ഏഴ് വർഷമായി ഒാർമയില്ലാതെ കഴിയുന്ന മലയാളിയുടെ ബന്ധുക്കളെ കണ്ടെത്തി
text_fieldsമനാമ: കഴിഞ്ഞ ഏഴ് വർഷമായി സ്വന്തം പേര് പോലും ഒാർമയില്ലാത്ത നിലയിൽ ബഹ്റൈനിലെ ആശുപത്രിയിൽ കഴിഞ്ഞ പൊന്നൻ എന്ന പോൾ സേവ്യറിന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞു. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി കുടുംബത്തിലെ പരേതനായ സേവ്യറിന്‍റെയും പരേതയായ സിസിലി സേവ്യറിന്‍റെയും ആറു മക്കളിൽ മൂന്നാമനാണ് പൊന്നൻ. നാല് സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് ഇദ്ദേഹത്തിനുള്ളത്. മാതാവ് നാലു വർഷങ്ങൾക്കു മുമ്പ് മരിച്ചു. ദിവസങ്ങൾക്കു മുൻപ് അനുജൻ ജെൻസൺ എന്ന സെബാസ്റ്റ്യൻ സേവ്യറും മരണപ്പെട്ടു. ‘ഗൾഫ് മാധ്യമം’ ഏപ്രിൽ 19 നാണ് പൊന്നെന കുറിച്ചുളള വാർത്ത പുറത്തു കൊണ്ടുവന്നത്.
മൈത്രി സോഷ്യൽ അസോസിയേഷൻ ഭാരവാഹികളായ നിസാർ കൊല്ലവും സിയാദ് ഏഴംകുളവും ജൂറിയാട്രിക് സെന്‍ററിൽ മറ്റൊരു രോഗിയെ കാണാനെത്തിയപ്പോഴായിരുന്നു ഇവർ ആശുപത്രി ഡോക്ടർ അബ്ബാസിൽ നിന്ന് ഇദ്ദേഹത്തെ സംബന്ധിച്ച വിവരം അറിയാനിടയായത്. എന്നാൽ, സ്വന്തം പേരും നാടും ഒന്നും കൃത്യമായി പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പൊന്നൻ. ആശുപത്രി അധികൃതർക്കും കൂടുതൽ അറിയുമായിരുന്നില്ല. തുടർന്ന് ഇൗ സാമൂഹിക പ്രവർത്തകർ പൊന്നന്‍റെ വേരുകൾ കണ്ടെത്താൻ മുന്നിട്ടിറങ്ങിയതാണ് വഴിത്തിരിവ് ഉണ്ടാക്കിയത്.
2011 സെപ്തംബർ ഏഴിന് തലയിൽ ശക്തമായ മുറിവേറ്റ നിലയിലാണ് പൊന്നനെ ആദ്യം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചതെന്ന് രേഖകളിൽ പറയുന്നു. അസുഖം ഭേദമായപ്പോൾ ഉറ്റവരോ ഉടയവരോ ഇല്ലാത്തതിനാൽ അനാഥ രോഗികളെ ചികിത്സിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിൽ കൊണ്ടു വരികയായിരുന്നു. വാർത്ത വന്ന ശേഷം കൊയിലാണ്ടി സ്വദേശി നൗഷാദ് പൊന്നന്‍റെ യഥാർഥ പേര് പോൾ സേവ്യറാണെന്നും സ്ഥലം പള്ളുരുത്തിയാണെന്നും വെളിപ്പെടുത്തി. ഇതും ബന്ധുക്കളെ കണ്ടെത്താൻ സഹായകമായി.
ബഹ്റൈൻ പ്രതിഭ നേതാവ് പി.ടി നാരായണൻ മുഖ്യമന്ത്രിക്ക് 'ഗൾഫ് മാധ്യമം' വാർത്ത സഹിതം പൊന്നന്‍റെ ബന്ധുക്കളെ അന്വേഷിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പരാതി അയച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷിക്കാൻ നോർക്കയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ ആഫീസ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനിടയിലാണ് പൊന്നെന കുറിച്ചുള്ള വാർത്തകൾ കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. 1978 ൽ 18-ാം വയസ്സിൽ കപ്പൽ മാർഗമാണ് പൊന്നപ്പൻ ബഹ്റൈനിലെത്തിയത് എന്ന് നാട്ടിലുള്ളവർ പറയുന്നു. മനാമയിലുള്ള ഒരു റസ്റ്റോറന്‍റിലേക്ക് കുടുംബ സുഹൃത്ത് വഴി ജോലിക്കെത്തിയതായിരുന്നു.
തുടർന്ന് രണ്ടു വർഷത്തിനു ശേഷം സ്പോൾൺസറിൽ നിന്നും പാസ്പോർട്ട് കിട്ടാതെയായതാണ് നാട്ടിലേക്കുള്ള യാത്ര തടസപ്പെട്ടത്. 2001ലാണ് അവസാനമായി പൊന്നപ്പൻ കുടുംബവുമായി ബന്ധപ്പെട്ടത്. പോൾ സേവ്യറിന്റെ മടങ്ങി വരവിനെ കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നിരുന്നാലും കുടുംബത്തിന്റെ സാമ്പത്തിക പരാധീനത, ഒാർമ നഷ്ടമായ സേവ്യറിനെ ചികിത്സിക്കുന്നതിന് തടസമാകുമോ എന്നാണ് അവരുടെ ആശങ്ക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.