സ്കൂൾ ബാഗ് കുട്ടികൾക്ക് താങ്ങാൻ കഴിയുന്നതാവണം; ആവശ്യവുമായി എം.പിമാർ
text_fieldsസ്കൂൾ വിദ്യാർഥി
മനാമ: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്കൂൾ ബാഗ് ഉപയോഗത്തിന് പുതിയ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്ന ആവശ്യവുമായി എം.പിമാർ. ഈ കാര്യത്തിൽ സൗദി അറേബ്യയെ മാതൃകയാക്കാൻ ബഹ്‌റൈനോട് ആഹ്വാനം ചെയ്തിരിക്കയാണ് എം.പിമാർ. സൗദിയിലെ മാനദണ്ഡങ്ങൾ ബഹ്‌റൈനിൽ നടപ്പാക്കുന്നതിന്റെ സാധ്യത പഠിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാർ പാർലമെൻറിൽ പ്രമേയം സമർപ്പിച്ചു.
പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂമാണ് പ്രമേയത്തിന് നേതൃത്വം നൽകിയത്. സ്‌കൂൾ ബാഗുകളുടെ ദുരുപയോഗം അല്ലെങ്കിൽ നിലവാരമില്ലാത്ത ഡിസൈൻ എന്നിവ കാരണം കുട്ടികൾക്ക് നട്ടെല്ലിനും പേശികൾക്കും ഉണ്ടാകാവുന്ന പരിക്കുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ സമഗ്രമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
നിർദേശങ്ങൾ
ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുത്, ശരീരത്തിന് അനുയോജ്യമായിരിക്കണം, നട്ടെല്ലിന് സംരക്ഷണം നൽകുന്നതിന് പാഡ് ചെയ്ത കോട്ടൺ സപ്പോർട്ട് ഉണ്ടായിരിക്കണം എന്നിവയാണ് പ്രധാന ശിപാർശകൾ. വിശാലവും മൃദുവുമായ ഷോൾഡർ സ്ട്രാപ്പുകൾ, ഭാരം തുല്യമായി വിതരണം ചെയ്യാൻ സഹായിക്കുന്ന ഒന്നിലധികം അറകൾ എന്നിവയുടെ പ്രാധാന്യവും മാർഗനിർദേശങ്ങളിൽ പറയുന്നു. ബാഗുകൾ ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതായിരിക്കണമെന്നും നിർദേശത്തിലുണ്ട്.
ബഹ്‌റൈൻ ഈ മാതൃക പിന്തുടരണമെന്നും, കുട്ടികളുടെ ആരോഗ്യത്തിന് മറ്റെന്തിനേക്കാളും മുൻഗണന നൽകണമെന്നും അൽ സല്ലൂം പറഞ്ഞു. 'ഒരു വിദ്യാർഥി ദിവസവും ചുമക്കുന്ന സ്കൂൾ ബാഗ് അവരുടെ പുറത്തിന് ദോഷകരമാകുന്നുണ്ടെങ്കിൽ, നയരൂപകർത്താക്കളും സമൂഹമെന്ന നിലയിലും നമ്മൾ പരാജയപ്പെടുകയാണെന്നും' അദ്ദേഹം പറഞ്ഞു. സൗദി മാതൃക പ്രായോഗികവും ശാസ്ത്രീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നട്ടെല്ലിനും ശരീരനിലയ്ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ചികിത്സിക്കാൻ നമ്മൾ ലക്ഷക്കണക്കിന് ദിനാറുകളാണ് പിന്നീട് ചെലവഴിക്കുന്നത്. ഈ മാനദണ്ഡങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നതിലൂടെ പണം മാത്രമല്ല, നമ്മുടെ ഭാവി തലമുറയുടെ ക്ഷേമവും നമുക്ക് സംരക്ഷിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൈംടേബിളുകൾ ക്രമീകരിക്കാനും ഓരോ ദിവസവും വിദ്യാർഥികൾ കൊണ്ടുപോകേണ്ട പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കാനും സ്കൂളുകൾ സഹകരിക്കണമെന്ന് ഞങ്ങൾ ശിപാർശ ചെയ്യുമെന്ന് ഡോ. അൽ ദഈൻ പറഞ്ഞു. സൗദി അറേബ്യയിലേതിന് സമാനമായ മാർഗനിർദേശങ്ങൾ പുറത്തിറക്കാനും മാതാപിതാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ബോധവൽക്കരണ പരിപാടികൾ ആരംഭിക്കാനും ബഹ്‌റൈനിലെ വിദ്യാഭ്യാസ മന്ത്രാലയം ആരോഗ്യ വിദഗ്ധരുമായും സ്കൂൾ അധികൃതരുമായും സഹകരിച്ച് പ്രവർത്തിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഈ പ്രമേയം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അവലോകനത്തിനായി സേവന സമിതിക്ക് കൈമാറിയിട്ടുണ്ട്. സൗദി അറേബ്യയിലെ ദമ്മാം നഗരത്തിലെ 300 വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ, സ്കൂൾ ബാഗിന്റെ ഭാരവും കുട്ടികളിലെ തോളുവേദനയും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്കൂൾ കുട്ടികൾക്ക് ഭാരം കൂടിയ ബാഗുകൾ ചുമക്കുന്നത് തടയുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ പഠനം അധികാരികളോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.