'പുതുയുഗ കേരള'ത്തിലും പ്രവാസികൾക്ക് അവഗണന മാത്രം- പ്രവാസി വെൽഫെയർ ബഹ്റൈൻ
text_fieldsമനാമ: വലിയ പ്രതീക്ഷകളോടെ പ്രവാസ ലോകം കാത്തിരുന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റ്, പ്രവാസികളെ പാടേ അവഗണിക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ, തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ നൽകിയ വലിയ വാഗ്ദാനങ്ങളും പ്രവാസികളെ സംബന്ധിച്ച സ്വപ്നങ്ങളും ബജറ്റിൽ പൂർണ്ണമായി നിഷേധിക്കപ്പെട്ടു. 'പുതുയുഗ കേരള'ത്തിന്റെ വികസന രൂപരേഖയിൽ പ്രവാസികൾക്ക് ഒരിടവുമില്ലെന്ന് അടിവരയിടുന്ന സമീപനമാണ് ബജറ്റിലൂടെ വ്യക്തമാകുന്നത്.
ദീർഘനാളായുള്ള ആവശ്യമായ പ്രവാസി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കൽ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്കുള്ള പുനരധിവാസ പാക്കേജുകൾ എന്നിവയൊന്നും പരിഗണിച്ചതേയില്ല. 'പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്' രൂപീകരിക്കുമെന്ന പൊള്ളയായ പരാമർശത്തിനപ്പുറം പ്രവാസികളുടെ ജീവിത സുരക്ഷയ്ക്കായി യാതൊന്നും വകയിരുത്തിയിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
ബജറ്റിലെ കാരുണ്യ, ശ്രുതിതരംഗം, ക്യാൻസർ സുരക്ഷ തുടങ്ങിയ ക്ഷേമപദ്ധതികൾ കാര്യക്ഷമമാക്കാനുള്ള തീരുമാനവും മലപ്പുറത്തെ ആധുനിക ക്യാൻസർ സെന്റർ ഉൾപ്പെടെയുള്ള ആരോഗ്യരംഗത്തെ പ്രഖ്യാപനങ്ങളും സാധാരണക്കാർക്ക് ആശ്വാസകരമാണ്. 'ഫ്യൂച്ചർ റെഡിനെസ്സ് തിങ്ക് ടാങ്ക്', വയനാട് ട്രൈബൽ സർവ്വകലാശാല, തൊഴിലവസരങ്ങൾക്കായുള്ള 'ഗ്ലോബൽ ജോബ് വാച്ച് ടവർ' എന്നിവയും പുതിയ റവന്യൂ ജില്ലകൾക്കായുള്ള പഠനവും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ പദ്ധതികൾക്കായി വകയിരുത്തിയ തുക സമഗ്ര വികസനത്തിന് അപര്യാപ്തമാണ്.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ മലബാർ ജില്ലകൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് കടുത്ത വിവേചനമാണ്. പുതിയ റവന്യൂ ജില്ലാ രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കണം എന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആലപ്പുഴയെ 'ബ്ലൂ ഇക്കോണമി' തലസ്ഥാനമാക്കൽ, 'മിഷൻ സമുദ്ര' തുടങ്ങിയ ബൃഹദ് പദ്ധതികൾ തീരദേശ ജനതയെ എങ്ങനെ ബാധിക്കുമെന്നതിൽ തുറന്ന ചർച്ച വേണം. കടലാക്രമണ ഇരകൾക്കായി സമഗ്ര പാക്കേജ് ഇല്ലാത്തത് നിരാശാജനകമാണ്.
അതോടൊപ്പം ആദിവാസി ഊരുകളിലെ പട്ടിണി മാറ്റാനോ, ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് കൃഷിഭൂമി ഉറപ്പാക്കാനോ ബജറ്റിൽ ഫണ്ടില്ല എന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സ്കോളർഷിപ്പുകളും ഇ-ഗ്രാന്റുകളും സമയബന്ധിതമായി വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം വേണം സർക്കാർ തന്നെ പുറത്തിറക്കിയ ധവളപത്രത്തിന്റെ അടിസ്ഥാനത്തിൽ ധൂർത്തും ദുർവ്യയവും കുറയ്ക്കാനും ചിലവ് ചുരുക്കൽ കർശനമായ ഭരണനയമായി സ്വീകരിക്കാനും തയ്യാറാകണം. ബജറ്റ് പ്രഖ്യാപനങ്ങൾ വെറും കടലാസ്സിൽ ഒതുങ്ങാതെയും ചുവപ്പുനാടയിൽ കുരുങ്ങാതെയും നടപ്പിലാക്കാനുള്ള കാര്യനിർവഹണ ജാഗ്രത മന്ത്രിസഭ കാണിക്കണമെന്നും പ്രവാസി വെൽഫെയർ ബഹ്റൈൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

