ബഹ്റൈനിലെ വിദേശതൊഴിലാളികളുടെ അവകാശ സംരക്ഷണം: എൽ.എം.ആർ.എയുടെ പുതിയ പദ്ധതികളും നടപടികളും
text_fieldsസൗഊദ് അബ്ദുല്ല യതീം, പരാതി പരിഹാര കേന്ദ്രം ഡയറക്ടർ,
എൽ.എം.ആർ.എ
ബഹ്റൈനിലെ വിദേശതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളികളെയും തൊഴിലുടമകളെയും നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും സമഗ്ര നടപടികളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) രംഗത്തുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനും വ്യാജ ഏജൻസികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എൽ.എം.ആർ.എ നടപ്പാക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് എൽ.എം.ആർ.എയുടെ സംരക്ഷണ പരാതി പരിഹാര കേന്ദ്രം ഡയറക്ടർ സൗഊദ് അബ്ദുല്ല യതീം ‘ഗൾഫ്മാധ്യമവുമായി’ സംസാരിക്കുന്നു.
നിയമ ബോധവത്കരണവും സുരക്ഷയും
വിദേശ തൊഴിലാളികളെയും തൊഴിലുടമകളെയും തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, കരാർപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് ബോധവത്കരിക്കുന്നതിന് എൽ.എം.ആർ.എ വ്യക്തമായതും സമഗ്രമായതുമായ സമീപനം സ്വീകരിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചൂഷണത്തിൽനിന്ന് അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ പ്രതിരോധ ശ്രമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത് എൽ.എം.ആർ.എയുടെ പാർട്ണർഷിപ്പ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടറേറ്റ് ആണ്. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്ന ചുമതല ഇവർക്കാണ്. സമാന്തരമായി, പ്രിവന്റീവ് മോണിറ്ററിങ് ഡയറക്ടറേറ്റും പ്രൊട്ടക്ഷൻ ആൻഡ് ഗ്രീവൻസസ് സെന്ററും ദൈനംദിന ഇടപെടലുകളിലൂടെയും പ്രത്യേക സംരംഭങ്ങളിലൂടെയും ബോധവത്കരണം ഉറപ്പാക്കുന്നു. ഈ ശ്രമങ്ങൾ ഒരുമിച്ച് പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് നല്ല അറിവുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
‘ഒരുമിച്ച് പ്രവർത്തിക്കുക’ എന്ന സംരംഭം, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് വികസിപ്പിച്ച പോസ്റ്റ്-അറൈവൽ ഓറിയന്റേഷൻ പ്രോഗ്രാം, ഡിപ്ലോമാറ്റിക് മിഷനുകളുമായും സിവിൽ സൊസൈറ്റി സംഘടനകളുമായും സഹകരിച്ചുള്ള ബോധവത്കരണ സെഷനുകൾ എന്നിവ വാണിജ്യ, ഗാർഹിക തൊഴിലാളികളെ ലക്ഷ്യമിട്ട് എൽ.എം.ആർ.എ അവതരിപ്പിച്ച ബോധവത്കരണ സംരംഭങ്ങളാണ്. ഇവക്ക് കൂടുതൽ പിന്തുണ നൽകുന്നത് ആക്സസ് ചെയ്യാവുന്ന ബഹുഭാഷാ മെറ്റീരിയലുകൾ, മാർഗനിർദ്ദേശവും പിന്തുണയും വാഗ്ദാനം ചെയ്യുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ (+973 995), തുടർച്ചയായ പ്രവർത്തനക്ഷമത എന്നിവയാണ്. ഇത് ന്യായവും സുരക്ഷിതവും സന്തുലിതവുമായ തൊഴിൽ അന്തരീക്ഷത്തോടുള്ള എൽ.എം.ആർ.എയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ശമ്പളം വൈകിയാൽ നിയമനടപടികൾ
പ്രവാസി ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എൽ.എം.ആർ.എ പ്രതിജ്ഞാബദ്ധമാണ്. ശമ്പളം വൈകിയാൽ, തൊഴിലാളികൾക്ക് പ്രവാസി സംരക്ഷണ കേന്ദ്രം (ഇ.പി.സി) സന്ദർശിക്കാം. തൊഴിലാളികൾക്ക് കേസുകൾ ഫയൽ ചെയ്യാനുള്ള സഹായം, ആവശ്യമായ രേഖകൾ പരിഭാഷപ്പെടുത്തുക, അവർക്ക് വേണ്ടി കേസുകൾ (ഒരു തൊഴിൽ അല്ലെങ്കിൽ സിവിൽ തർക്കം (പെർമിറ്റിന്റെ തരം അനുസരിച്ച്)) ഫയൽ ചെയ്യുക, തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുടർച്ചയായ ഫോളോ-അപ്പ് നൽകുക എന്നിവ ഇ.പി.സി വഴി നിങ്ങൾക്ക് ഉറപ്പാക്കുന്നുണ്ട്.
