കിങ് ഫഹദ് കോസ്വേ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് നിർദേശം
text_fieldsമനാമ: കിങ് ഫഹദ് കോസ്വേയിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നിർദേശവുമായി സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ്. ഗൾഫ് മേഖലയിൽ ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണിത്. ബഹ്റൈനിലെ ഏറ്റവും തിരക്കേറിയ പ്രവേശനകവാടമായ കിങ് ഫഹദ് കോസ്വേയിൽ തന്നെ സ്ഥാപിക്കുന്നതിലൂടെ കൂടുതൽ പേർക്ക് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. നിർദേശം മന്ത്രിസഭക്കും പാർലമെന്റിനും ശൂറ കൗൺസിലിനും സമർപ്പിച്ചു.
രാജ്യത്തുടനീളമുള്ള ബാപ്കോ ടാസീഡ് പ്രവർത്തിപ്പിക്കുന്ന പെട്രോൾ സ്റ്റേഷനുകളിലും പ്രത്യേകിച്ച് പ്രധാന ഹൈവേകളിലും ഇന്റർസിറ്റി റൂട്ടുകളിലും ചാർജറുകൾ സ്ഥാപിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ബഹ്റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കോസ്വേ, ജി.സി.സിയിലെതന്നെ ഏറ്റവും തിരക്കേറിയ കരമാർഗങ്ങളിലൊന്നാണ്. ദീർഘദൂര കര റൂട്ടുകളിൽ ചാർജിങ് ഓപ്ഷനുകൾ ഇല്ലാത്തത് മേഖലയിലുടനീളമുള്ള നിരവധി യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഇലക്ട്രിക് വാഹനയാത്ര വെല്ലുവിളി നിറഞ്ഞതാക്കിയതായി അബ്ദുല്ലത്തീഫ് ചൂണ്ടിക്കാട്ടി.
നിലവിൽ ഇ.വി വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും 2035 ഓടെ മേഖലയിൽ വലിയ രീതിയിൽ വ്യാപിക്കാനിടയുണ്ട്. അതിനാൽ കിങ് ഫഹദ് കോസ്വേ പോലുള്ള പ്രധാന ബോർഡറുകളിൽ ഇ.വി ചാർജിങ് സജ്ജീകരിച്ച് ഇപ്പോൾതന്നെ തയാറെടുപ്പുകൾ ആരംഭിക്കണമെന്ന് പ്രാദേശിക മാധ്യമത്തോട് സംസാരിക്കവേ അബ്ദുല്ലത്തീഫ് പറഞ്ഞു.
നിർദേശത്തെ പിന്തുണച്ച പാർലമെന്റിന്റെ സാമ്പത്തികകാര്യസമിതി ചെയർമാൻ എം.പി. അഹമ്മദ് അൽ സല്ലൂം പദ്ധതിയുടെ സാധ്യത വിലയിരുത്തിവരുകയാണെന്ന് സ്ഥിരീകരിച്ചു. പദ്ധതി നടപ്പാക്കുകയാണെങ്കിൽ, ഒരു അന്താരാഷ്ട്ര കോസ്വേയിൽ ഇ.വി ചാർജിങ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ജി.സി.സി രാജ്യങ്ങളിൽ ഒന്നായി ബഹ്റൈൻ മാറും. സാധ്യതയുള്ള സ്ഥലങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പങ്കാളിത്തങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദമായ വിലയിരുത്തൽ തുടർന്ന് നടക്കും. മികച്ച ഗതാഗത സംവിധാനത്തിലേക്കുള്ള ചുവടുവെപ്പായി ഇതിനെ കാണുന്ന പരിസ്ഥിതി പ്രവർത്തകരിൽനിന്നും ഡ്രൈവർമാരിൽനിന്നും നിർദേശത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.