പി. ജയചന്ദ്രൻ ഗാനമേള കേരളീയ സമാജത്തിൽ നാളെ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വസന്തകാലത്തിന്റെ ഓർമകളിലൂടെ’ എന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ രവി മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും. അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രന്റെ സ്മരണാർഥം നൽകുന്ന പി. ജയചന്ദ്രൻ മ്യൂസിക്കൽ അവാർഡും ജയചന്ദ്രൻ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമേളയും ഇതോടൊപ്പം നടക്കും.
മലയാള ഗാനരചനയുടെയും സംഗീതത്തിന്റെയും ചരിത്രപരമായ പല കൗതുകങ്ങളും പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പങ്കുവെച്ച് സംഗീതാസ്വാദകർക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് രവി മേനോൻ. മലയാള ഗാനങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തെക്കുറിച്ചും അവക്ക് പിന്നിലെ കഥകളെക്കുറിച്ചും അദ്ദേഹം സംസാരിക്കും.
ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മുഖാമുഖം പരിപാടിയിൽ പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി. കുറുപ്പ്, അർജുനൻ മാഷ്, ദേവരാജൻ, എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് രവി മേനോൻ സംസാരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് വൈകീട്ട് 7.30 മുതൽ നടക്കുന്ന പി. ജയചന്ദ്രൻ ഗാനമേളയിൽ പ്രശസ്ത പിന്നണി ഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള എന്നിവരും പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.