ജനവിധി; പ്രവാസലോകത്തും ആഘോഷം
text_fieldsദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വിജയാഘോഷങ്ങളുമായി ഐക്യജനാധിപത്യ മുന്നണി അനുകൂല പ്രവാസി കൂട്ടായ്മകൾ. തിങ്കളാഴ്ച പുലർച്ചെ ഖത്തർ സമയം രാവിലെ ആറോടെ നാട്ടിൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ ആവേശം കൊടുമുടിയേറി. വോട്ടെണ്ണൽ തുടങ്ങുന്ന നിമിഷം മുതൽ സ്മാർട്ട് ഫോണുകളിലും ടെലിവിഷൻ സ്ക്രീനുകളിലും കണ്ണും നട്ടിരിക്കുകയായിരുന്നു പ്രവാസികൾ. ജോലിക്കായി ഓഫിസുകളിലേക്ക് പുറപ്പെടും മുമ്പേ തന്നെ ചിത്രം വ്യക്തമായി തുടങ്ങി. ജോലി സ്ഥലങ്ങളിലും താമസകേന്ദ്രങ്ങളിലും പ്രവാസികൾ ഒത്തുകൂടിയാണ് ഫലമറിഞ്ഞത്.
അതേസമയം, തത്സമയ ഫലം അറിയാൻ പ്രത്യേക ക്രമീകരണങ്ങൾ ഇൻകാസ് ഖത്തർ, കെ.എം.സി.സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ന്യൂ സലാത്തയിലെ മോഡേൺ എഡ്യൂക്കേഷൻ സെന്ററിൽ ക്യു.യു.ഡി.എഫിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണവും ഒരുക്കി. പ്രിയപ്പെട്ട സ്ഥാനാർത്ഥികൾ ലീഡ് ഉയർത്തുമ്പോൾ കൈയടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രവർത്തകർ അന്തരീക്ഷം ആവേശഭരിതമാക്കി. തങ്ങളുടെ മുന്നണി ലീഡ് നില ഉയർത്തിയതോടെ വലിയ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും കടന്നു. ഫലം വ്യക്തമായതോടെ വൈകുന്നേരങ്ങളിൽ ആഘോഷങ്ങളും സംഘടിപ്പിച്ചു. പ്രവർത്തകർ കേക്ക് മുറിച്ചും പായസവും മധുരവും വിതരണം ചെയ്തും വിജയം ആഘോഷമാക്കി. തുടർ ദിവസങ്ങളിൽ കൂടുതൽ വിപുലമായ വിജയാഘോഷ പരിപാടികൾ ഇൻകാസ്, കെ.എം.സി.സി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

