പവിഴദ്വീപിലുദിച്ച ചെന്താരകം
text_fieldsബഹ്റൈൻ സന്ദർശന വേളയിൽ
വി.എസ് (ഫയൽ) z സത്യൻ പേരാമ്പ്ര
മനാമ: സമരപോരാട്ടത്തിന്റെ വിപ്ലവ സൂര്യന് അന്ത്യാഞ്ജലി. ഒരു നൂറ്റാണ്ടു കഴിഞ്ഞ വിജയഗാഥക്ക് 102ൽ വിരാമം. കേരള മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, പാർട്ടി സെക്രട്ടറി എന്നി വിശിഷ്ട പദവികൾ അലങ്കരിച്ച വി.എസിന്റെ വിയോഗത്തിൽ ലോക മലയാളികൾ ജ്വലിക്കുന്ന സ്മരണകൾ പ്രകടിപ്പിക്കുകയാണ്. അപവാദ പ്രചാരണങ്ങൾക്കും പത്മവ്യൂഹങ്ങൾക്കുമപ്പുറം പോരാളിയായി തുടർന്നിരുന്ന വി.എസ്, പ്രായം തളർത്തുന്നതുവരെ കേരളത്തിന്റെ കാവലാളായി അടിസ്ഥാനവർഗ പോരാളിയായി കലഹിച്ചുകൊണ്ടേയിരുന്നു. പാർട്ടിക്കുള്ളിലെ വീര്യമുള്ള പാർട്ടി നേതാവായിരുന്നു എക്കാലവും അദ്ദേഹം.
തുറന്ന ജീപ്പിൽ ഇന്ത്യൻ സ്കൂളിൽ ഒരുക്കിയ വേദിയിലേക്ക് വരുന്ന വി.എസ് (ഫയൽ)
2015 ഡിസംബർ 18ന് ബഹ്റൈൻ സന്ദർശന വേളയിൽ വി.എസ് തീർത്ത ഓളം ഇന്നും പലരുടെയും ഓർമകളിൽ ജ്വലിച്ചുനിൽക്കുന്നുണ്ട്. എയർപോർട്ടിൽ വന്‍ സ്വീകരണമായിരുന്നു അദ്ദേഹത്തിന് നൽകിയത്. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയായിരുന്നു വി.എസിന്റെ വരവ്.
ആളാരവങ്ങൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ ഇന്ത്യൻ സ്കൂളിന്റെ മുറ്റത്തേക്ക് രംഗപ്രവേശം ചെയ്ത വി.എസിനെ ബഹ്റൈൻ പ്രവാസികൾ മറന്നിട്ടില്ല. 15 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മറ്റൊരു ഗൾഫ് രാജ്യത്ത് അന്ന് വി.എസ് എത്തുന്നത്.
ബഹ്റൈന്‍ ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റി രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു വി.എസ് ബഹ്റൈനിൽ ആദ്യമായെത്തിയത്. ഡിസംബർ 18 വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുപരിപാടിയിൽ പ്രസംഗിച്ച വി.എസ് ശനിയാഴ്ച വൈകീട്ട് ഏഴിന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രതിഭയൊരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ആയിരങ്ങളുടെ സാന്നിധ്യത്തിൽ വേദിയെയും സദസ്സിനെയും പ്രകമ്പനം കൊള്ളിച്ച വാക്കുകളുമായി വി.എസ് അന്ന് ജ്വലിച്ചുനിന്നിരുന്നു.
രണ്ടുദിവസത്തെ സന്ദർശനത്തിനുശേഷം ശനിയാഴ്ച രാത്രി വി.എസ് ബഹ്റൈനോട് യാത്ര പറഞ്ഞെങ്കിലും പവിഴദ്വീപിലെ പ്രവാസി മനസ്സുകളിൽ അന്ന് വി.എസ് തീർത്ത വിപ്ലവം ഇന്നും അലയടിക്കാറുണ്ടെന്നതാണ് സത്യം.ആ വിപ്ലവ സൂര്യന്റെ വിയോഗത്തിന്റെ വേദനയിൽ തീവ്രസ്മരണകളാൽ ഓർത്തെടുക്കുകയാണ് ബഹ്റൈനിലെ പ്രവാസി സംഘടനകൾ.
