ഈന്തപ്പന ഉത്സവത്തിന്റെ ആറാം പതിപ്പിന് കൊടിയിറക്കം
text_fieldsഈന്തപ്പന ഫെസ്റ്റിവലിൽ നിന്ന്
മനാമ: ഈന്തപ്പന ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന് ഹൂറത്ത് ആലിയിൽ കൊടിയിറക്കം. ജൂലൈ 31 മുതൽ ആഗസ്റ്റ് രണ്ട് വരെ ഫാർമേഴ്സ് മാർക്കറ്റിൽ നടന്ന ഫെസ്റ്റിവലിൽ സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകളാണ് സന്ദർശകരായെത്തിയത്. വാർഷിക സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിൽ ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് ഫാർമേഴ്സ് മാർക്കറ്റ് ഡിപ്പാർട്മെന്റിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ബഹ്റൈൻ ഈത്തപ്പഴങ്ങളുടെ വൈവിധ്യം മേളയിൽ ദർശിക്കാൻ കഴിഞ്ഞിരുന്നു. ദശലക്ഷം ഈന്തപ്പനകളുടെ നാട് എന്നാണ് ബഹ്റൈൻ അറിയപ്പെടുന്നത്, ഈത്തപ്പഴം മാത്രമല്ല മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫെസ്റ്റ്. ഈന്തപ്പനയോലകൊണ്ട് നിർമിക്കുന്ന കൊട്ടകൾ, കരകൗശല വസ്തുക്കൾ എന്നിവ കാഴ്ചക്കാരെ പഴമയുടെ പൈതൃകത്തിലേക്കാനയിച്ചു. ഇലകളിൽനിന്ന് പൂമ്പൊടി ചുരണ്ടി ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ഐസ്ക്രീം, കോഫി മിശ്രിതം, ഹൽവ, മധുരപലഹാരങ്ങൾ തുടങ്ങി ഈത്തപ്പഴം കൊണ്ട് നിർമിച്ച നിരവധി വസ്തുക്കൾ മേളയിലുണ്ടായിരുന്നു.
സ്വന്തം ഫാമിൽ ഉൽപാദിപ്പിച്ച ഈത്തപ്പഴത്തിന് പുറമേ വിവിധ തരം പച്ചക്കറികളും പഴങ്ങളും മേളയെ കൂടുതൽ ആകർഷകമാക്കി. ഖലാസ്, സുക്കരി, മുബാഷറ, ഖവാജ, ഗർറ, മെർസിബാൻ എന്നിങ്ങനെ 200 ലധികം ഈത്തപ്പഴ ഇനങ്ങൾ വ്യത്യസ്ത രൂപങ്ങളിലും രുചികളിലും ഇവിടെ ലഭ്യമായിരുന്നു. അറുപതിലധികം കർഷകരാണ് മേളയിൽ പങ്കെടുത്തത്. കുട്ടികൾക്ക് കളിക്കാനാവശ്യമായ ഇടവും ഭക്ഷണ കൗണ്ടറുകളും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. പ്രാദേശിക കർഷകരെയും ചെറുകിട ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയായിരുന്നു ഈ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.