായിരിക്കും ഈ പ്രായത്തിൽ കുടുംബത്തിനേക്കാൾ കൂടുതൽ അടുപ്പം. അവരുടെ അഭിപ്രായങ്ങൾക്ക് മുൻഗണന കൊടുക്കുന്ന പ്രായം. അവരുമായി സമയം കൂടുതൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്ന പ്രായം. ഇതിനെല്ലാം എതിര് നിന്നാൽ മക്കൾക്ക് നിങ്ങൾ ശത്രുക്കളാകും. അവർക്കും നിങ്ങൾക്കും സ്വീകാര്യമായ മിഡ്- വേ എല്ലാ കാര്യത്തിലും എടുക്കാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം. അധ്യാപകർക്കും പഠിത്തത്തിനൊപ്പം അവരുടെ വ്യക്തി വികസനത്തിലും ശ്രദ്ധ ഊന്നി സഹാനുഭൂതിയോടെ പെരുമാറാൻ കഴിയണം.

മക്കളുടെ സുഹൃത്തുക്കളാരെല്ലാമാണെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. അവരെ വഴി തെറ്റിക്കുന്ന സൗഹൃദങ്ങൾ ആണെന്ന് തോന്നിയാൽ അതിൽ നിന്ന് പതുക്കെ മാറ്റാൻ സാധിക്കണം. അതിനാവശ്യം അവർക്ക് നിങ്ങളിൽ വിശ്വാസം ഉണ്ടായിരിക്കുക എന്നതാണ്.

ഈ വിശ്വാസം നേടിയെടുക്കാൻ അവരുമായി ക്വാളിറ്റി ടൈം ചിലവഴിക്കാൻ ശ്രദ്ധിക്കുക. അവരുടെ പിറകെ നടന്ന്‌ ചെയ്യുന്ന എല്ലാ കാര്യത്തിനും കുറ്റം കണ്ടു പിടിക്കുന്നതിന് പകരം അവർക്ക് വേണ്ട സ്വാതന്ത്ര്യം നൽകി ആവശ്യമുള്ളിടത്ത് മാത്രം ഇടപെട്ട് അഭിപ്രായം പറയുക. ആഴ്ചയിൽ ഒരു ദിവസം എങ്കിലും അവരുമായി ഉള്ളു തുറന്ന് സംസാരിക്കുക. അവർക്കിഷ്ടമുള്ള ഏതെങ്കിലും റെസ്റ്റാറൻറ്റിലോ കോഫി ഷോപ്പിലോ പോകാം. അവർക്ക് പറയാനുള്ളത് കേൾക്കുക. ഉപദേശിക്കേണ്ട ആവശ്യം ഇല്ല. നല്ല കേൾവിക്കാർ ആയാൽ മതി. പതിയെ പതിയെ അവർ അഭിപ്രായങ്ങൾ ഇങ്ങോട്ട് ചോദിക്കാൻ തുടങ്ങും.

അവർ ചെയ്യുന്ന കാര്യങ്ങളിൽ, സൗഹൃദങ്ങളിൽ, തീരുമാനങ്ങളിൽ തെറ്റുകൾ സംഭവിക്കാം. അത് പ്രായ ഭേദമെന്യേ എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതാണല്ലോ. അതിലൊന്നും പരിധിയിൽ കവിഞ്ഞ് ആശങ്കപ്പെടേണ്ട കാര്യമില്ല. പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല. മനഃസംയമനത്തോടെ പരിഹാരങ്ങളിൽ ശ്രദ്ധിക്കുമ്പോൾ പ്രശ്നങ്ങൾ ഇല്ലാതെയായി തുടങ്ങും.

