യൂസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ് ചെയർമാൻ ഖാലിദ് മുഹമ്മദ് കാനൂ അന്തരിച്ചു
text_fieldsഖാലിദ് മുഹമ്മദ് കാനു
മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായ പ്രമുഖനും സാമൂഹിക പ്രവർത്തകനുമായ യൂസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഓർമയായത്. 1941ൽ മനാമയിൽ ജനിച്ച ഖാലിദ് കാനൂ, കൊമേഴ്‌സിൽ ഉപരിപഠനം നടത്തി. തുടർന്ന് അമേരിക്കയിൽ അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കി.
1969ൽ കുടുംബത്തിന്‍റെ ബിസിനസിൽ പ്രവേശിച്ച അദ്ദേഹം, 1995ൽ മാനേജിങ് ഡയറക്ടറായി. പിന്നീട് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു. 1890ലാണ് കാനൂ ഗ്രൂപ് സ്ഥാപിതമായത്. വ്യാപാരം, യാത്ര, ഷിപ്പിങ്, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലേക്ക് ഖാലിദ് മുഹമ്മദ് കാനൂവിന്‍റെ നേതൃത്വത്തിൽ പിന്നീട് ഗ്രൂപ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
വ്യാപാര മേഖലയിൽ മാത്രമല്ല, ബഹ്‌റൈനിലെ ദേശീയ സ്ഥാപനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ചെയർമാനായും, ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് അംഗമായും, ബഹ്‌റൈൻ മോണിറ്ററി ഏജൻസി (ഇപ്പോഴത്തെ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ) ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലും ഖാലിദ് കാനൂവിന്റെ സംഭാവനകൾ വലുതാണ്. ഹാർവാർഡ് യൂനിവേഴ്‌സിറ്റിയുടെ ജോസ്ലിൻ ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗൾഫ് ഡയബറ്റിസ് സ്പെഷ്യലിസ്റ്റ് സെന്റർ സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു. പ്രമേഹ ചികിത്സക്കും ഗവേഷണത്തിനുമായി രാജ്യത്ത് ആദ്യമായി ഒരു പ്രത്യേക സ്ഥാപനം ഒരുക്കിയതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഇന്നലകളെ ആധുനിക കാഴ്ചപ്പാടുകളുമായി സമന്വയിപ്പിച്ച് ബഹ്‌റൈന്റെ വളർച്ചക്ക് സംഭാവന നൽകിയ ഖാലിദ് മുഹമ്മദ് കാനൂ, ഔദാര്യത്തിന്റെയും പുരോഗതിയുടെയും ദേശീയ സേവനത്തിന്റെയും പ്രതീകമായി എന്നും ഓർമിക്കപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.