നോർക്ക കെയർ ഇൻഷുറൻസ് നിരക്ക് വർധന; പ്രവാസികൾക്കിടയിൽ വ്യാപക പ്രതിഷേധം
text_fieldsമനാമ: നോർക്ക കെയർ ഇൻഷുറൻസിന്റെ പുതിയ പ്രീമിയം നിരക്കുകളിലെ വൻ വർധനവിനെതിരെ പ്രവാസികൾക്കിടയിൽ അമർഷം ശക്തമാകുന്നു. മുൻ വർഷങ്ങളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഭീമമായ തുകയാണ് ഇത്തവണ പ്രീമിയം ഇനങ്ങളിൽ വർധിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, പോളിസികൾ പ്രായപരിധി മാനദണ്ഡമാക്കിയുള്ള സ്ലാബുകൾ നടപ്പിലാക്കിയതും പ്രവാസി കുടുംബങ്ങൾക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.
പുതിയ നിബന്ധനകൾ പ്രകാരം ‘ഫാമിലി’, ‘സെൽഫ് ഒൺലി’ വിഭാഗങ്ങളിലെല്ലാം നോർക്ക ഐ.ഡി കാർഡ് ഉടമയുടെ വയസ്സിനെ അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മുൻപ് 70 വയസ്സ് വരെയുള്ള പ്രവാസികൾക്ക് മാനദണ്ഡങ്ങളൊന്നുമില്ലാതെ നൽകിയിരുന്ന സ്ഥാനത്താണ് പുതിയ നീക്കം.
കഴിഞ്ഞ തവണ നോർക്ക ഐ.ഡി ഉള്ള പ്രവാസിക്കും പങ്കാളിക്കും 25 വയസ്സുവരെയുള്ള രണ്ട് കുട്ടികൾക്കും 5 ലക്ഷം രൂപയുടെ പ്രീമിയത്തിന് 13,411 രൂപ മാത്രമായിരുന്നു അടക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നിരക്കനുസരിച്ച് 5 ലക്ഷത്തിന്റെ ഫാമിലി പാക്കേജിൽ 18 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് 13,036 രൂപയും 31 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് 15,869 രൂപയുമാണ് തുക. 41 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് 21,964 രൂപയും 51 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് 35,664 രൂപയും അടക്കണം.
സെൽഫ് ഒൺലി വിഭാഗത്തിലും സമാനമായ വ്യത്യാസങ്ങളുണ്ട്. മുൻപ് 5 ലക്ഷത്തിന്റെ സെൽഫ് ഒൺലി പ്രീമിയത്തിന് 8,101 രൂപയായിരുന്നു തുകയെങ്കിൽ, നിലവിലെ പരിഷ്കരണത്തോടെ 18-30 പ്രായക്കാർക്ക് 7,736 രൂപ, 31-40 പ്രായക്കാർക്ക് 10,157 രൂപ, 41-50 പ്രായക്കാർക്ക് 14,036 രൂപ, 51-60 പ്രായക്കാർക്ക് 21,722 രൂപ, 61-70 പ്രായക്കാർക്ക് 28,326 രൂപ എന്നിങ്ങനെ വലിയ തുക അടക്കേണ്ടിവരും.
ഇത്തവണ പുതുതായി അവതരിപ്പിച്ച 3 ലക്ഷത്തിന്റെ സ്ലാബിലും പ്രായപരിധി തന്നെയാണ് അടിസ്ഥാനം. 3 ലക്ഷം രൂപയുടെ ഫാമിലി പാക്കേജിൽ 18-30 പ്രായക്കാർക്ക് 12,336 രൂപ, 31-40 പ്രായക്കാർക്ക് 12,736 രൂപ, 41-50 പ്രായക്കാർക്ക് 16,687 രൂപ, 51-60 പ്രായക്കാർക്ക് 24,386 രൂപ എന്നിങ്ങനെയാണ് ഫീസ്. മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തുന്ന സ്ലാബുകളിലും നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ ഉപേക്ഷിച്ച് നോർക്ക കെയറിലേക്ക് മാറിയ പ്രവാസികൾക്കാണ് നിരക്ക് വർധനവ് കനത്ത പ്രഹരമായിരിക്കുന്നത്. പല പ്രൈവറ്റ് കമ്പനികളും നിലവിലെ നോർക്ക പ്രീമിയത്തേക്കാൾ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് നൽകുന്നുണ്ടെന്നും, ഇത്രയും ഉയർന്ന എൻറോൾമെന്റ് ഫീ നൽകി പോളിസി പുതുക്കാൻ മിക്കവരും തയാറാവില്ലെന്നും പ്രവാസി സംഘടനകൾ വിലയിരുത്തുന്നു.
പ്രവാസികൾ സർക്കാറിൽ അർപ്പിച്ച പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്ന ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം. വരവിനേക്കാളേറെ ക്ലൈം തുക നൽകേണ്ടി വന്നത് ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടിയായതാണ് ഈ ഫീ വർധനവിന് കാരണമായി വിലയിരുത്തുന്നത്. 41 മുതൽ 75 വരെയുള്ള പ്രായപരിധിയിലുള്ളവരാണ് കഴിഞ്ഞ തവണ കൂടുതൽ തുക ക്ലൈം ചെയ്തത്.
മൊത്തം ക്ലൈം ചെയ്ത 213 കോടിയിൽ ഏകദേശം 127 കോടിയും ഈ പ്രായ പരിധിയിലുള്ളവർക്ക് വേണ്ടിയാണ് ചിലവഴിച്ചത്. അതുകൊണ്ടാണ് വയസ്സ് അടിസ്ഥാനത്തിൽ സ്ലാബുകൾ തിരിച്ചതെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി. കൂടാതെ ജി.എസ്.ടി കിഴിവ് ലഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അത് നടപ്പിലായാൽ 18 ശതമാനം വരെ കിഴിവുണ്ടായേക്കുമെന്നും അധികൃതർ വ്യക്തമാക്കി.