•ഹോർമോണുകളുടെ അസന്തുലിതാവസ്ഥ- കൗമാര പ്രായത്തിലുള്ള പല കുട്ടികളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ഇത് പലപ്പോഴും വിഷാദം, ഉന്മേഷക്കുറവ് എന്നിവക്ക് കാരണമായേക്കാം. ഇതിന്‍റെ പ്രധാന കാരണം അമിതമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും ദേഹം അനങ്ങാതെയുള്ള ജീവിത രീതിയുമാണ്. സ്കൂൾ ബസിലും കാറിലും മാത്രം സഞ്ചരിച്ച് വേറെ കായിക പ്രവർത്തികളിലൊന്നും ഏർപ്പെടാതിരിക്കുന്നതും ഒരു കാരണം ആണ്. ജീവിത ശൈലി മാറ്റേണ്ടത് ഇങ്ങനെയുള്ള ഹോർമോണൽ പ്രശ്നങ്ങൾക്ക് അത്യാവശ്യമാണ്. കഴിയുന്നതും വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണം നൽകുക. അവർക്ക് താൽപര്യമുള്ള ഏതെങ്കിലും കല, കായിക ഇനങ്ങളിൽ കൂടി ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക. ഇതിലൊന്നും താൽപര്യമില്ലെങ്കിൽ വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങൾ അവരെ കൊണ്ട് ചെയ്യിപ്പിക്കുക. ഉദാഹരണത്തിന് സൂപ്പർ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി വരുക. വീട് വൃത്തിയായി സൂക്ഷിക്കുന്ന ജോലി അവരെ ഏൽപ്പിക്കുക തുടങ്ങിയവ അവരുടെ ഉത്തരവാദിത്തമാക്കാം. അലോപ്പതിയിലും ആയുർവേദത്തിലും, ഹോമിയോയിലും ഇത് പൂർണമായി മാറാനുള്ള ചികിത്സയുണ്ട്.

•ഇൻറ്റർനെറ്റ് ഉപയോഗം- അമിതമായുള്ള ഇൻറ്റർനെറ്റ് ഉപയോഗമാണ് മറ്റൊരു വില്ലൻ. ഒരുപാട് നേരം സ്ക്രീൻ നോക്കുന്നത് കണ്ണിന് ക്ഷീണവും മറ്റ് ശാരീരിക, മാനസിക പ്രശ്നങ്ങളും ഉണ്ടാക്കും. കുട്ടികളുടെ ശ്രദ്ധ ഇതിൽ നിന്ന് മാറ്റുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി. പഠനാവശ്യത്തിന് വേണമെന്ന് പറയുകയാണെങ്കിൽ അതിന് സമയം വെച്ച് പിന്നീട് പഠിക്കുന്ന സമയത്ത് അവ കൊടുക്കാതിരിക്കുക.

•മയക്ക് മരുന്നിന്‍റെയും മറ്റ് ലഹരി പദാർഥങ്ങളുടെയും ഉപയോഗം- ഇപ്പോൾ ഏറ്റവുമധികം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് സ്കൂളുകളിലും കോളേജുകളിലുമുള്ള കുട്ടികളുടെ മയക്ക് മരുന്നുപയോഗം.

ഇന്നത്തെ കാലത്ത് പല രക്ഷിതാക്കളും ഭയക്കുന്ന ഒരു കാര്യം സ്കൂളുകളിലും കോളജുകളിലും മയക്ക് മരുന്ന് ലഭിക്കുന്നതും ഉപയോഗിക്കുന്നതും ആണ്. പിയർ പ്രെഷർ; പിന്നെ പഠിക്കാൻ അല്പം പുറകിലോട്ടായ കുട്ടികളെ ഇവ ഉപയോഗിച്ചാൽ കൂടുതൽ കാര്യക്ഷമമായി പഠിക്കാൻ പറ്റും എന്നെല്ലാം പറഞ്ഞാണ് ആദ്യമായി ഉപയോഗിക്കാൻ പ്രലോഭിപ്പിക്കുക. കുട്ടികളെ സ്നേഹിച്ചു കൂടെ നിർത്തുക, മയക്ക് മരുന്നും, മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിന്‍റെ ദോഷ വശങ്ങൾ അവരെ പറഞ്ഞു മനസിലാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.

നിങ്ങളുടെ കുട്ടികളെ ഏറ്റവുധികം മനസ്സിലാക്കാൻ സാധിക്കുന്നത് നിങ്ങൾക്കായിരിക്കണം. അങ്ങനെയായാൽ തന്നെ പകുതി പ്രശ്നങ്ങൾക്കുള്ള പരിഹാരമായി. ഒരു ചില്ലു പാത്രം പോലെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ് കൗമാര പ്രായം. ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ ഏറ്റവും മനോഹരമായ, ആത്മവിശ്വാസവും, സന്തോഷവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും. അതിന് വേണ്ടി നമുക്ക് എല്ലാ രക്ഷിതാക്കൾക്കും, അധ്യാപകർക്കും ഒരുമിച്ച് പ്രവർത്തിക്കാം.

സുജ ജെ.പി. മേനോൻ

ഡയറക്ടർ
യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്റർ
ബഹ്‌റൈൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainAdolescence
News Summary - Concerns of the new generation
Next Story