ബഹ്റൈൻ തീരങ്ങളിൽ വില്ലനായി െജല്ലിഫിഷ്
text_fieldsമനാമ: ബഹ്റൈനിലെ തീരങ്ങളിൽ വില്ലനായി ജെല്ലിഫിഷിന്റെ സാന്നിധ്യം. രാജ്യത്തെ വിവിധ കടൽഭാഗങ്ങളിലും ജനസാന്നിധ്യമുള്ള ബീച്ച് ഓരങ്ങളിലും നിലവിൽ ജെല്ലിഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. വേനൽക്കാലത്താണ് ഇവ ക്രമാതീതമായി വർധിക്കുക. കടലിലെ ജലത്തിന്റെ താപനില വർധിക്കുന്നത് ജെല്ലിഫിഷുകൾ പെരുകാൻ അനുകൂലമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.കരയോടടുത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വർധിച്ചതും ഇവയുടെ എണ്ണം കൂട്ടുന്നതായാണ് പറയപ്പെടുന്ന്. ജെല്ലിഫിഷുകളെ ഭക്ഷിക്കുന്ന കടലാമകൾ, ചിലതരം മത്സ്യങ്ങൾ തുടങ്ങിയവയുടെ എണ്ണം കുറഞ്ഞതും വർധനക്കിടയാക്കുന്നു. ഈ മൂന്ന് ഘടകങ്ങളും ഒരുമിക്കുമ്പോഴാണ് ജെല്ലിഫിഷ് ബ്ലൂംസ് എന്ന പ്രതിഭാസമുണ്ടാകുന്നത്. അതായിരിക്കാം ബഹ്റൈന്റെ തീരങ്ങളിലും സംഭവിക്കുന്നതെന്നാണ് വിലയിരുത്തൽ.
ജെല്ലിഫിഷുകളെ സ്പർശിക്കുന്നതും അതിന്റെ ആക്രമണത്തിനിരയാകുന്നതും കഠിനമായ വേദനക്കും അസ്വസ്ഥതക്കും കാരണമാകും. അതിനാൽ, ബീച്ചുകളിൽ കുളിക്കാൻ പോകുന്നവർ അതിജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവയുടെ ആക്രമണമേറ്റാലുടൻ ശുദ്ധജലം ഉപയോഗിച്ച് കഴുകുകയോ വൈദ്യസഹായം തേടുകയോ ചെയ്യണം.ജെല്ലിഫിഷുകളുടെ സാന്നിധ്യം അറിയിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ തീരങ്ങളിൽ ഉണ്ടെങ്കിൽ ശ്രദ്ധ പുലർത്തണം. ബീച്ചിൽ ഇറങ്ങുന്നതിന് മുമ്പ് സുരക്ഷാജീവനക്കാരുമായി ആശയവിനിമയം നടത്തണം. കുട്ടികളെ കടലിലിറക്കുന്നതും ശ്രദ്ധിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.