ബഹ്റൈൻ മലയാളികൾക്ക് അഭിമാനമായി നികേത വിനോദ്
text_fieldsനികേത വിനോദ്
മനാമ: ബഹ്റൈൻ മലയാളികൾക്ക് അഭിമാനമായി കേരള വനിത ക്രിക്കറ്റ് ഓൾ റൗണ്ടർ നികേത വിനോദ്. കഴിഞ്ഞ നാലു വർഷമായി കേരള ടീമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർപേഴ്സനായ തൃശൂർ സ്വദേശിനി നികേത വിനോദ് 18 വർഷമായി ബഹ്റൈൻ പ്രവാസിയാണ്.
ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്ത് അവതാരികയായും നികേത ശ്രദ്ധേയയായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായും കേരള വനിത ക്രിക്കറ്റ് ടീം അംഗമായും തിളങ്ങിയ നികേത സ്കൂൾ പഠനകാലത്ത് മികച്ച അത് ലറ്റ് ആയിരുന്നു. തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തൃശൂർ വനിത ക്രിക്കറ്റ് ടീം സെലക്ഷനിൽ പങ്കെടുത്തു. പ്രീഡിഗ്രിക്ക് സ്പോർട്ട്സ് ക്വോട്ടയിൽ തൃശൂർ വിമല കോളജിൽ അഡ്മിഷൻ കിട്ടിയതോടെയാണ് ക്രിക്കറ്റിൽ സജീവമായത്.
പ്രീഡിഗ്രി, ഡിഗ്രി പഠന കാലയളവിൽ അഞ്ച് വർഷം കോളജിലെ വനിത ക്രിക്കറ്റ് ടീമിലെ പ്രധാനിയായി. സബ് ജൂനിയർ സംസ്ഥാന ടീമിൽ ക്യാപ്റ്റനായിരുന്ന നികേത അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം ക്യാപ്റ്റനുമായി. 2007ൽ ബഹ്റൈനിൽ എൻജിനീയറായി ജോലി ചെയ്യുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ വിനോദ് അളിയത്തിനെ വിവാഹം ചെയ്ത ശേഷം ബഹ്റൈനിലെത്തി. ഗായകൻകൂടിയായ വിനോദിനൊപ്പം ബഹ്റൈനിലെ കലാ സാംസ്കാരിക വേദികളിൽ അവതാരികയായി നികേതയും നിറഞ്ഞുനിന്നു. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, വിവിധ അസോസിയേഷനുകൾ എന്നിവ നടത്തുന്ന പരിപാടികളിൽ അവതാരകയായിരുന്നു.
പത്മഭൂഷൻ ഹരിഹരൻ, ഉഷ ഉതുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, മധു ബാലകൃഷ്ണൻ, സിതാര, നരേഷ് അയ്യർ, ഗായത്രി തുടങ്ങി നിരവധി പേരുടെ സ്റ്റേജ് ഷോകളിൽ നികേത അവതാരകയായി. ബഹ്റൈൻ കേരളീയ സമാജം നടത്തിയ അംഗനശ്രീ 2019 മത്സരത്തിൽ ടൈറ്റിൽ വിന്നറായത് നികേതയാണ്.
കോവിഡ് മഹാമാരിയുടെ സമയത്ത് 2021ൽ നാട്ടിലേക്ക് പോയ നികേത വീണ്ടും വനിത ക്രിക്കറ്റ് രംഗത്ത് സജീവമായി. കേരള ക്രിക്കറ്റ് അസോസിയേഷനിൽ അപേക്ഷിച്ച് സീനിയർ ടീമിന്റെ നിരീക്ഷകയായി. പിന്നീടാണ് കേരള വനിത ക്രിക്കറ്റിന്റെ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ ആയത്.
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ അംഗങ്ങളായ മിന്നുമണി, സജന സജീവൻ, ആഷ ശോഭന, നജ് ല, ജോഷിത എന്നിവരടക്കമുള്ള പ്രതിഭകളായ താരങ്ങളുടെ നേട്ടവും വലിയ സന്തോഷം നൽകുന്നുണ്ടെന്നും നികേത പറഞ്ഞു. തൃശൂർ കോലഴി ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിനി നമ്രതയും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നിവേദ്യയും മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.