Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പോർട്ടർ ടിവിക്ക് നേരെയുണ്ടായത് മാധ്യമ അടിയന്തരാവസ്ഥ- ബഹ്‌റൈൻ പ്രതിഭ

text_fields
bookmark_border
റിപ്പോർട്ടർ ടിവിക്ക് നേരെയുണ്ടായത് മാധ്യമ അടിയന്തരാവസ്ഥ- ബഹ്‌റൈൻ പ്രതിഭ
cancel

മനാമ: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി ബഹ്‌റൈൻ പ്രതിഭ. കേസ് അന്വേഷണത്തിന്റെ മറവിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വ്യക്തമായ 'മാധ്യമ അടിയന്തരാവസ്ഥ'യാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ബുധനാഴ്ച പുലർച്ചെ അന്വേഷണത്തിന്റെ പേരിൽ ചാനൽ ഓഫീസിലെത്തിയ പൊലീസ് സംഘം, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് പകരം ന്യൂസ് ഡെസ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. ലൈവ് പ്രക്ഷേപണത്തിന് തയാറെടുത്ത മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും, ദൃശ്യങ്ങൾ പകർത്തി ഒന്നര മണിക്കൂറോളം ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദമാക്കാനുള്ള തരംതാഴ്ന്ന നീക്കമായേ കാണാൻ കഴിയൂ.

അന്വേഷണത്തിന്റെ പേരിലായാലും വാർത്ത പ്രക്ഷേപണം തടസ്സപ്പെടുത്തുകയും എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം നിലയ്ക്കാവുന്ന രീതിയിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോലീസ് രീതിയും ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത ഇത്തരം അമിതാധികാര പ്രയോഗങ്ങളും പൊലീസ് ഗുണ്ടായിസവും ഒരിക്കലും ന്യായീകരിക്കാനാകില്ല.

മോദി സർക്കാർ കേന്ദ്രത്തിൽ നടത്തുന്നതിന് സമാനമായി, മാധ്യമങ്ങൾ സ്തുതി പാടിയില്ലെങ്കിൽ അവരെ വേട്ടയാടുകയും സ്ഥാപനങ്ങൾ പൂട്ടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലും നടക്കുന്നത്. ഇത് അന്വേഷണമല്ല, മറിച്ച് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത മുഴുവൻ മാധ്യമങ്ങൾക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടപ്പിലാക്കുന്ന ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും കടന്നാക്രമണത്തിനും സർക്കാരും ആഭ്യന്തര വകുപ്പും മറുപടി പറയണം. ന്യൂസ് ഡെസ്കിൽ കയറി അതിക്രമം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും, മാധ്യമങ്ങളെ വേട്ടയാടുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഈ ജനാധിപത്യ വിരുദ്ധ നടപടിയെ അപലപിക്കുന്നുവെന്നും പ്രതിഭ ജനറൽ സെക്രട്ടറി വി.കെ സുലേഷും പ്രസിഡന്‍റ് കെ.വി മഹേഷും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reporter TV faces media emergency Bahraini talent
Next Story