വി.എസ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ജീവിച്ച നേതാവ്- ഡോ. ബി. രവിപിള്ള
കൊല്ലം റാവിസ് ഹോട്ടൽ ഉദ്ഘാടന വേളയിൽ വി.എസ്. അച്യുതാനന്ദനെ
ഡോ. ബി. രവിപിള്ള ആദരിക്കുന്നു (ഫയൽ)
കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി.എസ്. അച്യുതാനന്ദൻ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. ഐക്യകേരളം രൂപവത്കരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ്. അദ്ദേഹവുമായി വളരെയേറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ഒരു വ്യക്തികൂടിയാണ് ഞാൻ. എന്റെ കൊല്ലത്തെ സംരഭത്തിന്റെ ഉദ്ഘാടനത്തിന് അപ്രതീക്ഷിതമായി അദ്ദേഹം പങ്കെടുത്തത് എനിക്ക് വളരെയേറെ സന്തോഷം നൽകിയിരുന്നു. ഇന്നും ആ മുഹൂർത്തം ഞാൻ കൃതജ്ഞതയോടെയാണ് ഓർക്കാറുള്ളത്.
രവി പിള്ള ഫൗണ്ടേഷന്റെ കാരുണ്യരവം പദ്ധതിക്ക് അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരള ജനതയോടൊപ്പം എനിക്ക് വ്യക്തി പരമായും തീരാ നഷ്ടമാണ്. ഈ അവസരത്തിൽ എന്റെയും ആർ.പി. ഗ്രൂപ് ഓഫ് കമ്പനീസിന്റെയും ദുഃഖാർഥമായ അനുശോചനം അറിയിക്കുന്നു.
ആധുനിക കേരള ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരം- ബഹ്റൈൻ പ്രതിഭ
പുന്നപ്ര വയലാറിന്റെ സമര ഭൂമിയിൽ നിന്ന് മതികെട്ടാനിലേക്ക് ഓടിക്കയറി ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരമാണ് വി.എസ്. എന്ന് ബഹ്റൈൻ പ്രതിഭ. കണ്ണേ കരളെ എന്ന് കേരളം അദ്ദേഹത്തെ വെറുതെ വിളിച്ചതല്ല. കേരള ജനതയുടെ ഒടുങ്ങാത്ത സമരവീര്യം നിശ്ചയ ദാർഢ്യത്തോടെ അക്ഷരാർഥത്തിൽ കൈകളിലേന്തുകയായിരുന്നു വി.എസ്. കേരളത്തിലെ മുഖ്യമന്ത്രിയായി നിന്നവരിൽ നൂറ് വയസ്സ് പിന്നിട്ട ആദ്യ വ്യക്തിത്വം കൂടിയാണ് സഖാവ് വി.എസ്. നിരാലംബർക്കും, സാധാരണക്കാർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നാനാ വിഭാഗം ജനവിഭാഗങ്ങൾക്കും എന്നുവേണ്ട പരിസ്ഥിതി, സ്വതന്ത്ര സോഫ്റ്റ് വെയർ ഉൾപ്പെടെയുള്ള പുതിയകാല രാഷ്ട്രീയ മുദ്രാവാക്യങ്ങൾ അർഥമറിഞ്ഞു ഏറ്റെടുത്ത് മറ്റുള്ളവരെക്കൊണ്ട് നിലപാട് എടുപ്പിച്ചും സ്വന്തം നിലപാടുകൾ പുതുക്കി പ്പണിഞ്ഞും മാതൃകയായിരുന്നു വി.എസ്. അഴിമതിക്കും വർഗീയതക്കും എതിരെ സമാനതകളില്ലാത്ത സമരങ്ങൾ നയിച്ച് നിലപാടുകൾ പുതുക്കിപ്പണിയുക മാത്രമല്ല, കാലാനുസൃതമായി സ്വയം നവീകരിക്കുകയും, ജനകീയ സമരങ്ങൾ ഏറ്റെടുത്ത് അത് വിപുലമാക്കി അതുവഴി താനുൾപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും എതിർ മുന്നണിയുടെ പോലും നിലപാടുകളെ സ്വാധീനിക്കുകയും തിരുത്തുകയും ചെയ്തു. 2015 ൽബഹ്റൈൻ നൽകിയസ്വീകരണവും ആ സന്ദർശനം കൊണ്ട് പ്രവാസിയായ മലയാളികളെയാകെ ത്രസിപ്പിച്ചതും ഇത്തരുണത്തിൽ പ്രതിഭ ഓർത്ത് പോകുന്നു. തന്റെ നൂറ്റൊന്നാം വയസ്സിൽ മൺമറഞ്ഞ കർമയോഗിയായ വിപ്ലവകാരിയുടെ അത്യുജ്ജ്വല സ്മരണക്ക് മുന്നിൽ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം നമ്രശിരസ്കരായി അനുശോചനം രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ് -ഫ്രൻഡ്സ് അസോസിയേഷൻ
