ബഹ്റൈനിൽ അയക്കൂറ നിരോധനം; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ
text_fieldsമനാമ: രാജ്യത്തിന്‍റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി അയക്കൂറക്ക് (കിങ്ഫിഷ്) രണ്ട് മാസത്തെ നിരോധനം ഏർപ്പെടുത്തി ബഹ്റൈൻ. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്‍റെ തീരുമാന പ്രകാരം ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം നില നിൽക്കും.ഈ കാലയളവിൽ വല ഉപയോഗിച്ച് കിങ്ഫിഷിനെ പിടിക്കുന്നതിനും വിപണികളിലും പൊതു സ്ഥലങ്ങളിലും വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
പ്രജനന കാലയളവിൽ മത്സ്യത്തെ സംരക്ഷിക്കുക, മത്സ്യസമ്പത്ത് വർധിപ്പിക്കുക, മത്സ്യബന്ധനം നിയന്ത്രിക്കുക, അമിതമായ ചൂഷണം തടയുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. സമുദ്ര സമ്പത്തിന്റെ സംരക്ഷണം സംബന്ധിച്ച 2002ലെ നിയമത്തെയും, ഗൾഫ് സഹകരണ കൗൺസിലിന്‍റെ (ജി.സി.സി) പ്രമേയത്തെയും അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. നിയമലംഘനം തടയുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് അറിയിച്ചു.
കിങ്ഫിഷിന് പുറമെ ഞണ്ട്, ചെമ്മീൻ, ഷേരി, സാഫി, അൻഡാക് തുടങ്ങിയ മറ്റ് ചില കടൽ ജീവികൾക്കും ബഹ്‌റൈനിൽ സീസണൽ നിരോധനങ്ങൾ നിലവിലുണ്ട്. ഈ നിരോധനം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വാർഷിക നിരോധനം പൂർണ്ണമായി നടപ്പാക്കുന്നതിന് പകരം, മത്സ്യബന്ധനം ഒരു നിശ്ചിത തലത്തിൽ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം തങ്ങളുടെ ജോലിയും തുടരാൻ സഹായിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.