ഒടുവിൽ ഹാനി കണ്ടു! കൈപിടിച്ചുയർത്തിയ ആ മനുഷ്യനെ
text_fieldsഹാനിയും ഡേവിസ് മാത്യുവും ചൂരൽമലയിൽ ഹാനിയുടെ വീട് നിന്ന സ്ഥലത്ത്
മനാമ: വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഹാനിയെ ഒടുവിൽ നേരിട്ട് കണ്ട് കരുതലായി കൂടെ നിന്ന ഡേവിസ് മാത്യു. സ്നേഹ ലാളനയുടെയും പരിഗണനയുടെയും സ്നേഹപ്പുണരൽ കണ്ടുനിന്നവരെ ശരിക്കും കണ്ണീരിലാഴ്ത്തി. ഹാനിയുടെ വീട് നിന്നിടം ഇന്ന് ശൂന്യമാണ്. ഒരു ചുമർപാളി പോലും ഓർമകൾക്കായി ബാക്കിയാക്കാതെ മണ്ണുപുതഞ്ഞുപോയിട്ടുണ്ട്. ആ മൺതിട്ടകളിൽ ഹാനിയെയും ചേർത്തുപിടിച്ച് ഡേവിസ് ഒരുപാട് നേരം ചെലവഴിച്ചു. ദുരിതം പെയ്തിറങ്ങിയ രാവിൽ ഒലിച്ചുപോയ ഹാനിയുടെ ജീവിത സുഖങ്ങളെ കാരുണ്യത്തിന്റെ കരുതലോടെ നെയ്തെടുക്കാൻ ഡേവിസ് മാത്യു മുന്നോട്ട് വന്നത് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഹാനിയെക്കുറിച്ച് അറിഞ്ഞ ആ സമയത്താണ്. ഉമ്മുമ്മയൊഴികെ കുടുംബാംഗങ്ങളെയെല്ലാം മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട 15കാരൻ മുഹമ്മദ് ഹാനിയുടെ വാർത്ത മാധ്യമങ്ങളിലൂടെയറിഞ്ഞാണ് ഡേവിസ് മാത്യു പഠനച്ചെലവുകൾ ഏറ്റെടുത്തത്. ചളിക്കുണ്ടിലാണ്ട ഉമ്മുമ്മയെ രക്ഷപ്പെടുത്തിയത് ഹാനിയായിരുന്നു.
കൺമുന്നിൽ കുടുംബാംഗങ്ങളെല്ലാം ഒലിച്ചുപോകുന്നത് കാണേണ്ടിവന്ന ഹാനിക്ക് ഇരിങ്ങാലക്കുട സ്വദേശിയും 44 വർഷമായി ബഹ്റൈൻ പ്രവാസിയുമായ ഡേവിസ് മാത്യുവിന്റെ കാരുണ്യം ഏറെ സഹായകമായിരുന്നു. തനിക്ക് വാഗ്ദാനം ചെയ്ത വിദ്യാഭ്യാസ സഹായം തന്നെപ്പോലെ അനാഥനായ കൂട്ടുകാരൻ സഞ്ജിത് യൂസുഫിനുംകൂടി പങ്കുവെച്ചോട്ടെയെന്ന് അന്ന് ഡേവിസിനോട് ഹാനി ചോദിച്ചിരുന്നു.
കൂട്ടുകാരന്റെ പ്ലസ് ടു വരെയുള്ള പഠനച്ചെലവുകൾകൂടി ഏറ്റെടുക്കാൻ തയാറാണെന്ന് ഹാനിയുടെ വിദ്യാഭ്യാസച്ചെലവുകൾക്കായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത അദ്ദേഹം അന്ന് ഹാനിക്ക് ഉറപ്പു കൊടുത്തിരുന്നു. ആ കരുതലിന്റെ പുണരലിനാണ് കഴിഞ്ഞ ദിവസം ചൂരൽമല സാക്ഷിയായത്. വയനാട് ദുരന്തത്തിന് ശേഷം ആദ്യമായാണ് ഡേവിസ് അവധിക്കായി നാട്ടിലേക്ക് പോയത്. നാട്ടിലെത്തുമ്പോൾ വന്നു കാണുമെന്ന് വിളിക്കുമ്പോഴെല്ലാം ഹാനിക്ക് ഡേവിസ് ഉറപ്പും നൽകിയിരുന്നു. ആ ഉറപ്പാണ് ഡേവിസ് നടപ്പാക്കിയത്. സഹോദരങ്ങളെയും കൂട്ടുകാരെയും കൂട്ടിയാണ് ഡേവിസ് വയനാട്ടിലേക്ക് ഹാനിയേയും അവന്റെ കൂടുംബക്കാരെയും കാണാൻ പോയത്. കൂടെ മൈഗ്രന്റ് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ (മിക്ക) അംഗങ്ങളും ഉണ്ടായിരുന്നു.
ചൂരൽമലയിലെത്തിയ ഡേവിസും സംഘവും ഹാനിക്കും കുടുംബത്തിനുമൊപ്പം
ഹാനിയെയും കൂട്ടുകാരനെയും കൂടാതെ ദുരിത ബാധിതരായ മറ്റു നാലു കുട്ടികൾക്കും ഡേവിസിന്റെ നേതൃത്വത്തിൽ പഠന സഹായം നൽകുന്നുണ്ട്.സഫ്രിയ പാലസിൽ ഗാർഡൻ ലാൻഡ്സ്കേപ് മാനേജറായി ജോലി ചെയ്യുന്ന ഡേവിസ് മാത്യു തൊമ്മാന എന്ന ഡേവിസ് ഇരിങ്ങാലക്കുട പുല്ലൂർ ഊരകം സ്വദേശിയാണ്. ഭാര്യ റോസ്ലി രണ്ടുവർഷം മുമ്പാണ് മരിച്ചത്. ഭാര്യയുടെ സ്മരണ നിലനിർത്താനായി നാട്ടിൽ കുടിവെള്ള പദ്ധതിക്കായി ഡേവിസ് ഭൂമി വിട്ടുനൽകിയിരുന്നു.ദുരന്തമുഖം ഹാനിയുടെ മനസ്സിലിന്നുമുണ്ടെന്നാണ് ഡേവിഡ് പറയുന്നത്. അവന് വളരണം, ജീവിക്കണം, ജയിക്കണം. നഷ്ടപ്പെട്ട ജീവിത സുഖങ്ങളെയും സന്തോഷങ്ങളെയും തിരികെ നൽകണം. അതിനുള്ള കരുത്തായി ഞാനുണ്ടാവുമെന്ന വാക്ക് മാത്രമാണ് അദ്ദേഹം ഹൃദയംകൊണ്ട് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.