ബഹ്റൈൻ കോട്ടക്ക് സമീപം അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി
text_fieldsമനാമ: ബഹ്റൈൻ കോട്ടയ്ക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ‘ഹില്ല’ സൈറ്റിൽ നടന്ന് വരുന്ന ഉദ്ഖനനത്തിൽ 500 വർഷത്തിലേറെ പഴക്കമുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിച്ച ‘ആൻഷ്യന്റ് പോട്ടറി ക്വസ്റ്റ്’ എന്ന വാർഷിക പുരാവസ്തു സർവേയിലാണ് അപൂർവ്വമായ മൺപാത്ര കഷണങ്ങളും മറ്റ് ചരിത്രവശിഷ്ടങ്ങളും കണ്ടെത്തിയത്.
ഹില്ലത് അബ്ദുൽ സ്വാലിഹ് ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഹില്ല സൈറ്റിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന സർവേയിൽ സ്വദേശികളും പ്രവാസികളുമടങ്ങുന്ന മുപ്പതോളം പുരാവസ്തു പ്രേമികൾ പങ്കെടുത്തു. പുരാതന കാലത്തെ ഫൈൻ ചൈന പോർസലൈൻ കഷണങ്ങൾ, അപൂർവ്വ മൺപാത്ര ഭാഗങ്ങൾ, പുരാതന നാണയം, വർണ്ണാഭമായ ചില്ല് വളകളുടെ കഷണങ്ങൾ എന്നിവയാണ് വീണ്ടെടുത്തത്.
മണ്ണിലെ പ്രകൃതിദത്ത ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഉപരിതലത്തിൽ നിന്ന് മാത്രമാണ് ചരിത്രശേഷിപ്പുകൾ ശേഖരിച്ചത്. കണ്ടെത്തിയ പുരാവസ്തുക്കൾ ഭൂരിഭാഗവും ലേറ്റ് ഇസ്ലാമിക് കാലഘട്ടത്തിലേതാണെന്നും, ബഹ്റൈനിൽ നിർമ്മിച്ചവയ്ക്ക് പുറമെ പുരാതന ചൈനയിൽ നിന്നുള്ള മൺപാത്രങ്ങൾ അടക്കമുള്ളവ ഇവയിലുണ്ടെന്നും ബി.എ.സി.എ ആർക്കിയോളജി റിസർച്ചർ മഷാൽ അൽ ഷംസി പറഞ്ഞു.
ബഹ്റൈൻ കോട്ടയിൽ നിന്ന് ഏകദേശം 250 മീറ്റർ മാത്രം അകലെയുള്ള ഈ പ്രദേശം പുരാതന ഇസ്ലാമിക് കാലഘട്ടത്തിലെ താമസമേഖലയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വിദേശ ഗവേഷകർക്ക് പോലും ഏറെ പ്രയോജനപ്പെടുന്ന സുപ്രധാന തെളിവുകളാണ് ഈ സർവേയിലൂടെ ലഭിച്ചതെന്ന് ബി.എ.സി.എ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

