മയക്കുമരുന്ന് വിറ്റ് പണം വെളുപ്പിക്കൽ: നാല് ഏഷ്യക്കാർക്ക് അഞ്ച് വർഷം തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
text_fieldsമനാമ: മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് ദിനാർ ബാങ്ക് അക്കൗണ്ടുകൾ വഴി വെളുപ്പിച്ച കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് അഞ്ച് വർഷം തടവും നാടുകടത്തലും വിധിച്ച് ബഹ്‌റൈൻ ഹൈ അപ്പീൽ കോടതി. ലക്ഷം ദിനാർ വീതം പിഴ വിധിച്ച അഞ്ചാം ഹൈ ക്രിമിനൽ കോടതിയുടെ ഉത്തരവ് അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.
മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 4,82,199 ബഹ്‌റൈനി ദിനാർ ബഹ്‌റൈന് അകത്തും പുറത്തുമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തി നിയമവിധേയമായ പണമാണെന്ന് വരുത്തിത്തീർക്കാൻ സംഘം ശ്രമിക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട പ്രതികളുടെ അക്കൗണ്ടുകളിൽ നിന്നായി ആകെ 4,82,199 ദിനാർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒന്നാം പ്രതിയിൽ നിന്ന് 2,11,223 ദിനാറും, രണ്ടാം പ്രതിയിൽ നിന്ന് 1,55,906.294 ദിനാറും, മൂന്നാം പ്രതിയിൽ നിന്ന് 77,910.929 ദിനാറും, നാലാം പ്രതിയിൽ നിന്ന് 37,159.220 ദിനാറുമാണ് കണ്ടുകെട്ടുക.
മയക്കുമരുന്ന് കച്ചവടവും പണമിടപാടുകളും നടത്തുന്ന വലിയൊരു ക്രിമിനൽ ശൃംഖലയിലെ അംഗങ്ങളായിരുന്നു നാലുപേരുമെന്ന് അന്വേഷണത്തിൽ വ്യക്തമായി.നെറ്റ്‌വർക്കിലെ ചിലർ മയക്കുമരുന്ന് വിൽപ്പന നടത്തുമ്പോൾ, മറ്റ് ചിലർ ഈ തുക സ്വീകരിക്കുകയും നിയമവിധേയമായ പണമെന്ന വ്യാജേന വിദേശത്തേക്ക് അയക്കുകയുമായിരുന്നു ചെയ്തത്.
പബ്ലിക് പ്രോസിക്യൂഷനിലെ ഡ്രഗ് ക്രൈംസ് യൂണിറ്റും നാഷണൽ ഫിനാൻഷ്യൽ ഇന്റലിജൻസ് സെന്ററും സംയുക്തമായി നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പണമിടപാടുകളുടെ ഉറവിടവും റൂട്ടും തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ഫിനാൻഷ്യൽ ആൻഡ് മണി ലോണ്ടറിംഗ് ക്രൈംസ് പ്രോസിക്യൂഷൻ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും തുടരന്വേഷണം നടത്തുകയുമായിരുന്നു.
പ്രതികളുടെ ഫോണുകളിൽ നിന്ന് മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള സന്ദേശങ്ങളും ശബ്ദരേഖകളും പണമിടപാട് രേഖകളും പൊലീസ് കണ്ടെടുത്തു. തെളിവുകൾ സഹിതം ചോദ്യം ചെയ്തതോടെയാണ് ക്രിമിനൽ സംഘത്തിന്റെ പണമിടപാടുകൾ പുറത്തുവന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ രാജ്യത്തുനിന്ന് ശാശ്വതമായി നാടുകടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

