ഡെലിവറി വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റണമെന്ന് നിർദേശം
text_fieldsമനാമ: ബഹ്റൈനിലെ ഡെലിവറി കമ്പനികൾ രണ്ട് വർഷത്തിനുള്ളിൽ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റണമെന്ന നിർദേശവുമായി എം.പിമാർ. പാർലമെന്റ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗങ്ങളാണ് നിർദേശവുമായി രംഗത്തുവന്നത്.
കാർബൺ ബഹിർഗമനം കുറക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ബ്ലോക്ക് പ്രസിഡന്റും പാർലമെന്റിന്റെ സാമ്പത്തിക, കാര്യ സമിതി ചെയർമാനുമായ അഹമ്മദ് അൽ സല്ലൂമാണ് ഈ നിർദേശത്തിന് നേതൃത്വം നൽകുന്നത്. പദ്ധതി അംഗീകരിക്കപ്പെടുകയാണെങ്കിൽ, ബഹ്റൈനിലെ ലോജിസ്റ്റിക്സ്, ഡെലിവറി മേഖലയിലെ ഏറ്റവും വലിയ പരിസ്ഥിതി പരിഷ്കാരങ്ങളിൽ ഒന്നായി ഇത് മാറും. ബഹ്റൈൻ സർക്കാറിന്റെ ഊർജ പരിവർത്തന ശ്രമങ്ങളെ പിന്തുണക്കുക, പരിസ്ഥിതി സൗഹൃദ നിക്ഷേപം ആകർഷിക്കുക, പുക കുറക്കുക എന്നിവയും ഈ നിർദേശത്തിന് പിന്നിലുണ്ട്.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപത്തെ ഉത്തേജിപ്പിക്കുകയും ബിസിനസുകളുടെ ദീർഘകാല പ്രവർത്തന ചെലവ് കുറക്കുകയും നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അൽ സല്ലൂം ചൂണ്ടിക്കാട്ടി. ഇ.വി ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ, ഊർജ പദ്ധതികൾ, സുസ്ഥിര നഗര ആസൂത്രണം എന്നിവ വികസിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ ഈ പരിവർത്തനത്തിന് ശരിയായ അടിത്തറ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിയമം നടപ്പിലാക്കിയാൽ, ഡെലിവറി കമ്പനികൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് രണ്ട് വർഷത്തെ ന്യായമായ ഗ്രേസ് പിരീഡ് നൽകാമെന്ന് പാർലമെന്റിന്റെ നിയമനിർമാണ, നിയമകാര്യ സമിതി വൈസ് ചെയർമാൻ അലി അൽ ദോസരി വാദിച്ചു.
നികുതി ആനുകൂല്യങ്ങൾ, ഗ്രാന്റുകൾ, അല്ലെങ്കിൽ ഇലക്ട്രിക് വാഹന വാങ്ങലുകൾക്കുള്ള കുറഞ്ഞ പലിശ വായ്പകൾ എന്നിവയിലൂടെ ഈ മാറ്റം സുഗമമാക്കുന്നതിൽ സർക്കാരിന് പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലത്തിന് ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്. തുടർ അവലോകനത്തിനായി ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.