വ്യാജ ഏജൻസികൾക്കെതിരെ കർശന നടപടി
റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതും നിയന്ത്രിക്കുന്നതും എൽ.എം.ആർ.എ ആണ്. തൊഴിലാളികളെയും തൊഴിലുടമകളെയും തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൽ.എം.ആർ.എ പതിവായി പരിശോധനകൾ നടത്തുന്നുണ്ട്. ലൈസൻസുള്ള ഏജൻസികളുടെ ലിസ്റ്റ് എൽ.എം.ആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്. ലൈസൻസ് റദ്ദാക്കിയ ഏജൻസികളുടെ വിവരങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയ വഴിയും പങ്കുവെക്കാറുണ്ട്. എങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്വന്തം സംരക്ഷണത്തിനായി ലൈസൻസുള്ളതും സുതാര്യതയുള്ളതുമായ ഏജൻസികളുമായി മാത്രം ഇടപെടണമെന്നുമാണ് ഞങ്ങളുടെ അഭ്യർഥന.
നിയമലംഘനങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക
എൽ.എം.ആർ.എ മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനാ കാമ്പയിനുകൾ രാജ്യത്തുടനീളം നടത്താറുണ്ട്. താമസക്കാർ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനും മത്സരാധിഷ്ഠിതവും നീതിയുക്തവുമായ തൊഴിൽ വിപണി നിലനിർത്തുന്നതിനും വേണ്ടിയാണിത്. നിയമം പാലിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ബഹ്റൈനിലെ തൊഴിൽ, താമസനിയമങ്ങൾ കർശനമായി പാലിക്കുക, എൽ.എം.ആർ.എ വെബ്സൈറ്റ് വഴിയോ എക്സ്പാറ്റ് പ്രൊട്ടക്ഷൻ സെൻറർ വഴിയോ നിയമപരമായ പ്രശ്നങ്ങൾ നിങ്ങളുടെ പേരിലുണ്ടോ എന്ന് പതിവായി പരിശോധിക്കുക, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നൽകിയിട്ടുള്ള ഗ്രേസ് പീരിയഡിനുള്ളിൽ തിരുത്തുക എന്നിവ എല്ലാവരും പിന്തുടരേണ്ടതും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
ഭാവിപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും
പുരോഗമനപരമായ നിയമ ചട്ടക്കൂടിലൂടെയും സുസ്ഥിരമായ പരിപാടികളിലൂടെയും വിദേശികളുടെ ക്ഷേമം എൽ.എം.ആർ.എ ഉറപ്പാക്കുന്നുണ്ട്. നിയമപരമായ മാർഗനിർദേശം, തർക്കങ്ങളിൽ സഹായം, ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ ഹോട്ട്ലൈൻ (995) എന്നിവയുടെ ചുമതല വഹിക്കുന്നത് എക്സ്പാറ്റ് പ്രൊട്ടക്ഷൻ സെൻറർ (ഇ.പി.സി) ആണ്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ നിയന്ത്രിക്കുന്ന അംഗീകൃത ധനകാര്യ ദാതാക്കൾ വഴി, തൊഴിലുടമകൾ സമയബന്ധിതമായി ശമ്പളം നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യമേഖലയുമായി സഹകരിച്ച്, പ്രവാസി ജീവനക്കാർക്ക് ഒരു ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പറും (ഐബാൻ) സൗജന്യ മൊബൈൽ സിം കാർഡും നൽകിവരുന്നു. ഡിജിറ്റൽ മാർഗങ്ങൾ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും തൊഴിൽവിപണിയിലെ ഉയർന്നുവരുന്ന വെല്ലുവിളികളെ മുൻകൈയെടുത്ത് പരിഹരിക്കുന്നതിനും എൽ.എം.ആർ.എ എപ്പോഴും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
വിവരങ്ങൾ എളുപ്പത്തിൽ നേടാനുള്ള സംവിധാനങ്ങൾ
തൊഴിലാളികൾക്ക് നിയമങ്ങളെക്കുറിച്ച് വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ എൽ.എം.ആർ.എയുടെ വിവിധ സപ്പോർട്ട് ചാനലുകൾ ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് (www.Imra.gov.bh) വഴി തൊഴിൽ നിയമങ്ങൾ, ചട്ടങ്ങൾ, അവകാശങ്ങൾ, കടമകൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ ഹോട്ട്ലൈൻ (995) ഒന്നിലധികം ഭാഷകളിൽ 24/7 ലഭ്യമാണ്. 995@Imra.gov.bh എന്ന ഇ-മെയിൽ വിലാസത്തിലും ഇത് ലഭ്യമാണ്. അന്വേഷണങ്ങൾക്കും നേരിട്ടുള്ള സഹായത്തിനും കോൾ സെന്റർ (17506055) വഴിയും ബന്ധപ്പെടാം.
സർക്കാർ നിർദേശങ്ങളും പരാതികളും സമർപ്പിക്കാനുള്ള സംവിധാനമായി തവാസുലും പ്രവർത്തിക്കുന്നു. വിശ്വസനീയമായ വിവരങ്ങൾ, മാർഗനിർദേശം, സംരക്ഷണം എന്നിവ ഈ മാർഗങ്ങളിലൂടെ ആവശ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

