ലോകത്തിലെ ഏറ്റവും ശക്തമായ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ മലേഷ്യ; ബഹ്‌റൈന് അഞ്ചാം സ്ഥാനം
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ലോകത്തിലെ ഏറ്റവും ശക്തമായ ഇസ്ലാമിക സമ്പദ്‌വ്യവസ്ഥകളിൽ ബഹ്‌റൈന് അഞ്ചാം സ്ഥാനം. പുതിയ ഡിനാർ സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം 81.9 പോയിന്റ് നേടിയാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്. ഇസ്ലാമിക് ഫിനാൻസ് മേഖലയിൽ രാജ്യത്തിന്റെ ശക്തമായ നിലപാടുകളാണ് ഈ നേട്ടത്തിന് പ്രധാന കാരണം. പുതിയ നിയമനിർമാണങ്ങൾ, സ്വകാര്യ മേഖലയ്ക്കുള്ള പ്രോത്സാഹനങ്ങൾ, നൈപുണ്യ വികസനത്തിനുള്ള നിക്ഷേപം, ടൂറിസം, വ്യവസായ മേഖലകളിലെ വളർച്ച എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹ്‌റൈന്‍റെ വൈവിധ്യപൂർണമായ സമ്പദ്‌വ്യവസ്ഥയെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
165.1 പോയിന്റോടെ മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇസ്ലാമിക് ഫിനാൻസ്, ഹലാൽ വ്യവസായങ്ങൾ, കുടുംബ ടൂറിസം എന്നിവയിലെ മികച്ച പ്രകടനമാണ് മലേഷ്യയെ മുന്നിലെത്തിച്ചത്. സൗദി അറേബ്യ 100.9 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വരുമാന സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'വിഷൻ 2030' പദ്ധതികളാണ് സൗദിയുടെ ഈ മുന്നേറ്റത്തിന് പിന്നിൽ. മതപരമായ ടൂറിസം, വിനോദം, വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയും സൗദിയുടെ വളർച്ചയ്ക്ക് കാരണമായി.
99.9 പോയിന്റോടെ ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തും 95.8 പോയിന്റോടെ യു.എ.ഇ നാലാം സ്ഥാനത്തുമെത്തി. വലിയ ആഭ്യന്തര വിപണിയും ഹലാൽ ഉത്പന്നങ്ങളുടെ കയറ്റുമതിയുമാണ് ഇന്തോനേഷ്യയുടെ നേട്ടത്തിന് പിന്നിൽ. ടൂറിസം, പുതിയ ഇസ്ലാമിക് ബാങ്കിങ് സേവനങ്ങൾ എന്നിവയാണ് യു.എ.ഇയുടെ വളർച്ചയ്ക്ക് സഹായകമായത്.
ബഹ്‌റൈന് പിന്നിൽ, ജോർഡൻ (71.4 പോയിന്റ്) ആറാം സ്ഥാനത്തും കുവൈത്ത് (67 പോയിന്റ്) ഏഴാം സ്ഥാനത്തുമെത്തി. പാകിസ്താൻ (64.1 പോയിന്റ്), തുർക്കിയ (64 പോയിന്റ്), ഖത്തർ (60.4 പോയിന്റ്) എന്നിവ യഥാക്രമം എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങൾ നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.