മതപരമായ ആവശ്യങ്ങൾക്കായുള്ള ഫണ്ട് ശേഖരണം കർശനമാക്കി ജസ്റ്റിസ് മന്ത്രാലയം
text_fieldsമനാമ: ബഹ്റൈനിൽ മതപരമായ ആവശ്യങ്ങൾക്കായി ഫണ്ട് ശേഖരിക്കുന്നത് നിയന്ത്രിക്കുന്നതിനായി ജസ്റ്റിസ്, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നാല് പുതിയ മന്ത്രിതല ഉത്തരവുകൾ പുറത്തിറക്കി. ഔദ്യോഗിക ഗെസറ്റിലാണ് ഈ ഉത്തരവുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മതപരമായ ആവശ്യങ്ങൾക്കായി ഫണ്ട് ശേഖരിക്കാനുള്ള ലൈസൻസ് അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഓഫീസ് സ്ഥാപിക്കാൻ ആദ്യ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.
ഈ ഓഫീസ് അപേക്ഷകളും ഫണ്ട് എന്തിനാണ് ചെലവഴിക്കുന്നത് എന്നതിന്റെ വിവരങ്ങളും സ്വീകരിക്കുകയും, ശേഖരിച്ച തുകയുടെ ഉപയോഗം നിയമപരമാണോ എന്ന് പരിശോധിച്ച് നിരീക്ഷിക്കുകയും ചെയ്യും. ചട്ടങ്ങൾ ലംഘിക്കുന്ന ഫണ്ടുകൾ പിടിച്ചെടുക്കാനും പൊതുനന്മയ്ക്കായി വിനിയോഗിക്കാനും ഈ ഓഫീസിന് അധികാരമുണ്ടായിരിക്കും.
രണ്ടാമത്തെ ഉത്തരവ് പ്രകാരം ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തും. ലൈസൻസില്ലാതെ ഫണ്ട് പിരിക്കുന്നവർക്കും ചട്ടങ്ങൾ ലംഘിക്കുന്നവർക്കും 10 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴ ലഭിക്കാം. കൃത്യമായ രേഖകളും ഫിനാൻഷ്യൽ റിപ്പോർട്ടുകളും സൂക്ഷിക്കാത്തവർക്കും, പരിശോധനകൾ തടസ്സപ്പെടുത്തുന്നവർക്കും 10 ദിനാർ മുതൽ 3,000 ദിനാർ വരെയാണ് പിഴ ചുമത്തുക.
ഇതിനുപുറമെ, ഫണ്ട് ശേഖരണത്തിനുള്ള അപേക്ഷാ ഫോമുകൾ, ബാങ്ക് അൗണ്ടുകളിൽ നിന്ന് തുക പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയും പുതിയ ഉത്തരവിലൂടെ അംഗീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