വി.എസ്. സ്വജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവായിരുന്നുവെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. മുഖ്യധാരാ രാഷ്ട്രീയത്തിൽ നേതൃപരമായ പങ്കുവഹിച്ചപ്പോഴും പൗരരാഷ്ട്രീയത്തെയും അതുന്നയിക്കുന്ന മുദ്രാവാക്യങ്ങളെയും ഉൾക്കൊള്ളാനും ജനവികാരങ്ങളോടൊപ്പം നിൽക്കാനും സാധിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ മനുഷ്യത്വ പരമായ നിലപാട് സ്വീകരിക്കുകയും കക്ഷി രാഷ്ട്രീയത്തിന്റെ പരമ്പരാഗത വഴികളിൽനിന്ന് വേറിട്ട വഴി സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. താനുൾക്കൊണ്ട ആശയത്തിൽ അണുവിട വ്യതിചലിക്കാതെ നിലകൊള്ളുന്നതോടൊപ്പം മറുപക്ഷത്തെ ശരികളോട് നീതിപുലർത്താനും കഴിഞ്ഞ അപൂർവം നേതാക്കളിൽ ഒരാളായിരുന്നു സഖാവ് വി.എസ് പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകരണീയമായ ഒട്ടേറെ മാതൃകകളാണ് അദ്ദേഹം പകർന്ന് നൽകിയിട്ടുള്ളത്.
അതിശക്തമായി നിലകൊണ്ട നേതാവ് -കെ.എം.സി.സി
വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു.വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ മ്യൂല്യച്യുതിയുണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വരമുയര്‍ത്തി. സി.പി.ഐ.എമില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു വി.എസ് എന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ജനകീയ നേതാവ് - ഒ.ഐ.സി.സി
കേരള രാഷ്ട്രീയ ചരിത്രത്തിലെ അന്യം മറക്കാനാകാത്ത വ്യക്തിത്വമാണ് വിഎസ്. ശുദ്ധമായ രാഷ്ട്രീയതയും ജനകീയമായ നിലപാടുകളും അദ്ദേഹം എപ്പോഴും നിലനിർത്തി. ദീർഘകാലം സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണിയിൽനിന്നു പ്രവർത്തിച്ച അദ്ദേഹം, കര്‍മനിഷ്ഠയും നിസ്വാര്‍ത്ഥതയും കൊണ്ട് എല്ലാരുടെയും സ്നേഹവും ബഹുമാനവും നേടിയെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുസ്മരിച്ചു. വി.എസിന്റെ ജീവിത രീതികളും, നിലപാടുകളും ഒരു കമ്യൂണിസ്റ്റുകാരന് സ്വന്തം ജീവിതത്തിൽ പകർത്താൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു. ജനകീയ സമരങ്ങളുടെ മുഖം ആയിരുന്നു വി.എസ് എന്നും ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.
എതിർപ്പുകൾ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കാട്ടിയ ധൈര്യം ആയിരുന്നു ജനങ്ങളുടെ ഇടയിൽ വി.എസിനെ സ്വീകാര്യനാക്കിയത് എന്നും ബഹ്റൈൻ ഒ.ഐ.സി.സി അനുസ്മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.