മുഹറഖ് മുനിസിപ്പാലിറ്റി കസ്റ്റമർ സർവിസ് സെന്റർ കേന്ദ്രീകൃത സേവന കേന്ദ്രമാകും
text_fieldsമുഹറഖിലെ കസ്റ്റമർ സർവിസ് സെന്റർ അധികൃതർ സന്ദർശിക്കുന്നു
മനാമ: മുഹറഖ് മുനിസിപ്പാലിറ്റി കസ്റ്റമർ സർവിസ് സെന്റർ മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിലെ താമസക്കാർക്കും സന്ദർശകർക്കുമുള്ള സേവനങ്ങളുടെ കേന്ദ്രീകൃത ഹബ്ബായി പ്രവർത്തിക്കുമെന്ന് മുനിസിപ്പൽ കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 17 ഞായറാഴ്ച മുതലാണ് ഈ പുതിയ സംവിധാനം നിലവിൽവരുന്നത്.
മുനിസിപ്പൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ കാര്യങ്ങളുടെ അണ്ടർസെക്രട്ടറി എൻജിനീയർ ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ നിലവിലെ സേവന കേന്ദ്രം തുടർന്നും പ്രവർത്തിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് രണ്ട് സ്ഥലങ്ങളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാൻ സാധിക്കും.മുനിസിപ്പൽ പ്രവർത്തനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കി നടപടിക്രമങ്ങൾ ലളിതമാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ശൈഖ് മുഹമ്മദ് വിശദീകരിച്ചു.
മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അലി അൽ ഖല്ലാഫിനൊപ്പം പുതിയ കേന്ദ്രം സന്ദർശിച്ച ശൈഖ് മുഹമ്മദ്, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളും ജീവനക്കാരുടെ സജ്ജീകരണങ്ങളും വിലയിരുത്തി. കേന്ദ്രത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം, മികച്ച സാങ്കേതിക സംവിധാനങ്ങൾ, വിദഗ്ധരായ ജീവനക്കാർ എന്നിവ ഒരു ഏകീകൃത മുനിസിപ്പൽ സേവന കേന്ദ്രം എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യം നിറവേറ്റാൻ സഹായിക്കും.
കൂടാതെ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ടാകും. മിക്ക മുനിസിപ്പൽ സേവനങ്ങളും ഇപ്പോൾ ഓൺലൈനായി ലഭ്യമാണെന്നും, ഇത് നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത കുറക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വിപുലപ്പെടുത്തുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.